
ഇറ്റലിയിലെ മിലാനിൽ നിന്നാണ് ഗലീലിയോ ഗലീലി എന്ന യുഗപ്രഭാവന്റെ പാദമുദ്രകൾ തേടിയുള്ള എന്റെ യാത്ര ആരംഭിച്ചത്. ട്രെയിനിൽ ലൊംബാർഡിയിലെ സമതലങ്ങൾ പിന്നിട്ടപ്പോൾ, ഗലീലിയോ തന്റെ ജീവിതകാലത്ത് ഈ വഴികളിലൂടെ കുതിരവണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ടാകില്ലേ എന്ന് ഞാൻ ചിന്തിച്ചു. പാദുവ, വെനീസ്, ഫ്‌ളോറൻസ് വഴി പിസയിൽ അവസാനിച്ച യാത്രയിൽ എന്റെ മനസ് ഗലീലിയോയുടെ കാലഘട്ടത്തിലേക്കു പോയി.
ഇരുൾപരക്കുന്ന വേളയിൽ ആകാശത്തു തെളിയുന്ന ജ്യോതിർഗോളങ്ങളുടെ അസ്തിത്വം ടെലിസ്‌കോപ്പിലൂടെ ആദ്യം തിരിച്ചറിഞ്ഞ ഗലീലിയോയെ സ്വാധീനിച്ച ഇടങ്ങളും നിരീക്ഷണോപകരണങ്ങളും തന്റെ കണ്ടെത്തലുകൾ രേഖപ്പെടുത്തിയ കൃതികളും കണ്ടറിയാൻ ഞാൻ പാദുവയിലെത്തിയത് വേനൽക്കാലത്താണ്. പ്രശാന്തസുന്ദരമായ ആ പട്ടണം ആധുനികശാസ്ത്രത്തിന്റെ പിറവിക്കു സാക്ഷ്യം വഹിച്ച ഇടമാണ്. ഇറ്റലിയിലെ മറ്റുനഗരങ്ങളിലെപ്പോലുള്ള തിരക്ക് അവിടെ കാണാൻ കഴിഞ്ഞില്ല. ഗലീലിയോയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ പതിനെട്ട് വർഷങ്ങൾ ചെലവഴിച്ചതും തന്റെ മാനവിക ദൗത്യമെന്തെന്ന് വ്യക്തമായി തിരിച്ചറിഞ്ഞതും ഇവിടെയായിരുന്നു.
സത്യങ്ങളുടെ
മഹാഗോപുരം
ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഗലീലിയോ ടവർ കഠിനപ്രയത്നത്തിലൂടെ പ്രപഞ്ച സത്യങ്ങൾ ഒരോന്നായി ചുരുളഴിച്ചതിന്റെ സൂചകമായി തോന്നി. 1222-ൽ സ്ഥാപിതമായ പാദുവ സർവകലാശാലയിലെ പഠനഹാളുകൾ ഗലീലിയോ ശാസ്ത്രം പഠിപ്പിച്ചിരുന്ന കാലത്തെ സ്മരിപ്പിക്കുന്നു. ആകാശം ഭൂമിയെ ചുറ്റുകയല്ല, മറിച്ച് ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് അദ്ദേഹം ആവേശത്തോടെ വിവരിക്കുന്നത് ഞാൻ ഭാവനയിൽ കണ്ടു.
ഗലീലിയോ ടവർ അഥവാ 'സ്‌പെക്കോള" സന്ദർശിച്ചതായിരുന്നു യാത്രയിലെ ഏറ്റവും വികാരാധീനമായ നിമിഷം.
1609-ലെ ഒരു തണുത്ത രാത്രിയിൽ തന്റെ സ്വയം നിർമ്മിത ദൂരദർശിനി ആകാശത്തേക്കു തിരിച്ച് ചന്ദ്രനിലെ പർവതങ്ങളും കുഴികളും, ശുക്രന്റെ വിവിധ ഘട്ടങ്ങളും, വ്യാഴത്തിന്റെ ഉപഗ്രഹങ്ങളും കണ്ടെത്തിയത് ഇവിടെവച്ചാണെന്ന് കരുതപ്പെടുന്നു. തന്റെ വസതിയിലായിരുന്നു നിരീക്ഷണങ്ങൾ നടത്തിയതെന്ന അഭിപ്രായവും നിലനിൽക്കുന്നു. എന്തായാലും ഈ മണ്ണാണ് ശാസ്ത്രചിന്തയ്ക്ക് കളമൊരുക്കിയത്. തന്റെ നിരീക്ഷണങ്ങൾ 'സ്റ്റാറി മെസ്സഞ്ചർ" എന്ന കൃതിയിലൂടെ അവതരിപ്പിച്ചു. ഈ കണ്ടെത്തലുകൾ, ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന വിശ്വാസത്തെ തകർക്കുകയും, ആധുനിക ജ്യോതിശാസ്ത്രത്തിന് അടിത്തറയിടുകയും ചെയ്തു.
ചലനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ പിൽക്കാലത്ത് ഐസക് ന്യൂട്ടന്റെ നിയമങ്ങൾക്ക് വഴിയൊരുക്കി. ഗോപുരത്തിന്റെ മുകളിൽ നിന്ന് ആകാശത്തേക്കു നോക്കുമ്പോൾ, മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ആ നിമിഷത്തിന്റെ സ്പന്ദനം എനിക്ക് അനുഭവപ്പെട്ടു. ബിബ്ലിയോതെക്കയിലെ ലൈബ്രറിയിൽ ഗലീലിയോയുടെ പുസ്തകങ്ങളുടെ ആദ്യപതിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. അവധിക്കാലമായിരുന്നിട്ടും 'വളരെ അകലെ നിന്നെത്തിയ ആൾ" എന്ന നിലയ്ക്ക് അവ വിശദമായി കാണാനും മനസിലാക്കാനും അവസരം ലഭിച്ചു.
ഗണിതങ്ങളുടെ
താക്കോൽ
ഗലീലിയോയെ ആധുനിക ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അടിസ്ഥാനമാക്കിയ പഠനരീതി വികസിപ്പിച്ചെടുത്തതുകൊണ്ടാണ്. പ്രപഞ്ച രഹസ്യങ്ങൾ ഗണിത ശാസ്ത്രത്തിലൂടെ മാത്രമേ പൂർണമായി മനസിലാക്കാൻ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു. പാദുവയിൽ നിലനിന്നിരുന്ന ബൗദ്ധിക സ്വാതന്ത്ര്യം കർശന നിയന്ത്രണങ്ങളിൽ നിന്നു മാറി, സ്വതന്ത്രമായി ചിന്തിക്കാൻ അദ്ദേഹത്തെ സഹായിച്ചു. അവിടത്തെ പ്രസിദ്ധമായ കപ്പൽശാലകളും ആയുധനിർമ്മാണ ശാലകളും സന്ദർശിച്ചതിലൂടെ വസ്തുക്കളുടെ ചലനത്തെയും യന്ത്രങ്ങളുടെ പ്രവർത്തനത്തെയും കുറിച്ചുള്ള പ്രയോഗിക അറിവ് അദ്ദേഹം നേടി.
കനാലുകളുടെ നഗരമായ വെനീസിൽ ഗലീലിയോ എത്തിയത് തന്റെ ടെലിസ്‌കോപ്പ് പ്രദർശിപ്പിക്കാനായിരുന്നു. സെന്റ് മാർക്ക്സ് സ്‌ക്വയറിലെ ഗോപുരത്തിന്റെ മുകളിൽ നിന്നാണ് അദ്ദേഹം വെനീസിലെ പ്രഭുക്കന്മാർക്ക് ടെലിസ്‌കോപ്പിന്റെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തത്. കടലിലൂടെ വരുന്ന കപ്പലുകളെ മണിക്കൂറുകൾക്കു മുൻപ് തിരിച്ചറിയാൻ ഈ ഉപകരണം സഹായിക്കുമെന്ന് അദ്ദേഹം ബോദ്ധ്യപ്പെടുത്തി. ശാസ്ത്രം പ്രയോഗിക ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന് തെളിയിച്ച ഇടമാണിത്.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയമായിരുന്നു അത്. വെനീസ് റെയിൽവേ സ്റ്റേഷനിലിരുന്ന് ഞാൻ തത്സമയ ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്തു. രക്ഷാമാർഗങ്ങളെക്കുറിച്ചായിരുന്നു ചർച്ച. ശാസ്ത്രം നമ്മുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് ഞാൻ ചിന്തിച്ചു. അപകടത്തിൽപ്പെട്ടവർ വേഗം രക്ഷനേടട്ടെ എന്നാഗ്രഹിച്ചുകൊണ്ടാണ് വെനീസിലെ കനാലുകളിലൂടെ സഞ്ചരിച്ചത്.
സത്യം ചൂണ്ടിയ
ആ വിരൽ!
അടുത്ത ലക്ഷ്യം ടസ്‌കാനിയിലെ മനോഹരമായ ഫ്‌ളോറൻസ് നഗരമായിരുന്നു. ആർനോ നദിക്കരയിലുള്ള ഗലീലിയോ മ്യൂസിയത്തിൽ അദ്ദേഹം നിർമ്മിച്ച ടെലിസ്‌കോപ്പുകൾ, ലെൻസുകൾ, പുസ്തകങ്ങളുടെ പതിപ്പുകൾ, ഗ്ലോബുകൾ തുടങ്ങിയവയുണ്ട്. ഒരു ഗ്ലാസ് പാത്രത്തിൽ അദ്ദേഹത്തിന്റെ വലതുകൈയിലെ വിരൽ സൂക്ഷിച്ചിരിക്കുന്നു. തന്റെ വിരൽ ചൂണ്ടി അദ്ദേഹം കാണിച്ച സത്യങ്ങൾ ലോകമിന്നും വിശ്വസിക്കുന്നു എന്നതിന്റെ പ്രതീകമാണത്. കോപ്പർനിക്കസിന്റെ സൂര്യകേന്ദ്രീകൃത സിദ്ധാന്തത്തെ അനുകൂലിച്ചതിനാൽ അദ്ദേഹത്തെ വിചാരണ ചെയ്യാൻ കാരണമായ 'ഡയലോഗ് കൺസേണിങ് ടൂ ചീഫ് വേൾഡ് സിസ്റ്റംസ്" എന്ന കൃതി പൂർത്തിയാക്കിയതും ഫ്‌ളോറൻസിൽ വച്ചാണ്.
നഗരത്തിന്റെ പുറംഭാഗത്തുള്ള ആർസെട്രി കുന്നുകളിലെ വില്ലയിലാണ് ഗലീലിയോ തന്റെ ജീവിതത്തിന്റെ അവസാനകാലം വീട്ടുതടങ്കലിൽ കഴിഞ്ഞത്. ഭൗതികശാസ്ത്രത്തിന് അടിത്തറയിട്ട വിഖ്യാത ഗ്രന്ഥമായ 'ഡയലോഗ് കൺസേണിങ് ടൂ ന്യൂ സയൻസസ്' എന്ന ഗ്രന്ഥം തടങ്കലിലിരിക്കെ എഴുതി. അന്ധത ബാധിച്ച അവസാന നാളുകളിൽ മകൾ മരിയ സെലെസ്റ്റെ കൂട്ടിനുണ്ടായിരുന്നു. ചരിത്രം പിറന്ന വീട്ടിനുള്ളിൽ നിന്നപ്പോൾ ആ മഹാപ്രതിഭയുടെ ഏകാന്തതയും വേദനയും ഞാൻ അനുഭവിച്ചു.
തന്റെ ജന്മദേശമായ പിസയിലെ ചരിഞ്ഞ ഗോപുരത്തിൽ നിന്ന് ഗലീലിയോ, രണ്ട് വ്യത്യസ്തഭാരമുള്ള പന്തുകൾ തഴേക്കിട്ട് അവ ഒരേസമയം നിലത്തു പതിക്കുന്നുവെന്ന് തെളിയിച്ചു. അത്തരമൊരു പരീക്ഷണം പിസാ ഗോപുരത്തിൽ നിന്നുകൊണ്ട് ഗലീലിയോ നടത്തിയിട്ടില്ല എന്നും പറയപ്പെടുന്നു. എന്നാലും അക്കഥ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഭാരമുള്ള വസ്തുവും ഭാരം കുറഞ്ഞ വസ്തുവും ഒരേ വേഗതയിൽ പതിക്കും എന്ന് അദ്ദേഹം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചു. പിന്നീട് ചന്ദ്രനിലെത്തിയ അപ്പോളോ ഗഗനചാരികൾ ഈ പരീക്ഷണം വായുവിന്റെ ഘർഷണമില്ലാത്ത ചന്ദ്രോപരിതലത്തിൽ നടത്തി അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ശരിവച്ചു.
ചിന്തകളുടെ
സ്വാതന്ത്ര്യം
ആ ഗോപുരത്തിന്റെ മുന്നിൽ നിന്നപ്പോൾ അരിസ്റ്റോട്ടിലിന്റെ ധാരണകളെ തിരുത്താൻ യുവാവായ ഗലീലിയോ കാണിച്ച ആർജ്ജവം എന്റെയുള്ളിൽ അഭിമാനം നിറച്ചു. പിസ കത്തീഡ്രലിലെ വിളക്ക് താളത്തിൽ ആടുന്നതു നിരീക്ഷിച്ചാണ് ഗലീലിയോ, പെൻഡുലത്തിന്റെ തത്ത്വം കണ്ടെത്തിയത്. മർദ്ദനങ്ങളെയും പീഡനങ്ങളെയും ഭയപ്പെടാതെ സത്യത്തിനു വേണ്ടി നിലകൊണ്ട ഒരാളുടെ ഓർമ്മകളാണ് ഇവിടെ നിറഞ്ഞിരിക്കുന്നത്. ആർസെട്രി കുന്നുകളിൽ നിന്ന് തഴേക്കു നോക്കുമ്പോൾ ഗലീലിയോ പണ്ടൊരിക്കൽ മന്ത്രിച്ചുവെന്നു കരുതുന്ന വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി. 'എങ്കിലും അത് (ഭൂമി) ചലിച്ചുകൊണ്ടിരിക്കുന്നു!"
ഗലീലിയോ (1564–1642) കാണിച്ചുതന്ന ആ വെളിച്ചം ഇന്നും നമുക്ക് വഴികാട്ടുന്നു. ഞാൻ വായിച്ച പുസ്തകങ്ങളിലെ ഗലീലിയോയല്ല; മറിച്ച്, തളരാത്ത മനക്കരുത്തുള്ള ഒരു മനുഷ്യനെയാണ് ഈ യാത്രയിൽ ഞാൻ കണ്ടുമുട്ടിയത്. ഗലീലിയോയുടെ മഹത്വം ശാസ്ത്രീയ കണ്ടെത്തലുകളിൽ മാത്രം ഒതുങ്ങുന്നില്ല. ചിന്തയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടത്തിലാണ് അതിന്റെ യഥാർത്ഥ ആഴം വെളിവാകുന്നത്. തെളിവിന്റെ ശക്തിയിലാണ് സത്യം നിൽക്കേണ്ടതെന്ന ചിന്തയിൽ അദ്ദേഹം ഉറച്ചുനിന്നു.
ദൂരദർശിനിയിലൂടെ ആകാശത്തെ നിരീക്ഷിച്ചപ്പോൾ കണ്ടത് മനുഷ്യബുദ്ധിയുടെ അതിരില്ലാത്ത സാദ്ധ്യതകളെയായിരുന്നു. ഒരോ കണ്ടെത്തലും ഒരു പുതിയ ചോദ്യത്തിന്റെ വാതിൽ തുറക്കുന്നു എന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രം അദ്ദേഹത്തിന് തുടർച്ചയായ അന്വേഷണമായിരുന്നു. വിചാരണ നേരിട്ടപ്പോഴും സത്യത്തെ അകറ്റിനിറുത്തിയില്ല. അതാണ് ഗലീലിയോയെ ഒരു ശാസ്ത്രജ്ഞനെന്നതിലുപരി, മനുഷ്യചരിത്രത്തിലെ ഒരു ബൗദ്ധിക വിപ്ലവകാരിയാക്കി മാറ്റിയത്.
ചിത്രങ്ങൾ
1) പാദുവയിലെ ഗലീലിയോ ടവർ
2) പിസാ ഗോപുരത്തിനു മുന്നിൽ ലേഖകൻ
3) പിസാ ഗോപുരം
4) ഗലീലിയോയുടെ വിരൽ
5) ഗലീലിയോയുടെ ടെലിസ്‌കോപ്പുകൾ
6) ഗലീലിയോയുടെ ശാസ്‌ത്രോപകരണങ്ങൾ
7) ഗലീലിയോ രചിച്ച ഗ്രന്ഥങ്ങൾ
8) പാദുവയിലെ ഗലീലിയോ ടവറിനു മുന്നിൽ ലേഖകൻ
9) ഗലീലിയോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |