
ന്യൂഡൽഹി: സിറ്റിംഗ് എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എം.പിമാർ നിയമസഭയിലേക്ക് മാറിയശേഷം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ അത് തിരിച്ചടിയാകും. ഇത് ചൂണ്ടിക്കാട്ടിയാണ് എം.പിമാർ മത്സരിക്കേണ്ടെന്ന നിലപാട് നേതൃത്വം ആവർത്തിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കം സിറ്റിംഗ് എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് തീരുമാനം. മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്കും മല്ലികാർജ്ജുന ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനനുസരിച്ച് പട്ടിക പുറത്തുവിടും. 19 സിറ്റിംഗ് സീറ്റുകളിലെയും ട്ടിയൂർക്കാവ് അടക്കം 12 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പട്ടികയ്ക്കാണ് അംഗീകാരം നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ച പാലക്കാട്, ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറ എന്നിവയ്‌ക്കൊപ്പം എൽദോസ് കുന്നപ്പള്ളിയുടെ പെരുമ്പാവൂരും ആദ്യ പട്ടികയിലില്ലെന്നാണ് സൂചന. സിറ്റിംഗ് എം.എൽ.എമാരുടേത് അടക്കം 40 ഓളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ച വെള്ളിയാഴ്ച തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |