
വിവാഹമോചിതയായോ എന്ന ചോദ്യങ്ങളിൽ ഒടുവിൽ പ്രതികരിച്ച് നടി മഞ്ജു പത്രോസ്. താരത്തിനൊപ്പം അടുത്തിടെയായി ഭർത്താവ് സുനിച്ചനെ കാണാത്തതാണ് ചോദ്യങ്ങളുയരാൻ കാരണമായത്. നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും എന്നാൽ കുറേകാലമായി അകന്നുകഴിയുകയാണെന്നുമാണ് നടി പ്രതികരിച്ചത്. ഒരു യുട്യൂബ് ചാനലിനുനൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
സുനിച്ചനുമായി ഒരു കോൺടാക്‌ടുമില്ല. മകനെ അദ്ദേഹം വിളിക്കും, സംസാരിക്കും. അവൻ കാണാൻ പോകാറുമുണ്ട്. അതൊന്നും ഇല്ലാതാക്കാൻ ഞാൻ ആരുമല്ല. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് സംസാരവും ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരുപാട് കാലമൊന്നും ജീവിക്കാൻ പറ്റില്ല. അപ്പോഴേക്കും നമ്മുടെ കിളിയൊക്കെ പാറിപ്പോകും. മനസിന് തൃപ്‌തി തരുന്നത് ചെയ്യുക. മറ്റുള്ളവർക്ക് ഉപദ്രവമാകരുത്. എന്റെ മകൻ നാളെ എന്റെ പേരിൽ എവിടെയും തലകുനിക്കരുതെന്ന നിർബന്ധം എനിക്കുണ്ട്.
ഇയാളില്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കുമെന്നാലോചിച്ച് മുൻപൊക്കെ കരഞ്ഞിട്ടുണ്ട്. ജീവിക്കാനുള്ള ഭയമായിരുന്നു അതിന് കാരണം. ഇന്ന് അതില്ല. പണം വന്നതുകൊണ്ടാണെന്ന് നിങ്ങൾ പറയും. എന്നാൽ അങ്ങനെയല്ല. അക്കൗണ്ടിൽ ചെറിയ പൈസയേയുള്ളൂ. കടങ്ങൾ തീർക്കുന്നു. മകനെ പഠിപ്പിക്കുന്നു. ഒരു മൂക്കുത്തി അല്ലാതെ വേറൊന്നും ഇല്ലാതിരുന്ന കാലത്തിലൂടെ കടന്നുവന്നയാളാണ് ഞാൻ. അന്ന് എന്നെ ചേർത്തുപിടിച്ചത് കുറച്ച് മനുഷ്യരാണ്. അതുകൊണ്ട് എനിക്ക് കിട്ടിയത് മറ്റുള്ളവർക്ക് കൊടുക്കാൻ ശ്രമിക്കും. എല്ലാ മനുഷ്യരെയും സ്‌നേഹിക്കാൻ എനിക്ക് പറ്റാറില്ല. എന്നെ സ്‌നേഹിച്ച് ജീവിക്കാൻ തന്നെയാണ് എനിക്കിഷ്ടം'- മഞ്ജു പത്രോസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |