
ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും ഉറക്കം കെടുത്തി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കഴിയുകയാണ് വനം വകുപ്പിന്റെ ഡാറ്റാ ബാങ്കിലുള്ള ടിടിവൺ എന്ന പേരിലറിയപ്പെടുന്ന നാട്ടുകാരുടെ മുട്ടികൊമ്പൻ. ഒന്നും രണ്ടും വർഷമല്ല കഴിഞ്ഞ ആറ് വർഷമായി വടക്കനാട് -വള്ളുവാടി മേഖലയിലെ ജനങ്ങളെ ഈ കൊമ്പൻ ദുരിതത്തിലാക്കാൻ തുടങ്ങിയിട്ട്. സഹികെട്ട ജനങ്ങൾ അവസാനം പഞ്ചായത്ത് ഗ്രാമസഭയിൽ ശല്യക്കാരനായ ഈ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രമേയം പാസാക്കി വനം വകുപ്പിന് നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചില്ല. വനംവകുപ്പിന്റെ നിഷ്ക്രിയത്വം കാരണം ഒരു യുവ കർഷകന്റെ ജീവനാണ് നഷ്ടമായത്. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) എന്ന യുവകർഷകനാണ് കാട്ടാനക്കലിയിൽ ഒടുങ്ങിയത്.
സ്വന്തം കൃഷി സംരക്ഷിക്കുന്നതിനായി കൃഷിയിടത്തിലേയ്ക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. കാട്ടാന ഇറങ്ങിയ വിവരം കൃഷിയിടത്തിന് സമീപമുള്ളയാൾ രജീവിനെ ഫോൺ വിളിച്ച് അറിയിച്ചു. മുട്ടികൊമ്പനാണെങ്കിൽ ആളെ കണ്ടാൽ ഓടിവന്ന് ആക്രമിക്കുന്ന സ്വഭാവമാണ്. ഇതറിയാവുന്നതിനാൽ കൃഷിയിടത്തിന്റെ സമീപമുള്ള തുറസായ സ്ഥലത്ത് കൂടെയാണ് ആന കൃഷിയിടത്തിൽ ഇറങ്ങിയോ എന്നറിയാൻ പോയി നോക്കിയത്. ഇവിടെവെച്ച് ആന ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടായിരത്തിൽപ്പരം വാഴകൾ കൃഷിചെയ്ത പാടത്തിന് സമീപത്താണ് യുവാവിനെ ആന ആക്രമിച്ചത്. രജീവിനെ ആന കൊലപ്പെടുത്തുന്നതിന് മുൻപ് നിരവധി പേരാണ് ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നൂറ്കണക്കിന് കർഷകരുടെ കാർഷിക നാണ്യവിളകളാണ് കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചത്. പതിറ്റാണ്ടുകളുടെ അദ്ധ്വാനമാണ് ഓരോ ദിവസവും നേരം പുലർന്ന് വരുമ്പോഴെക്കും കാട്ടാന നശിപ്പിച്ചിട്ടുണ്ടാകുക. ശല്യം രൂക്ഷമായതോടെ ആറ്റുനോറ്റ് വളർത്തുന്ന പല കാർഷിക വിളകളും കർഷകർ തന്നെ സ്വയം വെട്ടിമാറ്റുകവരെയുണ്ടായി. ആന കൃഷിയിടത്തിലേയ്ക്ക് വന്നാലുണ്ടാകാവുന്ന ജീവഹാനി ഭയന്നാണ് ഇങ്ങനെ ചെയ്യുന്നത്.
#
വടക്കനാട് ഗ്രാമസംരക്ഷണ സമിതിയും അനിശ്ചിതകാലസമരവും
വടക്കനാട് മേഖലയിലെ വന്യമൃഗശല്യം അതിരൂക്ഷമായപ്പോഴാണ് മേഖലയിലെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. രണ്ട് ആഴ്ചയോളം നീണ്ട സമരത്തിന് ഫലം കണ്ടു. ഈ മേഖലയിൽ അയേൺ ക്രാഷ് ഗാർഡ് വേലി സ്ഥാപിക്കാൻ തീരുമാനമായെങ്കിലും പിന്നീട് തൂക്ക് ഫെൻസിംഗ് കൊണ്ടുവന്നു.
നൂൽകമ്പി വലിപ്പത്തിലുള്ള തൂക്കുഫെൻസിംഗ് വിജയിക്കുകയില്ലെന്ന് പ്രദേശത്തെ കർഷകർ വനം വകുപ്പിനെ അറിയിച്ചു. പിന്നീട് ഹാഗിംങ് ഫെൻസിംഗ് ഇട്ടു. ഇതിനുപിന്നാലെ ആന കമ്പി തകർത്ത് ജനവാസമേഖലയിലേയ്ക്ക് എത്താൻ തുടങ്ങി. തൂക്ക് വേലിയ്ക്ക് സമീപം നിൽക്കുന്ന മരങ്ങൾ കമ്പിയുടെ മേലേയ്ക്ക് കുത്തിമറിച്ചിട്ട് വൈദ്യുതി പ്രവാഹം തടസപ്പെടുത്തിയാണ് ആന കൃഷിയിടത്തിലേയ്ക്ക് എത്തുന്നത്. അവസാനം തൂക്ക് ഫെൻസിംഗിന് സമീപമുള്ള മരങ്ങളെല്ലാം ഇപ്പോൾ വനം വകുപ്പ് വെട്ടിമാറ്റാൻ തുടങ്ങി. വനം വകുപ്പിന്റെ ഈ നടപടിയേയും കവച്ച് വെച്ചാണ് ആന ഉണങ്ങിയ മരക്കൊമ്പുകൾ എടുത്തുകൊണ്ട് വന്ന് കമ്പിയും തൂണും തകർത്ത് നിർബാധം കൃഷിയിടത്തിലേയ്ക്ക് എത്തുന്നത്. നിരന്തരം ശല്യക്കാരായ ആനകളെ മടക്കുവെടിവെച്ച് പിടികൂടി ഉൾവനങ്ങളിൽ കൊണ്ടുപോയി വിടുകയോ ചട്ടം പഠിപ്പിച്ച് കുങ്കിയാനയാക്കി മാറ്റുകയോ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ആനയെ പിടികൂടുന്നതിനുള്ള നിയമതടസവും മറ്റും കണക്കിലെടുത്ത് വനംവകുപ്പ് ഇതിന് മുതിരാറില്ല. ആളുകൾ ആനയുടെ ആക്രമണത്തിനിരയായി ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോൾ മാത്രമെ ശല്യക്കാരനും കൊലയാളിയുമായ ആനയെ പിടികൂടാൻ ഉത്തരവിറങ്ങുകയുള്ളു. ആനയെ ഉൾവനത്തിലേയ്ക്ക് തുരത്താൻ കഴിയാതെ വന്നാൽ മാത്രമെ മയക്കുവെടിവച്ച് പിടിക്കാവു എന്നാണ് എപ്പോഴും ഉത്തരവിൽ പറയുക.
#
ജനങ്ങളുടെ പേടിസ്വപ്നമായ മുട്ടികൊമ്പൻ ആരാണ്
ജനങ്ങളുടെ പേടി സ്വപ്നമായ മുട്ടികൊമ്പൻ ഇന്നോ ഇന്നലെയോ അല്ല വടക്കനാട്-വളളുവാടി മേഖലയിൽ എത്തിയത്. ആറ് വർഷം മുമ്പാണ്. അന്ന് വടക്കനാട് മേഖലയെ വിറപ്പിച്ച് വന്നത് മുട്ടിയും വടക്കനാട് കൊമ്പനും ചേർന്നായിരുന്നു. ശല്യക്കാരനായ വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി. പരിശീലനം നൽകി ഒന്നാംതരം കുങ്കിയാനയാക്കി മാറ്റി. വടക്കനാട് കൊമ്പൻ പിന്നീട് വിക്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്ന് മുത്തങ്ങ പന്തിയിലെ ഏറ്റവും നല്ല കുങ്കിയാനയാണ് വിക്രം. വടക്കനാട് കൊമ്പൻ ആന പൊലീസായി മാറിയതോടെ ഒരിക്കൽ മുട്ടികൊമ്പനെ തുരത്താൻ വിക്രമിനെ കൊണ്ടുപോയി. എന്നാൽ പഴയ കൂട്ടുകാരന്റെ വരവറിഞ്ഞതോടെ ഉൾക്കാട്ടിലേയ്ക്ക് മുട്ടിക്കൊമ്പൻ നീങ്ങുകയായിരുന്നു. വടക്കനാട് കൊമ്പനെ പിടികൂടുന്ന സമയത്ത് അതിന് സംരക്ഷണവുമായി മുട്ടികൊമ്പനായിരുന്നു ഒപ്പം നിന്നിരുന്നത്. അന്ന് മുട്ടികൊമ്പനെ ഒരു തരത്തിൽ മാറ്റിയാണ് വടക്കനാട് കൊമ്പനെ മടക്കുവെടിവെച്ച് പിടികൂടിയത്.
വടക്കനാട് കൊമ്പനെ പിടികൂടിയതോടെ വനത്തിന്റെ ഉള്ളിലേയ്ക്ക് പോയ മുട്ടികൊമ്പൻ രണ്ട് വർഷത്തിന് ശേഷമാണ് രംഗത്തിറങ്ങി ശല്യം തുടങ്ങിയത്. ഇതിനിടെ മാറോട് രാജു എന്ന കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തി. എന്നാൽ ഇത് മുട്ടികൊമ്പനാണെന്ന് ജനങ്ങൾ പറഞ്ഞെങ്കിലും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രജീവിനെ കൊന്നപ്പോഴും ഇത് തന്നെയാണോ കൊലയാളി ആന എന്ന കാര്യത്തിൽ ഇപ്പോഴും പൂർണ്ണമായി വ്യക്തത വന്നിട്ടില്ല.അതേസമയം രജീവിനെ കൊന്നത് മുട്ടികൊമ്പനാണെന്നാണ് നാട്ടുകാർ പറയുന്നത്.
#
മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 16 മനുഷ്യജീവനുകൾ.
കഴിഞ്ഞ മുന്ന് വർഷത്തിനിടെ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് 16 മനുഷ്യജീവനുകളാണ്. 2023 ജൂലായ് 23ന് പുൽപ്പള്ളി പള്ളിച്ചിറ ഉന്നതിയിലെ ബോളൻ, ആഗസ്റ്റ് 13 തോൽപ്പെട്ടി ബേഗൂർ ഉന്നതിയിലെ ചെറിയ സോമൻ(53), സെപ്തംബർ 12ന് ട്രക്കിംഗിനിടെ വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പുളിഞ്ഞാൽ നെല്ലിക്കച്ചാൽ തങ്കച്ചൻ(47), 30ന് പുൽപ്പള്ളി ആനപ്പാറ കുള്ളൻ(52), നവംബർ നാലിന് മേപ്പാടി ഏലത്തോട്ടത്തിൽ പണിയ്ക്ക് പോയ ചുളിക്ക എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ തൊഴിലാളി കുഞ്ഞവറാൻ(58),2024 ജനുവരി 10ന് പടമന സ്വദേശി അജീഷ്(47), 13ന് തിരുനെല്ലി തോൽപ്പെട്ടി ബാർഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണൻ(50), ഫെബ്രുവരി 16ന് കുറുവ ദ്വീപിലെ താൽക്കാലിക വനം വാച്ചർ പാക്കം സ്വദേശി പോൾ(55), മാർച്ച് 28ന് പരപ്പൻപാറയിൽ മിനി(35),ജൂലായ് 16ന് കല്ലൂർ കല്ലുമുക്ക് മാറോട് രാജു(49), 2025ജനുവരി 8ന് കുട്ട സ്വദേശി വിഷ്ണു(22), ഫെബ്രുവരി 11ന് നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ അമ്പലമൂല നരിക്കൊല്ലി മനു(45), ഫെബ്രുവരി 13ന് മേപ്പാടി അട്ടമല എറാട്ട്കുണ്ട് ബാലകൃഷ്ണൻ(27), ഏപ്രിൽ 24ന് മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഉന്നതിയിലെ അറുമുഖൻ(66), ഡിസംബർ 25ന് മാനന്തവാടി ചെറുമത്തൂർ ഊരിലെ പാലച്ചി(62), 2026 മാർച്ച് 4ന് വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ്(37) എന്നിവരെയാണ് കാട്ടാന കൊലപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |