
കൊച്ചി: വെർച്വൽ അറസ്റ്റിലൂടെ 81കാരനിൽ നിന്ന് സൈബർ തട്ടിപ്പ് സംഘം കൈക്കലാക്കിയ 1.30 കോടി രൂപയിൽ 1.06 കോടി തിരിച്ചുപിടിച്ച് കൊച്ചി പൊലീസ്. പണം ശ്രീനഗറിലെ ബാങ്ക് അക്കൗണ്ടിൽ എത്തിയെന്ന് തിരിച്ചറിഞ്ഞ് സൈബർ പൊലീസ് നടത്തിയ നീക്കങ്ങളാണ് ഇതിന് സഹായകമായത്.
എറണാകുളം ചാത്യാത്ത് റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന വയോധികനെ 2025 നവംബർ ഒന്നിന് രാവിലെ 10.30 മുതൽ 6ന് വൈകിട്ട് 3 വരെയാണ് വെർച്വൽ അറസ്റ്റിന് വിധേയനാക്കിയത്. വാട്സാപ്പ് നമ്പരിൽ വീഡിയോകോൾ ചെയ്ത സംഘം തങ്ങൾ സി.ബി.ഐക്കാരാണെന്നും വയോധികന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ചില കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിയുകയും പണത്തിന്റെ ഉറവിടം പരിശോധിക്കാൻ ബാങ്ക് അക്കൗണ്ട് വഴി നിക്ഷേപത്തുക സി.ബി.ഐക്ക് കൈമാറാൻ നിർദ്ദേശിക്കുകയും ചെയ്തു. ഉറവിടം പരിശോധിച്ച ശേഷം തിരികെ അയയ്‌ക്കുമെന്നും പറഞ്ഞു.
ഭയന്നുപോയ വയോധികൻ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് നവംബർ 4ന് സൈബർതട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് 1.30 കോടി രൂപ ഓൺലൈൻ വഴി നൽകി. പണം തിരികെ അക്കൗണ്ടിൽ എത്താതിരുന്നതിനെ തുടർന്നാണ് 6ന് വൈകിട്ട്കൊച്ചി സൈബർ പൊലീസിൽ പരാതിപ്പെട്ടത്.
അക്കൗണ്ട് തിരിച്ചറിഞ്ഞ് മരവിപ്പിച്ചു
കേസിന്റെ വിവരങ്ങൾ പൊലീസ് ഉടൻ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ (എൻ.സി.സി.പി) രജിസ്റ്റർ ചെയ്തു. വിവിധ ഏജൻസികളുടെ സഹായത്തോടെയുള്ള അന്വേഷണത്തിൽ ശ്രീനഗറിലെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലാണ് പണം എത്തിയതെന്ന് തിരിച്ചറിഞ്ഞു. 1.30 കോടിയിൽ 1.06 കോടിയാണ് ബാക്കിയുണ്ടായിരുന്നത്. അക്കൗണ്ട് മരവിപ്പിച്ച ശേഷം ഈ തുക കോടതിയുടെ അനുമതിയോടെ ഇന്നലെ 81കാരന് കൈമാറി. പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. ദേവിലാൽ സിംഗ്, പ്രണവ് ദയാൽ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസെടുത്തത്. പേരുകൾ വ്യാജമാണെന്ന് സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |