
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കടക്കം ചിഹ്നം അനുവദിച്ചതോടെ ചിലരുടെ ആശ നിരാശയായി. ചിലർക്ക് പ്രതീക്ഷിച്ചതു തന്നെ കിട്ടി. പ്രതീക്ഷിച്ച ചിഹ്നം കിട്ടുമെന്ന് കരുതി പോസ്റ്റർ അടിച്ചവരിൽ ചിലർ പെടുകയും ചെയ്തു.
ആർ.എം.പി സ്ഥാനാർത്ഥി കെ.കെ.രമയ്ക്ക് മുമ്പ് മത്സരിച്ച ഫുട്ബാൾ ചിഹ്നത്തിനു പകരം ടെലിവിഷനാണ് അനുവദിച്ചത്. പ്രതിഷേധമറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. ഫുട്ബാൾ ചിഹ്നത്തിൽ പോസ്റ്ററുകളും ഫ്ലക്സുകളും സ്ഥാപിച്ചിരുന്നു. അവയെല്ലാം മാറ്റേണ്ടി വരും. സി.പി.എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരന് തെങ്ങിൻതോപ്പാണ് ചിഹ്നം.
പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണന് ലഭിച്ചത് 'ഇലക്ട്രിക് പോൾ'. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രന് എൻ.സി.പിയുടെ ക്ലോക്ക് ചിഹ്നം ഇത്തവണയില്ല. ലഭിച്ചത് 'കാഹളം മുഴക്കുന്ന മനുഷ്യൻ'. എൻ.സി.പി അജിത് പവാർ വിഭാഗത്തിനാണ് ക്ലോക്ക് കിട്ടിയത്. ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവറിന് പാർട്ടി ചിഹ്നത്തിനു പകരം ലഭിച്ചത് 'ഗ്യാസ് സിലിണ്ടർ'. തളിപ്പറമ്പിലെ യു.ഡി.എഫ് സ്വതന്ത്രൻ ടി.കെ. ഗോവിന്ദനും ഗ്യാസ് സിലിണ്ടർ തന്നെ ചിഹ്നം.
സുധീർ കരമനയ്ക്ക് ക്യാമറ
സി.പി. ജോണിന് കപ്പൽ
തിരുവനന്തപുരത്തെ സി.എം.പി സ്ഥാനാർത്ഥി സി.പി. ജോണിന് കപ്പലും എൽ.ഡി.എഫ് സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും ചിഹ്നമായി അനുവദിച്ചു. പാലക്കാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖിന് കുടമാണ് ചിഹ്നം. തവനൂരിൽ തുടർച്ചയായ മൂന്നാം വിജയത്തിനായി ഇറങ്ങുന്ന ഇടതു സ്ഥാനാർത്ഥി ഡോ.കെ.ടി. ജലീലിന് ഇത്തവണയും 'ലോറി' ചിഹ്നമായി കിട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |