
കോഴിക്കോട്: പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെ റോഡ് ഷോ നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് രാമനാട്ടുകരയിൽ നിന്നാണ് തുറന്ന വാഹനത്തിൽ യാത്ര തുടങ്ങിയത്. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് എന്നിവരുമുണ്ടായിരുന്നു.ഇരുചക്രവാഹനങ്ങളിൽ നിരവധി പ്രവർത്തകർ അനുഗമിച്ചു.
പ്രതീകാത്മക പ്രതിഷേധമാണെന്നും സമാന്തര ഉദ്ഘാടനമല്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരേന്ത്യൻ രീതി കേരളത്തിലും കൊണ്ടുവരാനും തന്നെ അധിക്ഷേപിക്കാനുമാണ് ബി.ജെ.പി ശ്രമം. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രിയെ വെട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പേര് ചേർക്കുന്നത് ഗുണകരമല്ല. വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലും ഇതായിരുന്നു സ്ഥിതി. സംസ്ഥാന മന്ത്രിമാരെല്ലാം സദസിലിരിക്കുമ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് എന്താണ് ചടങ്ങിൽ റോൾ എന്ന് അന്നുതന്നെ ഞങ്ങൾ ചോദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും ക്ഷണിക്കാതിരുന്നത് കേരളത്തെ അപമാനിക്കലാണെന്നും റിയാസ് പറഞ്ഞു.
മന്ത്രി ആരെന്നുള്ളതല്ല വിഷയം. ബന്ധപ്പെട്ടവർ പങ്കെടുക്കുകയെന്നത് കേരളത്തിന്റെ അവകാശമാണ്. മുമ്പൊക്കെ ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പങ്കെടുക്കാറുണ്ട്. ദേശീപാത വികസനത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഒരു പങ്കുമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |