SignIn
Kerala Kaumudi Online
Wednesday, 11 March 2026 3.15 AM IST

വ്യവസായ മന്ത്രി പി. രാജീവുമായി സംഭാഷണം: 'നിക്ഷേപങ്ങളുടെ ഇഷ്ടതീരം,​പൊതുമേഖലയിലും മുന്നേറ്റം'

Increase Font Size Decrease Font Size Print Page
s
a

ധൈര്യത്തോടെ നിക്ഷേപം നടത്താൻ ഉത്തമമായ ഇടം എന്ന ഖ്യാതിയിലേക്ക് കേരളത്തെ എത്തിക്കാനായതാണ് വ്യവസായ വകുപ്പിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ ഹൈലൈറ്റ്. ആഗോള നിക്ഷേപക സംഗമമായ 'ഇൻവെസ്റ്റ് കേരള ഗ്‌ളോബൽ സമ്മിറ്റി"ലൂടെ 400-ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചത് കൊച്ചുകേരളത്തോട് നിക്ഷേപകർക്കുണ്ടായ മനോഭാവ മാറ്റമാണ് പ്രതിഫലിപ്പിക്കുന്നത്. 2016-ലെ ഒന്നാം പിണറായി സർക്കാർ കൈക്കൊണ്ട നടപടികളും തീരുമാനങ്ങളും കൂടുതൽ അർത്ഥപൂർണമായി മുന്നോട്ടു കൊണ്ടുപോകാൻ കാട്ടിയ ഉത്സാഹമാണ് ഈ മുന്നേറ്റത്തിനു കാരണം. അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട് 'ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0" ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണ് ഇന്ന് കേരളം. ഭാവനാ സമ്പന്നമായി ഈ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യവസായ മന്ത്രി പി. രാജീവ് 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

?കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ വ്യവസായ വകുപ്പ് കൈവരിച്ച സുപ്രധാന നേട്ടം.

 സംരംഭകരെ സർക്കാരിനൊപ്പം നിർത്താനായതാണ് പ്രധാനം. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1410 കോടിയുടെ എം.എസ്.എം.ഇ പാക്കേജാണ്. 50 കോടി രൂപ വരെയുള്ള റെഡ് ക്യാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്വത്തിലുള്ള ധാരണാപത്രം വഴി മൂന്നര വർഷം പ്രവർത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും പാസാക്കി.

വ്യവസായശാലകളിലെ അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ- സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ,​ സംസ്ഥാന തലങ്ങളിൽ സിവിൽ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിച്ചു. സംരംഭകന് സേവനം നൽകുന്നതിൽ മതിയായ കാരണമില്ലാതെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കാനും നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതിക്ക് അധികാരം നൽകി.

? കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ കൈക്കൊണ്ട നടപടികൾ.

 വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നടപ്പിലാക്കിയ 'മീറ്റ് ദി ഇൻവെസ്റ്റർ" പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപമെത്തി. ഐ.ബി.എം, എച്ച്.സി.എൽ ടെക്, നോവ് ഐ.എൻ.സി, സ്ട്രാഡ ഗ്ലോബൽ, ഡിസ്‌പേസ്, സാഫ്രാൻ, ആക്സിയ ടെക്‌നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി മുപ്പതിലധികം കമ്പനികൾ നിക്ഷേപം നടത്തി. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ആദ്യത്തേത് 18,000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജൻ വാലിയാണ്. ഐ.ബി.എമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തിൽ രണ്ടു വർഷത്തിനിടെ രണ്ട് പദ്ധതികൾ ആരംഭിച്ചത് കേരളത്തിലാണ്.

എച്ച്.സി.എൽ ടെക് കേരളത്തിൽ പ്രവർത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിക്കുകയും പുതിയ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഐ.ബി.എം, എച്ച്.സി.എൽ ടെക്, സ്ട്രാഡ ഗ്ലോബൽ, ഇൻഫോസിസ്, ഐബിഎസ്, അദാനി ഗ്രൂപ്പ്, ഏണസ്റ്റ് ആൻഡ് യംഗ്, ടാറ്റ എൽക്സി, യു.എസ്.ടി ഗ്ലോബൽ, അഡെസ്സോ ഗ്ലോബൽ, അഗാപ്പെ, നോവ്. ഐ.എൻ.സി, കോങ്സ്ബെർഗ്, ഡിസ്‌പേസ്, ആക്സിയ ടെക്‌നോളജീസ്, സിസ്‌ട്രോം, സാഫ്രാൻ, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്പ്, ലുലു, ചോയിസ്, വി.കെ.സി, വിത്തൽ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീർത്തിച്ചു. അദാനി ലോജിസ്റ്റിക്സ്, പനറ്റോണി, ഹൈലൈറ്റ് വേൾഡ് ട്രേഡ് സെന്റർ, മെറിഡിയൻ ടെക് പാർക്ക് തുടങ്ങി നിക്ഷേപ സംഗമത്തിലൂടെ നിർമ്മാണമാരംഭിച്ച കമ്പനികളുടെ പട്ടിക വേറെയുണ്ട്.

? നിക്ഷേപ മേഖലയിലെ വളർച്ച എത്രത്തോളം.

 നാനൂറിലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം നമുക്ക് ലഭിച്ചു. കേവലം ആറ് മാസത്തിനുള്ളിൽ നിക്ഷേപ വാഗ്ദാനം നൽകിയ 110 കമ്പനികളാണ് ഇവിടെ നിർമ്മാണം ആരംഭിച്ചത്. ഇതിലൂടെ 40,000-ത്തിലധികം തൊഴിലവസരങ്ങളാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. 42,000 കോടിയിലേറെ രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന പദ്ധതികളാണിവ; 50,000 തൊഴിലവസരങ്ങളും.

91 ശതമാനം പരിഷ്‌കാര പരിപാടികൾ നടപ്പിലാക്കിയാണ് കഴിഞ്ഞ വർഷം കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റീഫോംസിൽ ഒന്നാമതെത്തിയെതെങ്കിൽ,​ ഈ വർഷം 99.3 ശതമാനം പരിഷ്‌കാരങ്ങളും നടപ്പിലാക്കിയാണ് നമ്മൾ ഏറ്റവും ഉയർന്ന ഫാസ്റ്റ് മൂവർ ക്യാറ്റഗറിയിൽ സ്ഥാനമുറപ്പിച്ചത്. സംരംഭകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷത്തെ നേട്ടമെങ്കിൽ,​ ഈ വർഷം സംരംഭകരുടെ വോട്ടിനൊപ്പം സർക്കാരിന്റെ പരിഷ്‌കരണ പദ്ധതികൾക്കും മൂല്യനിർണയത്തിൽ നിശ്ചിത പങ്കുണ്ടായിരുന്നു. സർക്കാരിൽ സംരംഭകർ അർപ്പിച്ചിട്ടുള്ള വിശ്വാസം കുറയുകയല്ല, കൂടുകയാണ് എന്നതിന്റെ കൂടി തെളിവാണ് നമ്മുടെ തുടർച്ചയായ ഈ മുന്നേറ്റം. 28-ാം റാങ്കിൽ നിന്നാണ് ഒന്നാം റാങ്കിലേക്ക് എത്തിയത്.

? പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി.

 ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ വലിയ നഷ്ടത്തിലായിരുന്നു കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെങ്കിൽ ഇപ്പോൾ വ്യവസായ വകുപ്പിനു കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി. ഏഴ് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭം വർദ്ധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർദ്ധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടിയാണ്.

അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് ഒമ്പത് ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റു വരവ് 2440.14 കോടിയായി വർദ്ധിച്ചു. യു.ഡി.എഫ് സർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച കെൽട്രോൺ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമായി മാറി. പുതിയ മാർക്കറ്റുകൾ കണ്ടെത്തിയും സ്വകാര്യ കമ്പനികളുമായി മത്സരിച്ചും ഒരു കേരള മോഡൽ തീർക്കുകയാണ് പൊതുമേഖല.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.