
കൊല്ലം: എസ്.എൻ.ഡി.പി യോഗം നേതൃത്വത്തെ വിമർശിക്കാനുള്ള യോഗ്യത ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം വ്യക്തമാക്കി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയായി ഗുരുദേവൻ എഴുതിയ പദ്യമാണ് 'ആശ്രമം." വിദ്വാനും ഉദാരചിത്തനും സമദൃഷ്ടിയുള്ളയാളും ശാന്തഗംഭീരനും വിജിതേന്ദ്രിയനും പരോപകാരിയും ദീനദയാലുവും സത്യവാക്പടുവും സമർത്ഥനും സദാചാരതത്പരനും കർത്തവ്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നയാളും അതീന്ദ്രിയനുമായ ഗുരു ആശ്രമത്തിൽ ഉണ്ടായിരിക്കണമെന്നാണ് ഗുരുദേവൻ ഈ പദ്യത്തിൽ കല്പിച്ചിട്ടുള്ളത്. ഗുരുവെന്ന്, ഗുരുദേവൻ ഉദ്ദേശിച്ചത് ശിവഗിരി മഠാധിപതിയെയാണ്. ഈ ഗുണങ്ങളെല്ലാമുള്ളയാളാണോ താനെന്ന് സ്വാമി സച്ചിദാനന്ദ സ്വയം പരിശോധിക്കണം.
ആത്മീയ ഉന്നതിക്കു വേണ്ടിയാണ് ഗുരുദേവൻ ശിവഗിരി മഠം രജിസ്റ്റർ ചെയ്തത്. എന്നാൽ ഗുരുദേവന്റെ തൃക്കരങ്ങളാൽ ആദ്യം രൂപീകരിക്കപ്പെട്ട സംഘടന എസ്.എൻ.ഡി.പി യോഗമാണ്. ഈഴവ സമുദായത്തിന് ലൗകിക, വൈദിക, വിദ്യാഭ്യാസ, വ്യവസായ പുരോഗതി സമ്മാനിക്കുകയാണ് യോഗത്തിന് ഗുരുദേവൻ കല്പിച്ച ലക്ഷ്യങ്ങൾ. രാഷ്ട്രീയം ആത്മീയതയല്ല, അതിഭൗതികതയാണ്. 25 പേരെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പറയുമ്പോൾത്തന്നെ ആത്മീയതയുടെ അംശം പോലും നഷ്ടമായി. ഈഴവ സമുദായത്തിന്റെ അഭിമാനമായ വെള്ളാപ്പള്ളി നടേശനെ വിമർശിക്കുന്ന നടപടിയിൽ നിന്ന് സ്വാമി പിന്തിരിയണം. പുരയ്ക്ക് തീപിടിച്ചെന്നു കേൾക്കുമ്പോൾ അയൽവാസിയുടെ വാഴ വെട്ടുന്ന രീതി സ്വാമി അവസാനിപ്പിക്കണം.
യോഗം ജനറൽ സെക്രട്ടറിക്ക് സമുദായ വിവേചനത്തെക്കുറിച്ച് വെട്ടിത്തുറന്ന് പറയാം. സമുദായത്തിന്റെ ഉന്നതിക്കു വേണ്ടിയാണ് അദ്ദേഹം ശബ്ദിക്കുന്നത്. അല്ലാതെ മറ്റു സമുദായങ്ങളുടെ അവകാശങ്ങൾ പിടിച്ചുവാങ്ങാനല്ല. നമ്മുടെ സമുദായത്തോട് അധികാരികൾ കാണിക്കുന്ന അവഗണന വിളിച്ചുപറയുമ്പോൾ മറ്റു സമുദായങ്ങൾ വിരോധം പറയേണ്ട കാര്യമില്ല. സ്വാമിക്ക് എസ്.എൻ.ഡി.പി യോഗത്തെ വിമർശിക്കണമെങ്കിൽ ശിവഗിരി മഠം പ്രസിഡന്റ് പദവി രാജിവച്ച് സമുദായ പ്രവർത്തനത്തിലേക്കു വരണം. എസ്.എൻ.ഡി.പി യോഗം പ്രവർത്തകരാണ് ശിവഗിരിയിൽ ധ്യാനത്തിനായി വരുന്നത്. മറ്റു സമുദായക്കാർ സ്റ്റേജിൽ മാത്രമേ കാണൂ എന്ന കാര്യം സ്വാമി ഓർക്കണമെന്നും കൗൺസിൽ യോഗം വ്യക്തമാക്കി.
യുണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് ശോഭനൻ, കൗൺസിലർമാരായ രാജൻ കാരമൂട്ടിൽ, ബിജു രവീന്ദ്രൻ കല്ലേലിഭാഗം, അനിൽ ബാലകൃഷ്ണൻ തഴവ, ശ്രീകുമാർ ഓച്ചിറ, ഷിബു ക്ലാപ്പന, വി.എം. വിനോദ് ആദിനാട്, ശരത്ചന്ദ്രൻ ക്ലാപ്പന, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |