
തിരുവനന്തപുരം: കേന്ദ്ര നിയമങ്ങൾ നടപ്പിലാക്കുമ്പോൾ സംസ്ഥാനത്തെ തൊഴിലാളികൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിനായി നിയമനിർമ്മാണം നടത്തണമെന്ന് ജസ്റ്റിസ് വി. ഗോപാല ഗൗഡ കമ്മിറ്റി ശുപാർശ ചെയ്തു. കേന്ദ്രസർക്കാർ നടപ്പാക്കിയ ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വിഷയങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി. ഗോപാല ഗൗഡ കമ്മിറ്റി റിപ്പോർട്ട് മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങി.
താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി കേരള വർക്കർ പദവി സ്ഥിരപ്പെടുത്തൽ ബില്ലും അനൗദ്യോഗിക മേഖലയിലുള്ളവർക്ക് നിയമ പരിരക്ഷ നൽകാനായി പ്രത്യേക ബില്ലും സമിതി മുന്നോട്ടുവച്ചു. ശുചീകരണ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ക്ഷേമം മുൻനിറുത്തി മറ്റൊരു നിയമ നിർമ്മാണവും നടത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.
തൊഴിൽ നിയമം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ സംസ്ഥാനത്തിന് നിയമനിർമ്മാണം നടത്താം. കേന്ദ്ര നിയമങ്ങൾ നിലവിൽ വന്നാലും കേരളത്തിലെ തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്ന ഉയർന്ന ആനുകൂല്യങ്ങൾ തുടരാൻ തടസമില്ലെന്നും റിപ്പോർട്ടിലുണ്ട്.
വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് നാലു ഭാഗമുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.
ചടങ്ങിൽ കിലെ ചെയമാൻ കെ.എൻ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് വി.ഗോപാല ഗൗഡ ഓൺലൈനായി പങ്കെടുത്തു.ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ, വക്കച്ചൻ പേട്ട, അഡ്വ. മൈത്രേയി കൃഷ്ണൻ, പ്രൊഫ. ബാബു മാത്യു, എക്സിക്യുട്ടീവ് ഡയറക്ടർ ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |