SignIn
Kerala Kaumudi Online
Wednesday, 11 March 2026 7.23 AM IST

നീതീകരിക്കാനാകാത്ത അനാദരവ്

Increase Font Size Decrease Font Size Print Page
s

രാഷ്ട്രീയത്തിന്റെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും ആവാമെങ്കിലും ഭരണഘടനാപരമായ മൂല്യങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാത്ത നടപടികൾ ആരുടെ ഭാഗത്തു നിന്നായാലും ശരിയല്ല. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഭാഗത്തുനിന്ന്,​ സംസ്ഥാനം സന്ദർശിച്ച രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ഉണ്ടായ അനാദരവ് നീതീകരിക്കാനാവുന്നതല്ല. രാഷ്ട്രപതിയുടെ സ്ഥാനത്തിന് മഹനീയമായ മൂല്യമാണ് ഇന്ത്യൻ ഭരണഘടനയും പൗരന്മാരും നൽകിവരുന്നത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ആ സ്ഥാനത്തിരിക്കുന്നവരെ അവഹേളിക്കുകയും മറ്റും ചെയ്യുന്നത് ജനാധിപത്യത്തിന്റെ സംശുദ്ധിയും കെട്ടുറപ്പും നഷ്ടപ്പെടാനേ ഇടയാക്കൂ. ഒരു വനിത കൂടിയായ രാഷ്ട്രപതി തന്റെ സംസ്ഥാനത്ത് വരുമ്പോൾ മറ്റൊരു വനിതയും മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഒരു കാരണവശാലും പ്രോട്ടോക്കോൾ ലംഘിക്കാൻ പാടില്ലായിരുന്നു. തിരികെ,​ മുഖ്യമന്ത്രി എന്ന നിലയിൽ മമതാ ബാനർജി രാഷ്ട്രപതിയെ സന്ദർശിക്കാൻ എത്തുമ്പോൾ കൂടിക്കാഴ്ച അനുവദിക്കാതിരുന്നാൽ അവർ എന്തെല്ലാം പ്രശ്നമുണ്ടാക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ജാതീയമായ നിരവധി അവഗണനകൾ ജീവിതത്തിൽ നേരിട്ടിട്ടുണ്ടെങ്കിലും അതിനെയെല്ലാം സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും വ്യക്തിശുദ്ധിയിലൂടെയും അതിജീവിച്ച് ഒരു രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ,​ ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. പൊതുവേദിയിൽ മാന്യതയ്ക്കു നിരക്കാത്ത ഒരു പെരുമാറ്റവും അവരിൽ നിന്ന് ഉണ്ടായിട്ടില്ലെന്നു മാത്രമല്ല,​ പങ്കെടുക്കുന്ന ചടങ്ങുകളുടെ ഭാഗമായി ചിലരുടെ കദനകഥകൾ കേൾക്കുമ്പോൾ തൂവാലകൊണ്ട് കണ്ണീർ തുടയ്ക്കുന്ന രാഷ്ട്രപതി മുർമുവിന്റെ ചിത്രം മനുഷ്യസ്നേഹികളുടെയെല്ലാം മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളതുമാണ്. അങ്ങനെയുള്ള ഒരു വ്യക്തിത്വത്തിനുടമയായ രാഷ്ട്രപതി സ്വന്തം സംസ്ഥാനം സന്ദർശിക്കുമ്പോൾ മര്യാദകേട് കാണിച്ചത് സ്വന്തം അണികളെ തൃപ്തിപ്പെടുത്താനാണെങ്കിൽ അതൊരു നല്ല രാഷ്ട്രീയമാണെന്ന് പറയാനാകില്ലെന്നു മാത്രമല്ല,​ തികഞ്ഞ അഹങ്കാരം കൂടിയാണെന്ന് പറയേണ്ടിവരും.

അന്താരാഷ്ട്ര സന്താൾ സമ്മേളനത്തിൽ പങ്കെടുക്കാൻ ബംഗാളിലെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയാണ് എയർപോർട്ടിൽ പോയി സ്വീകരിക്കേണ്ടത്. എന്നാൽ മമതാ ബാനർജി പോയില്ല. പകരം മേയറാണ് സ്വീകരിച്ചത്. സന്താൾ സമ്മേളനത്തിന്റെ വേദി രാഷ്ട്രപതിയോട് കൂടിയാലോചിക്കാതെ മാറ്റുകയും ചെയ്തു. ഫാസിദേവിയിൽ നടത്താനിരുന്ന പരിപാടി സ്ഥലസൗകര്യം കുറവാണെന്ന പ്രാദേശിക ഭരണകൂടത്തിന്റെ എതിർപ്പിനെത്തുടർന്നാണ് മാറ്റിയതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്നാൽ, ഫാസിദേവിയിലെ സ്ഥലം സന്ദർശിച്ച രാഷ്ട്രപതി,​ അവിടെ അഞ്ചുലക്ഷം പേരെ ഉൾക്കൊള്ളാനുള്ള വ്യാപ്‌തിയുണ്ടെന്നും വേദി മാറ്റിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നുമാണ് പറഞ്ഞത്.
ഗോത്രവിഭാഗങ്ങളുടെ ക്ഷേമം സർക്കാർ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യവും രാഷ്ട്രപതി ഉന്നയിച്ചു.

'ഇവിടെ വരണമെന്ന് ആഗ്രഹിച്ചു. ഞാനും ബംഗാളിന്റെ മകളാണ്. പക്ഷേ ഇവിടത്തെ ഒരു യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ല. മമതയ്ക്ക് എന്താണ് എന്നോട് ഇത്ര ദേഷ്യമെന്ന് മനസിലാവുന്നില്ല. എനിക്ക് അവർ ഇളയ സഹോദരിയെപ്പോലെയാണ്. എന്തെങ്കിലുമാകട്ടെ. പരാതിയില്ല, അവർക്ക് നന്മകൾ മാത്രം നേരുന്നു" - ഇതായിരുന്നു രാഷ്ട്രപതിയുടെ ഇന്ത്യൻ സംസ്കാരം പ്രതിഫലിപ്പിക്കുന്ന വാക്കുകൾ.

ബംഗാളിൽ നടന്നത് അങ്ങേയറ്റം ലജ്ജാകരവും മുൻപൊരിക്കലും സംഭവിക്കാത്തതുമായ കാര്യമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര‌മോദി പ്രതികരിച്ചത്. രാഷ്ട്രപതിയെ അപമാനിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടത്തിനാണെന്നും മോദി എക്‌സിൽ കുറിച്ചു. ബി.ജെ.പിയുടെ ഉപദേശപ്രകാരം തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രപതി രാഷ്ട്രീയം കളിക്കുകയാണെന്ന തരംതാണ വിമർശനമാണ് ഈ സംഭവത്തെക്കുറിച്ച് മമതാ ബാനർജിയിൽ നിന്ന് ഉണ്ടായത്. രാഷ്ട്രീയത്തിലെ നാലാംകിട തരികിടകൾ രാഷ്ട്രപതിയോടല്ല മമത കാണിക്കേണ്ടിയിരുന്നത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.