
തൊടുപുഴ: ഹോളണ്ട് സൈക്കിളിൽ ഇന്ത്യ മുഴുവൻ ചുറ്റിയടിച്ച് വിദേശദമ്പതികൾ. ഹോളണ്ട് സ്വദേശി ക്ലാസ് ഹൂഗ്ലണ്ടും ഭാര്യ ഹോസ്റ്റ് മരിയറ്റുമാണ് സ്വന്തം സൈക്കിളുമായി രാജ്യത്ത് എത്തിയത്. ഇന്ത്യയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ നെതർലണ്ടിൽ നിന്ന് ജനുവരി എട്ടിനാണ് മുംബയിലെത്തിയത്. ഇവിടെ നിന്ന് അഹമ്മദാബാദിലെത്തി 14ന് തുടങ്ങിയ യാത്ര പോർബന്തർ, മുംബയ്, ഗോവ, മംഗ്ളൂർ, മൈസൂർ, കോഴിക്കോട്, കൊച്ചി വഴി വാഴക്കുളത്തെത്തി. കദളിക്കാട് നെടുമല ലച്ചൂസ് ഹോം സ്റ്റേയിലാണ് തിങ്കളാഴ്ച എത്തിച്ചേർന്നത്. വാഴക്കുളത്തെ പ്രശസ്തമായ പൈനാപ്പിൾ മാർക്കറ്റ് സന്ദർശിച്ച ഇവർ കൈതച്ചക്ക തോട്ടങ്ങളും നേരിട്ട് കാണാനെത്തി. റബർടാപ്പിംഗും ഷീറ്റ് ഉണ്ടാക്കുന്നതുമെല്ലാം നേരിൽ കണ്ടു മനസിലാക്കി. ഒപ്പം റബർ ടാപ്പ് ചെയ്യാനും പഠിച്ചു. ഏറ്റവും വൃത്തിയുള്ള പുഴയെന്ന വിശേഷണം നൽകി തൊടുപുഴയാറിൽ നീന്തി കുളിച്ച ശേഷമാണ് അടുത്ത ലക്ഷ്യസ്ഥാനമായ ആലപ്പുഴയ്ക്ക് പോയത്.
ദൗത്യം 4500 കിലോമീറ്റർ
ഹോളണ്ടിലെ ഷിപ്പിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്ന ഇരുവരും വിരമിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്. ആലപ്പുഴ, തിരുവനന്തപുരം, കന്യാകുമാരി, ചെന്നൈ എന്നിവിടങ്ങളാണ് ഇവരുടെ അടുത്ത ലക്ഷ്യസ്ഥാനങ്ങൾ. ഇന്ത്യയെ അടുത്തറിയുന്നതിനായി ഏകദേശം 4500ലധികം കിലോമീറ്റർ സഞ്ചരിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. തന്റെ പത്തൊമ്പതാം വയസിൽ ലോകയാത്ര ആരംഭിച്ച ക്ലാസ് ഇതിനോടകം മൂന്നുതവണ ഇന്ത്യയിൽ എത്തിയിട്ടുണ്ടെങ്കിലും സൈക്കിൾ യാത്ര ആദ്യമാണ്. 67വയസിനിടയിൽ നൂറിലേറെ വിദേശരാജ്യങ്ങളാണ് ഇദ്ദേഹം സഞ്ചരിച്ചിട്ടുള്ളത്. 59കാരിയായ ഭാര്യ മരിയറ്റ് നാല്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഇഷ്ടം ഗ്രാമീണയാത്ര
ഗ്രാമങ്ങളിലൂടെയും മറ്റ് സഞ്ചാരികൾ അധികം തിരഞ്ഞെടുത്തിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ ദമ്പതികൾക്ക് ഇഷ്ടം. ഗ്രാമങ്ങളിലെ ചായക്കടകളിൽ നിന്ന് ചായ കുടിച്ച് നാട്ടുകാരുമായി സംസാരിക്കും. ഗ്രാമങ്ങളിലെ വീടുകൾ നേരിട്ട് സന്ദർശിച്ച് അടുത്തറിയുക എന്നതും ലക്ഷ്യമാണ്.
'യാത്രയ്ക്കിടയിൽ ഏറ്റവും ആകർഷിച്ചത് കേരളത്തിലെ ജനങ്ങളുടെ ആതിഥ്യ മര്യാദയും പ്രകൃതി ഭംഗിയുമാണ്. ചെന്നൈയിൽ നിന്ന് ഏപ്രിൽ ഏഴിന് ഹോളണ്ടിന് മടങ്ങും.'
ക്ലാസ് ഹൂഗ്ലണ്ട്, ഹോസ്റ്റ് മരിയറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |