SignIn
Kerala Kaumudi Online
Tuesday, 10 March 2026 12.42 AM IST

രാഹുലിന്റെ പൂഴിക്കടകൻ: പിന്നെ 'ഹഹഹ'യും

Increase Font Size Decrease Font Size Print Page
ss

'അസൂയ വേണ്ട.സ്വന്തമാക്കി അഭിമാനിക്കൂ.' ഇതൊരു പരസ്യ വാചകമാണ്. തമിഴ്നാട്ടിലും കർണാടകയിലും,തെലങ്കാനയിലും ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന് കേട്ടു അസൂയപ്പെട്ട കേരളത്തിലെ സ്ത്രീകൾക്ക് ഇനിയത് വേണ്ട..ഇവിടെയും

വരാൻ പോകുന്നു ആ സൗജന്യം.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ പുതുയുഗ യാത്രയുടെ, തലസ്ഥാനത്ത് നടന്ന സമാപനച്ചടങ്ങിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളത്തിലും കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നാണ്. ഭരണത്തിൽ മൂന്നാമൂഴം ലഭിക്കാനുള്ള അശ്രാന്ത പരിശ്രമത്തിൽ റോഡുകളുടെയും പാലങ്ങളുടെയും തുരങ്ക പാതകളുടെയും വരെ ഉദ്ഘാടന മാമാങ്കം നടത്തുന്ന പിണറായി സർക്കാരും,ഇടതു മുന്നണി നേതാക്കളും ഇത് കേട്ട് കണ്ണ് തളളിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ പരിഹാസം.

അതും സഹിക്കാം. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പരമാവധി 600 രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെൻഷൻ.ആ സർക്കാർ ഇറങ്ങിപ്പോകുമ്പോൾ 18 മാസത്തെ കുടിശികയും ബാക്കി വച്ചത്രെ..പത്ത് വർഷം മുമ്പ് അധികാരമേറ്റ പിണറായി സർക്കാർ ആ കുടിശിക കൊടുത്തു തീർത്തെന്ന് മാത്രമല്ല,പെൻഷൻ തുക ക്രമേണേ 2000 രൂപയായി വർദ്ധിപ്പിക്കുയും ചെയ്തു. അതായിരുന്നു ഇടതു സർക്കാരിന്റെ പ്രധാന തുറുപ്പുചീട്ട്. അവിടെയും കടത്തി വെട്ടിയിരിക്കുകയാണ് രാഹുൽ.യു.ഡി.എഫ് സർക്കാർ വന്നാൽ പെൻഷൻ മാസം 3000 രൂപയാക്കുമെന്നാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി 11ന് കൊച്ചിയിലെത്തുന്നുണ്ട്. മോദി നടത്തുമെന്ന് പറയുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അതുക്കും മേലെയാവുമോ?. ഇടതു നേതാക്കളുടെ ചങ്കിടിപ്പ് കൂടുന്നു.അങ്ങനെ തോറ്റു കൊടുക്കില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പെൻഷൻ തുക 3500 രൂപയെങ്കിലുമാക്കണം.. എന്തായാലും, ഇനി 3000 രൂപയിൽ കുറയ്ക്കുന്നത് ക്ഷീണമാണ്.

□□□□□□□□□□□

35 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം പെൻഷൻ നൽകുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിണറായി സർക്കാർ പ്രഖ്യാപിച്ചതാണ്.പക്ഷേ, തിരഞ്ഞെടുപ്പിൽ അത് കാര്യമായി ഏശിയില്ല.സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ ഇനി എന്തൊക്കെ ചെയ്യണമെന്ന് ഇടതു നേതാക്കൾ ഗവേഷണം നടത്തുന്നതിനിടെ അതാ വരുന്നു രാഹുലിന്റെ അടുത്ത വെടി. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ.. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്.യുവജനങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രുപയുടെ പലിശ രഹിത വായ്പ. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉപ്പാക്കാൻ പ്രത്യേക വകുപ്പ്. രാഹുൽ വക 5 വലിയ വെടി നേർച്ച.മോദി സർക്കാർ കേരളത്തിനുള്ള ഫണ്ട് വെട്ടുമ്പോൾ ഇതിനൊക്ക പണം എവിടെ നിന്ന് കിട്ടുമെന്ന് ചോദിക്കുന്ന സഖാക്കൾക്ക് കോൺഗ്രസ് നേതാക്കളുടെ മറുപടി,തമിഴ്നാട്ടിലേക്കും,കർണാടകത്തിലേക്കും നോക്കു.തമിഴ്നാട്ടിൽ വിദ്യാർത്ഥിനികൾക്ക് സൗജന്യ ലാപ്ടോപ്പും സൈക്കിളും റേഷൻ കടകൾ വഴി ഓരോ കുടുംബത്തിനും പ്രതിമാസം 3000 രൂപയും.വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.ഇതൊക്ക കേട്ട് ഇടതു നേതാക്കൾക്ക് ആധി. സ്ത്രീകൾക്ക് പുറമെ,പുരുഷന്മാർക്കും സൗജന്യയാത്ര അനുവദിച്ചാൽ, കെ.എസ്.ആർ.ടി.സി അടച്ചു പൂട്ടേണ്ടി വരും.പക്ഷേ, രാഹുൽ ഗാന്ധി വെടി പൊട്ടിച്ച സ്ഥിതിക്ക് ചിരട്ട ഉടച്ചാൽ പോര, പറ്റുമെങ്കിൽ അമിട്ട് തന്നെ പൊട്ടിക്കണം.

□□□□□□□□□□

കാസർകോട് നിന്നാരംഭിച്ച പുതുയുഗ യാത്ര തിരുവനന്തപുരത്തെത്തുമ്പോഴേക്കും കേരള രാഷ്ട്രിയത്തിൽ പല വിസ്മയങ്ങളും നടക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നത്.സി.പി.എമ്മിൽ നിന്ന് ചില വൻ തോക്കുകൾ

കോൺഗ്രസിലെത്തുമെന്നാണ് അദ്ദേഹം ഉദ്ദ്യേശിച്ചത്. പക്ഷേ,പാർട്ടിയിൽ നിന്ന് ആക്രി പെറുക്കൽ മാത്രമാണ് സതീശൻ നടത്തിയതെന്നാണ് സി.പി.എം നേതാക്കളുടെ പരിഹാസം. മുൻ എം.എൽ.എമാരായ പി.വി.അൻവറിനെയും, ഐഷാ പോറ്റിയെയും ,ഒടുവിൽ പി.കെ.ശശിയെയും സി.പി.എമ്മിന്റെ എതിർ പാളയത്തിലെത്തിച്ചു.സ്ത്രീ പീഡനക്കേസിൽ

പ്രതിയായതിന്റെ പേരിൽ പി.കെ.ശശിക്കെതിരെ കേസെടുക്കണമന്നാവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസുകാർക്ക് ഇപ്പോൾ അദ്ദേഹം പുണ്യാളനായോ എന്നാണ് സഖാക്കളുടെ ചോദ്യം.പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ജി.സുധാകരൻ അംഗത്വം പുതുക്കില്ലെന്ന് പരസ്യമായി വെടി പൊട്ടിച്ചതോടെ,കോൺഗ്രസ് നേതാക്കളുടെ മനസിൽ ലഡു പൊട്ടി.പക്ഷേ, പാർട്ടിയുമായി എന്തൊക്കെ ഭിന്നതയുണ്ടെങ്കിലും,അദ്ദേഹം ആറ് പതിറ്റാണ്ടായി നെഞ്ചോട് ചേർത്ത് പിടിച്ച പ്രസ്ഥാനത്തെ ഒരിക്കലും വഞ്ചിക്കില്ലെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞത് . സുധാകരന്റെ മനസിലിരുപ്പ് കണ്ട് തന്നെ അറിയണം. തന്നെ കറിവേപ്പിലയാക്കിയ പാർടിക്ക് മറുപടി നൽകാൻ ഇതിലും നല്ലൊരു അവസരം ഇനിയുണ്ടാകില്ലെന്ന് അറിയാത്ത

ആളാണോ സുധാകരൻ ?.അതുകൊണ്ട് ബേബി സഖാവെ നിൽ...

□□□□□□□□□□

പത്രക്കാരോട് എന്തു കാര്യം പറയുമ്പോഴുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരിഹാസച്ചിരിയുടെ ഭവിഷ്യത്ത് പാർട്ടിക്ക് താങ്ങാനാവില്ലെന്ന് സഖാക്കൾ പറഞ്ഞു തുടങ്ങി.നിയമസഭാ തിരഞ്ഞെടുപ്പിൽ ജി.സുധാകരനെ പരിഗണിക്കുമോയെന്ന ചോദ്യത്തിന്, പരിഗണിക്കില്ലെന്ന് പറഞ്ഞ ഗോവിന്ദൻ 'ഹഹഹ' എന്ന് പൊട്ടിച്ചിരിച്ചപ്പോൾ പത്രക്കാരും പൊട്ടിച്ചിരിച്ചു. അത് തന്നെ പരിഹസിച്ചതായി സുധാകരന് തോന്നിയത് സ്വാഭാവികം. 75 വയസ് കഴിഞ്ഞപ്പോൾ സംസ്ഥാന കമ്മിറ്റിയിലും, തിരഞ്ഞെടുപ്പിലും നിന്ന് ഒഴിവാക്കിയെങ്കിലും അദ്ദേഹം മുതിർന്ന നേതാവല്ലേ. താൻ പരിഹസിച്ചതല്ലെന്ന് ഗോവിന്ദൻ മാഷ് തിരികെ വിളിച്ച് പറഞ്ഞിട്ടും സുധാകരൻ മയപ്പെട്ട ലക്ഷണമില്ല. എം.വി.ഗോവിന്ദൻ ആള് ശുദ്ധഗതിക്കാരനാണെങ്കിലും ,വിഡ്ഢിത്തമേ പറയൂ എന്നാണ് എതിരാളികൾ കളിയാക്കാക്കുന്നത്. ചിലർ അങ്ങനെയാണ്. ഉള്ള് ശുദ്ധമായിരിക്കും. പക്ഷേ,പ്രകൃതവും പെരുമാറ്റവും കണ്ടാൽ കാർക്കശ്യക്കാരനാണെന്നേ തോന്നൂ. താൻ കടുപ്പക്കാരനാണെന്ന പ്രതിഛായ ചില മാദ്ധ്യമങ്ങളും മറ്റും സൃഷടിച്ചതാണെന്നും, ജീവിതത്തിൽ തെറ്റ് ചെയ്തതായി ബോദ്ധ്യമില്ലെന്നുമാണ് അടുത്തിടെ നടൻ മോഹൻ ലാലുമായി നടത്തിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ചിരിക്കാത്ത പിണറായി വിജയൻ അഭിമുഖത്തിലെങ്കിലും ചിരിച്ചു കണ്ടതിലാണ് രമേശ് ചെന്നിത്തലയ്ക്ക് സന്തോഷം. 'കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായാതാണെൻ പരാജയം' എന്ന് പിണറായി വിജയന്റെ ആത്മഗതം.

□□□□□□□□□□□□□□

ആരോഗ്യ മന്ത്രി വീണാ ജോർജ് കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരുടെ ആക്രമണത്തിൽ കഴുത്തുളുക്കിയതായി പറഞ്ഞ്, പരിയാരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ അഡ്മിറ്റായതും, മൂന്നാം നാൾ കൊച്ചു വെളുപ്പാൻ കാലത്ത് അവിടെ നിന്ന് വീട്ടിലേക്ക് മുങ്ങിയതും അഭിനയമാണെന്ന് പ്രതിപക്ഷം. അഭിനയം രാഷ്ട്രീയത്തിലാവാമെങ്കിലും സ്വന്തം വീട്ടിൽ പറ്റില്ലല്ലോ. വീണയെ ആറന്മുളയിൽ വീണ്ടും സ്ഥാനാർത്ഥിയാക്കരുതെന്ന് ഭർത്താവ് ജോർജ് ജോസഫ് പത്തനംതിട്ടയിലെ സി.പി.എം നേതാക്കളെ കണ്ട് പറഞ്ഞു. അതോടെ, കുടുബ കലഹമാണെന്നും, വീണയ്ക്ക് പാർട്ടി വീണ്ടും സീറ്റ് നൽകിയാൽ പൊട്ടിത്തെറി

ഉറപ്പെന്നും കഥകൾ.. പക്ഷേ, പാർട്ടി നിലപാടിൽ ഉറച്ചു നിന്നതോടെ, മയപ്പെട്ടത് ഭർത്താവ് ജോർജ് ജോസഫ് . മക്കളുടെ കാര്യം ഓർത്താണത്രെ അങ്ങനെ പറഞ്ഞത്. പാർട്ടി പറയുന്നതാണ് ശരിയെന്നും. ഭർത്താവായാൽ ഇങ്ങനെ വേണം.

നുറുങ്ങ്:

□നേപ്പാളിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി) നേതാവും റാപ്പർ ഗായകനുമായ

ബലേന്ദ്ര ഷാ പ്രധാനമന്ത്രി

●ആർ.എസ്.പിക്ക് ഇവിടെ മാത്രമല്ല, അങ്ങ് നേപ്പാളിലും പിടിയുണ്ടെന്ന് കോൺഗ്രസ്

നേതാക്കളുമായുള്ള സീറ്റ് ചർച്ചയിൽ ഷിബു ബേബിജോൺ. നമ്മുടെ റാപ്പർ വേടനും

രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാവുന്നതാണ്..

(വിദുരരുടെ ഫോൺ: 9946108221)

TAGS: VAARAVISESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.