
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മിൽമയുടെയും ഉത്പന്നങ്ങൾ വിദേശ വിപണിയിൽ വിൽക്കുന്നതിനുള്ള കരാർ മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള മിഡ്‌നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്ക് നൽകിയത് വിവാദത്തിൽ. കരാർ നൽകിയതിൽ വീഴ്ച ഉണ്ടായെന്നാണ് ആരോപണം.
എന്നാൽ, ഏതെങ്കിലും സാധനങ്ങൾ വാങ്ങുമ്പോൾ വിലകുറച്ച് ലഭിക്കുന്നതിന് മാത്രമാണ് വിജ്ഞാപനവും താത്പര്യപത്രവും ആവശ്യമായി വരുന്നതെന്നും എം.ആർ.പി അനുസരിച്ച് വിൽക്കുന്നതിന് തയ്യാറാവുന്ന ആർക്കും അത് നൽകുന്നതിന് തടസമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. കേരഫെഡിന് വിദേശ വ്യാപാരത്തിന് ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിൽ വിദേശവിപണിയിൽ ഉത്പന്നം എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് 2024ൽ കരാർ നൽകിയതെന്നും വിശദീകരിച്ചു.
ദുബായിൽ കേര വെളിച്ചെണ്ണയ്ക്ക് വിപണി ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദുബായിലെ എൽ.ജി.എഫ്.എം.സി.ജി ട്രേഡിംഗ് എൽ.എൽ.സി കമ്പനിയും മിഡ്‌നൈറ്റ് സൺ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഇതിന് സമാനമായി മിൽമ ഉത്പന്നങ്ങൾ ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലും വിൽക്കുന്നതിനും കരാർ നൽകിയിരുന്നു. ഉത്പന്നങ്ങൾ വിൽക്കാനായി ഏറ്റെടുക്കാൻ തയ്യാറായ കമ്പനിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കരാർ ഒപ്പിടുകയായിരുന്നുവെന്ന് മിൽമ ചെയർമാൻ അറിയിച്ചു.
കേരഫെഡ് കരാറിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഉത്പന്നം വില്പന നടത്താൻ വർഷങ്ങളായി ആരുമില്ലാത്ത സ്ഥലത്ത് താത്പര്യത്തോടെ വരുന്ന ആർക്കും നൽകുന്നതിൽ തടസമില്ലെന്നും കരാറിൽ ഏർപ്പെട്ടപ്പോൾ കേരഫെഡ് എം.ഡിയായിരുന്ന സാജു കെ. സുരേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |