
ഗുരുവായൂർ: പത്ത് ദിവസത്തെ ഗുരുവായൂർ ക്ഷേത്രോത്സവം കണ്ണന്റെ ആറാട്ടോടെ ഇന്ന് സമാപിക്കും. പള്ളിവേട്ടയ്‌ക്കുശേഷം പള്ളിക്കുറുപ്പു കൊണ്ട ഭഗവാനെ പള്ളിയുണർത്തലാണ് ഇന്നത്തെ ആദ്യചടങ്ങ്. തുടർന്ന് വെള്ളിപ്പീഠത്തിൽ ശ്രീഗുരുവായൂരപ്പന്റെ സ്വർണതിടമ്പ് വെച്ച് അഭിഷേകം നടത്തും. ഗുരുവായൂരപ്പനെ ശ്രീലകത്തേക്ക് എഴുന്നള്ളിക്കും.
വൈകിട്ട് നാലരയ്ക്ക് നട തുറന്ന് മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവൻ ആവാഹിച്ചെടുത്ത് പഞ്ചലോഹ വിഗ്രഹം പുറത്തേക്കെഴുന്നള്ളിച്ച് പഴുക്കാമണ്ഡപത്തിൽ വയ്ക്കും. കൊടിമരത്തറയ്ക്കൽ എഴുന്നള്ളിച്ച് വച്ചശേഷം അവിടെ ദീപാരാധനയും നടത്തും.
ശേഷം ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി പുറത്തേക്ക് എഴുന്നള്ളിക്കും. രുദ്രതീർത്ഥക്കുളത്തിന് വടക്കുഭാഗത്തെത്തിയാൽ പഞ്ചവാദ്യം അവസാനിക്കും. പിന്നീട് മേളം ആരംഭിക്കും. ഭഗവതീക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തും. തന്ത്രിയും ഓതിക്കൻമാരും കൂടി പുണ്യാഹത്തിന് ശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പിൽ മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യും. തുടർന്ന് ഇളനീർ അഭിഷേകം. ശേഷം തന്ത്രി, മേൽശാന്തി, ഓതിക്കന്മാർ എന്നിവർ ഒരുമിച്ച് ഭഗവാനോടൊപ്പം രുദ്രതീർത്ഥത്തിൽ ഇറങ്ങി സ്‌നാനം ചെയ്യും. ചടങ്ങിനുശേഷം ഇടത്തരികത്തുക്കാവിൽ ഭഗവതിക്ഷേത്ര സന്നിധിയിൽ എഴുന്നള്ളിച്ചിരുത്തി ഉച്ചപൂജ നടത്തും. അതുകഴിഞ്ഞ് ഭഗവാന്റെ തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ച് പതിനൊന്ന് ഓട്ടപ്രദക്ഷിണം നടത്തും. ആനപ്പുറത്ത് ക്ഷേത്രത്തിലെത്തുന്ന ഗുരുവായൂരപ്പനെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിറപറ വച്ച് എതിരേൽക്കും. ക്ഷേത്രം തന്ത്രി സ്വർണധ്വജത്തിലെ സപ്തവർണക്കൊടി ഇറക്കും. അനന്തരം ഭഗവാനെ ശ്രീകോവിലിൽ എഴുന്നള്ളിച്ച് ചൈതന്യം മൂലവിഗ്രഹത്തിൽ ലയിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |