
കണ്ണൂർ സീറ്റ് ഉറപ്പില്ലാതെ ഡൽഹിക്കില്ലെന്ന്
കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യത്തിൽ കെ.സുധാകരൻ എം.പി നിലപാട് കടുപ്പിച്ചതോടെ ,കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ. തിങ്കളാഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് എത്താൻ കണ്ണൂർ സീറ്റിൽ ഉറപ്പ് നൽകണമെന്ന കടുത്ത നിബന്ധനയിലാണ് സുധാകരൻ .
സ്ഥാനാർഥി നിർണയ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ സുധാകരൻ വൈകാരിക ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചു. ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കാത്തതിനെ തുടർന്നാണ് ഡൽഹിയിൽ നിന്ന് മടങ്ങിയത്.
വേണുഗോപാലിന്റെ
നീക്കത്തിൽ നീരസം
എം.പിമാർ മത്സരിക്കേണ്ടെന്ന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെയാണ് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ സുധാകരൻ മടങ്ങിയത്.കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഒരിക്കൽ തന്റെ വിശ്വസ്തനായിരുന്ന മുൻ മേയർ ടി.ഒ.മോഹനനെ സ്ഥാനാർത്ഥിയാക്കാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്ന വിവരമാണ് സുധാകരനെ ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ എ ഗ്രൂപ്പിനെ നിഷ്പ്രഭമാക്കി ഇരിക്കൂർ മണ്ഡലത്തിൽ ഏകപക്ഷീയമായി സ്ഥാനാർത്ഥി നിർണയം നടത്തിയ അതേ മാതൃക കണ്ണൂരിലും കെ.സി. ആവർത്തിക്കാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ പക്ഷത്തിന്റെ ആരോപണം.
സുധാകരൻ നിർദേശിച്ച അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, മാർട്ടിൻ ജോർജ് എന്നിവരെ തഴഞ്ഞാണ് കെ.സി ടി.ഒ. മോഹനനായി ഉറച്ചുനിൽക്കുന്നതാണ് കെ.സുധാകരനെ
പ്രകോപിപ്പിച്ചത്. കെ.പി.സി.സി. അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നോട് ആലോചിക്കാതെ മാറ്റിയതിലുള്ള കടുത്ത അമർഷവും പ്രതിഷേധത്തിന്റെ ആഴം കൂട്ടുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ സുധാകരനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.കടുത്ത നിലപാടുകളിലേക്ക് നീങ്ങരുതെന്നും മാദ്ധ്യമങ്ങളെ കാണരുതെന്നുമാണ് ചെന്നിത്തല നിർദേശിച്ചത്. സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് ചെന്നിത്തല. ഇരുവരും തമ്മിലുള്ള ആശയ വിനിമയം പ്രശ്നപരിഹാരത്തിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്.സുധാകരൻ നിർദേശിക്കുന്നവരെ സ്ഥാനാർത്ഥിയാക്കാൻ ഹൈക്കമാൻഡ് തയ്യാറായേക്കും.എന്നാൽ ഈ ഓഫർ സ്വീകരിക്കാൻ സുധാകരൻ തയ്യാറല്ലെന്നുള്ള സൂചനയും പുറത്തുവന്നിട്ടുണ്ട്. താൻ തന്നെ മത്സരിക്കുമെന്ന നിലപാടിൽ ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സുധാകരൻ.കണ്ണൂർ സീറ്റിൽ കോൺഗ്രസ് മികച്ച ജയസാദ്ധ്യതയുണ്ടെങ്കിലും സുധാകരൻ ഇടഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകില്ല. സുധാകരനെ പിണക്കി മറ്റൊരാളെ നിർത്തുന്നത് ആത്മഹത്യാപരമായ തീരുമാനമാകുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |