തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്ക്കൂളുകളിൽ 2015-16 മുതൽ 2021-22 അദ്ധ്യയന വർഷം വരെ നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാർക്ക് സംരക്ഷണ ആനുകൂല്യം അനുവദിച്ച് സർക്കാർ ഉത്തരവായി. തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരെ അദ്ധ്യാപക ബാങ്കിൽ ഉൾപ്പെടുത്തും. പുനർവിന്യാസം നടത്തുന്ന തീയതി മുതൽ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹത ലഭിക്കുകയും ചെയ്യും. അതതു സമയം സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായിട്ടായിരിക്കണം പുനർവിന്യാസം. പുനർവിന്യസിക്കപ്പെടുന്ന അദ്ധ്യാപകരെ അതത് മാനേജ്മെന്റിൽ ഉണ്ടാകുന്ന ആദ്യത്തെ ഒഴിവിൽ ചട്ടപ്രകാരം മാറ്റി ക്രമീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. മാനേജ്മെന്റിൽ തിരികെ സേവനത്തിൽ പ്രവേശിക്കുന്ന അദ്ധ്യാപകരുടെ സീനിയോറിറ്റി, സംരക്ഷിതാദ്ധ്യാപകരുടെ സീനിയോറിറ്റി നിശ്ചയിക്കുന്ന രീതിയിൽ തുടരും. തസ്തിക ഇല്ലാതെ അദ്ധ്യാപക ബാങ്കിൽ ഉൾപ്പെട്ട് പുനർവിന്യാസം നടത്തുന്നതുവരെയുള്ള കാലയളവ് നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം നോൺ ഡ്യൂട്ടി ആയി ക്രമീകരിക്കും. പുറത്തുനിന്ന കാലയളവിൽ സർവീസ് ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇൗ കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്കും കണക്കാക്കില്ല.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ശമ്പള സ്കെയിലിൽ പ്രൊവിഷണലായും ദിവസ വേതന അടിസ്ഥാനത്തിലും അംഗീകാരം ലഭിച്ചവർക്ക്, അവരുടെ നിയമനം ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി മുതൽ മാത്രമേ സംരക്ഷണ ആനുകൂല്യത്തിന് അർഹത ഉണ്ടാവുകയുള്ളൂവെന്ന് ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |