
തൃശൂർ: ശമ്പളം 5000 രൂപ കൂട്ടിനൽകാമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ തള്ളി. സർക്കാർ പ്രഖ്യാപിച്ച 28,500 രൂപ മാനേജ്‌മെന്റുകൾ അംഗീകരിച്ചില്ല. അതേസമയം എട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ 8000 മുതൽ 12,000 രൂപ വരെ ശമ്പളം ഉയർത്താമെന്ന് സമ്മതിച്ചു. ഇവരുമായി നേരിട്ടായിരുന്നു ചർച്ച. ഇവയൊഴികെയുള്ള 482 ആശുപത്രികളിലും നഴ്സുമാരുടെ സമരം തുടരും.
തൃശൂരിലെ ദയ, സൺ, എലൈറ്റ്, മദർ, കണ്ണൂരിലെ ശ്രീചന്ദ് കിംസ്, പാലക്കാട്ടെ അവൈറ്റിസ്, കരുനാഗപ്പള്ളി കിംസ്, വലിയകത്ത് കിംസ് തുടങ്ങിയ ആശുപത്രികളുമായാണ് ശമ്പളക്കാര്യത്തിൽ ധാരണയായത്. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഗ്രൂപ്പിന് കീഴിലെ അഞ്ച് ആശുപത്രികളുമായി ധാരണയിലെത്താനായത് വിജയമാണെന്ന് യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ കേരളകൗമുദിയോട് പറഞ്ഞു. ഇവിടങ്ങളിൽ ട്രെയിനികളുടെ ശമ്പളം 32,700 രൂപയായും നിശ്ചയിച്ചു.
അതേസമയം ശമ്പള വർദ്ധനവ് ചില ആശുപത്രി മാനേജ്‌മെന്റുകൾ ഭാഗികമായി അംഗീകരിച്ചു. ദിവസവേതനം 1500ന് മുകളിൽ കൂട്ടാമെന്നാണ് മാനേജ്‌മെന്റുകൾ അറിയിച്ചത്. ആൾ ഇന്ത്യ ഹെൽത്ത് പ്രൊവൈഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഡോ.അബ്ദുൾ അസീസ് (ദയ), ഡോ. പ്രതാപ് വർക്കി (സൺ), ഡോ. കെ.സി. പ്യാരിലാൽ (എലൈറ്റ്), ഡോ. വിനോദ് കൃഷ്ണൻ, ഡോ. തോമസ് ജോർജ്, യു.എൻ.എ ഭാരവാഹികളായ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ, സെക്രട്ടറി എം.വി.സുധീപ്, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി അജയ് വിശ്വംഭരൻ, ട്രഷറർ ഇ.എസ്.ദിവ്യ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |