
ഓരോ ദിവസവും ഓരോ വിവാദങ്ങളാണ്. ഇനിയുള്ള 10 ദിവസം കേരളം എന്തൊക്കെ കാണും, എന്തിനൊക്കെ സാക്ഷ്യം വഹിക്കും എന്നത് കണ്ടറിയണം. ജമാഅത്തെ, എസ്.ഡി.പി.ഐ, ബി.ജെ.പി ഡീൽ, വോട്ടുകച്ചവടം... ആരോപണങ്ങൾ നിരവധി. പ്രധാനമന്ത്രി കേരളത്തിലെത്തി എൻ.ഡി.എയുടെ തിരഞ്ഞെടുപ്പിന് ആവേശം പകർന്നപ്പോൾ വർഗീയതയോട് കടക്ക് പുറത്തെന്ന പഴയ പരാമർശത്തെ ഓർമ്മിപ്പിച്ച് പിണറായിയുടെ വാക്കുകൾ. പിണറായി അല്ല നുണറായി എന്ന് സതീശൻ. സതീശനല്ല നുണയാശാൻ എന്ന് പിണറായി. ഇവർക്കൊന്നും വേറൊന്നും പറയാനില്ലേ എന്ന് രാജീവ് ചന്ദ്രശേഖർ. വാദം മറുവാദം തുടരുന്നു.
വോട്ടിനുവേണ്ടി അവസരവാദ നിലപാടില്ല
പിണറായി
സി.പി.എം-എസ്.ഡി.പി.ഐ ഡീൽ ആരോപണം കള്ളമാണ്. രാഷ്ട്രീയ നേട്ടത്തിനായാണ് യു.ഡി.എഫ് ഇത്തരത്തിൽ പറയുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള എല്ലാ വർഗീയ ശക്തികളെയും എതിർക്കുന്ന നിലപാടാണ് എൽ.ഡി.എഫിനുള്ളത്. എസ്.ഡി.പി.ഐയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് അവരോട് തന്നെ ചോദിക്കണം. ഏതാനും വോട്ടിന് വേണ്ടി അവസരവാദ നിലപാട് എൽ.ഡി.എഫ് സ്വീകരിക്കാറില്ല. തത്വാധിഷ്ഠിത നിലപാടാണുള്ളത്. വർഗീയതയെ എതിർക്കുന്നത് നാടിന് ആപത്തായതിനാലാണ്. കേരളത്തിൽ കഴിഞ്ഞ 10 വർഷം വർഗീയ കലാപമോ വർഗീയ സംഘർഷങ്ങളോ ഇല്ലാത്തത് എൽ.ഡി.എഫ് ഭരിക്കുന്നതിനാലാണ്. മങ്കടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.ഡി.പി.ഐ വോട്ട് സ്വീകരിക്കുമോ എന്നത് അയാളോട് ചോദിക്കണം. സതീശന് നേരം വെളുത്താൽ വൈകുംവരെ നുണപറയാനേ നേരമുള്ളൂ. സതീശൻ നുണയാശാനായിരിക്കുന്നു. വയനാട്ടിൽ വീട് കൊടുക്കുമെന്നു പറഞ്ഞവരോടും സംസ്ഥാനത്തെ ജനതയോടും വിശദീകരിക്കണം. ഈ സർക്കാരിനെതിരെ പറഞ്ഞതെന്തെങ്കിലും നടപ്പാക്കാതിരുന്നതായി ആരോപണമുണ്ടെങ്കിൽ ജനമദ്ധ്യത്തിൽ വിളിച്ചു പറയണം.
@ ഞാനല്ല നുണേശൻ, പിണറായിയാണ് നുണറായി
വി.ഡി.സതീശൻ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നാലുലക്ഷം വീട് വച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് കാണാം. താൻ എല്ലാം പഠിച്ചു പറയുന്ന ആളാണ്. തന്നെ എങ്ങനെയെങ്കിലും തകർക്കണം. അതാണ് ഇങ്ങനെ തന്നെ നുണേശൻ എന്ന് വിളിക്കുന്നത്. അവനെ എങ്ങനെ എങ്കിലും പെണ്ണ് കേസിൽപെടുത്തണം എന്ന് ഒരു സിനിമയിൽ ശങ്കരാടി പറഞ്ഞതു പോലെ.
വികസനം സംബന്ധിച്ചാണെങ്കിൽ മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ. ജമാത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ജമാത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കുകയും അതോടെ ആ നുണ പൊളിയുകയും ചെയ്തു. ആരാണിവിടെ നുണപറയുന്നത്. ജനം തീരുമാനിക്കട്ടെ.
ഇവർക്കൊന്നും വേറെ പണിയില്ലേ
രാജീവ് ചന്ദ്രശേഖർ
കേരളം നിർണായകമായ ഒരു തിരഞ്ഞെടുപ്പിലേക്ക് നടക്കുമ്പോൾ അനാവശ്യ വിവാദങ്ങളുയർത്തി ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇരുമുന്നണികളും. രണ്ട് മുന്നണികളേയും നയിക്കുന്നവർ, ആർക്കും ആവശ്യമില്ലാത്ത ജനത്തെ ബാധിക്കാത്ത കാര്യങ്ങളാണ് ദിവസവും ചർച്ച ചെയ്യുന്നത്. ഇന്നലെ നരേന്ദ്രമോദി കേരളത്തിൽ വന്നതോടെ തിരഞ്ഞെടുപ്പ് ചിത്രമാകെ മാറുകയാണ്. എല്ലാവർക്കും ഹാലിളകും. കേരളത്തിന്റെ വികസനങ്ങളിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന മാസ്റ്റർ പ്ലാനുമായാണ് ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടുപോകുന്നത്. ജനത്തിന്റെ ജീവിത നിലവാരമുയർത്തുന്നതും വികസനവുമാണ് എൻ.ഡി.എയുടെ ചർച്ച. അത് ഒന്നോ രണ്ടോ മണ്ഡലങ്ങളിലല്ല. കേരളത്തിലങ്ങോളം അലയടിക്കും. അതിനിടയിൽ വിഭ്രാന്തി പൂണ്ട് അനാവശ്യ ഡീൽ വിവാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് രണ്ടുകൂട്ടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |