തിരുവനന്തപുരം : പ്രതികൂല കാലാവസ്ഥയിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
പ്രതീക്ഷിച്ച പോളിംഗ് ശതമാനത്തിലേക്ക് എത്തിയില്ലെങ്കിലും വോട്ടർമാരിൽ ബഹു ഭൂരിപക്ഷവും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കനുകൂലമായി വോട്ട് ചെയ്തുവെന്ന ശുഭപ്രതീക്ഷയാണുള്ളത്. ഇടതുമുന്നണിയും ബി.ജെ.പിയും അധികാര ദുർവിനിയോഗം നടത്തി കണക്കില്ലാതെ പണം വാരിക്കോരി ചെലവഴിക്കുന്നതിൽ മത്സരിക്കുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അഞ്ച് മണ്ഡലങ്ങളിലായി തമ്പടിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങൾ വിലപ്പോവില്ല. പ്രതികൂല കാലാവസ്ഥയിൽ വോട്ടർമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇലക്ഷൻ കമ്മിഷൻ പരാജയപ്പെട്ടു. വെള്ളത്തിൽ പ്രവർത്തിച്ച ബൂത്തുകൾ പോലും മാറ്റി സ്ഥാപിക്കാൻ തയ്യാറാകാത്തത് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇടതു സർക്കാർ നിയമിച്ച കളക്ടർമാരുടെ റിപ്പോർട്ടുകൾ പ്രകാരം ഏകപക്ഷീയമായ തീരുമാനമെടുത്ത മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം ശരിയായില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |