SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.56 PM IST

കർഷകരെ പിഴിയുന്ന മില്ലുകാർ

Increase Font Size Decrease Font Size Print Page
d

കാലാവസ്ഥാവ്യതിയാനവും ഉത്പാദനക്കുറവുമെല്ലാം നെൽക്കർഷകരെ തീ തീറ്റിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിനിടയിലാണ് നെല്ല് സംഭരിക്കുന്ന സ്വകാര്യമില്ലുകാരുടെ ചൂഷണം. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചെന്ന നിലയിലാണ് തൃശൂരിലെ കോൾ കർഷകർ. ജലാംശമുണ്ടെന്നും കറുത്ത മണിയുണ്ടെന്നും മറ്റും തൊടുന്യായങ്ങൾ പറഞ്ഞ് സ്വകാര്യ മില്ലുകാർ കർഷകരിൽ നിന്ന് വാങ്ങുന്നത് 100 കി.ഗ്രാം നെല്ലിന് മൂന്ന് കി.ഗ്രാം കിഴിവാണ്. 100 കി.ഗ്രാം നെല്ല് സംഭരിക്കുമ്പോൾ 97 കി.ഗ്രാമിന്റെ പണം മാത്രമേ നൽകൂ. പി.ആർ.എസ് അടിക്കേണ്ടി വന്നപ്പോഴാണ് ഇതേപ്പറ്റി കർഷകർക്ക് വ്യക്തമാകുന്നത്. കിഴിവ് ഒഴിവാക്കിത്തന്നില്ലെങ്കിൽ പുല്ലഴിയിലെ കർഷകരും കുടുംബവും തൊഴിലാളികളും വോട്ട് ബഹിഷ്കരിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങുമെന്ന് കർഷകർ പറയുന്നു. എല്ലാ മില്ലുകാരും ഒന്നിച്ച് കിഴിവ് ചോദിച്ച് കർഷകരെ സമ്മർദ്ദത്തിലാക്കുകയായിരുന്നുവെന്ന് പറയുന്നു. വേനൽ മഴ പെയ്താൽ നെല്ല് നശിക്കുമെന്ന ആശങ്കയിലായിരുന്നു കർഷകർ. നെല്ല് സംഭരിക്കണമെന്ന ഉത്തരവിട്ടെങ്കിലും മുൻപ് മില്ലുടമകൾ അംഗീകരിച്ചിരുന്നില്ല. തുടർന്ന്, കളക്ടർ ഇടപെട്ട് നെല്ല് സംഭരണ നടപടികൾ തുടങ്ങിയത്. സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് ശേഖരിക്കാൻ മിൽ ഉടമകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഈർപ്പമില്ല... എന്നിട്ടും!

ഈർപ്പം പതിനേഴ് ശതമാനത്തിൽ കൂടുതലായാലാണ് കിഴിവ് നൽകാറുളളത്. എന്നാൽ 15.2 ശതമാനം ഗുണമേൻമയുള്ള ഉമ നെല്ലിന് ഒന്നര മാസത്തോളമായി മൂന്നുശതമാനം കിഴിവ് നൽകേണ്ട ബാദ്ധ്യതയാണ് കർഷകർക്കുളളത്. ആകെ ഒരു മില്ലിനെ മാത്രമാണ് നെല്ല് സംഭരണത്തിന് ലഭ്യമാക്കിയതെന്നും പറയുന്നു. കിഴിവ് നൽകുമ്പോൾ ഒരേക്കർ കൃഷിയിൽ നിന്നും 2700 രൂപയോളം നഷ്ടം സഹിക്കണമെന്നാണ് കർഷകർ പറയുന്നത്. പുല്ലഴി പടവിനോടുചേർന്ന പടവുകളൊന്നും കിഴിവ് നൽകുന്നില്ലെന്നും പറയുന്നു. ഏറ്റവും വലിയ കോളുകളിൽ ഒന്നാണ് പുല്ലഴി കോൾപ്പടവ്. പുല്ലഴിയിൽ മാത്രം കൃഷി ചെയ്തത് 750 ഏക്കറാണ്. കൊയ്ത്ത് കഴിഞ്ഞത് ഏതാണ്ട് പകുതിയിലേറെയാണ്. നെല്ല് കിലോഗ്രാമിന് വില മുപ്പത് രൂപയാണ്.

കോൾപ്പാടങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ

തൃശൂർ ജില്ലയിലെ കോൾപാടങ്ങൾ 30,000 ഏക്കറിലാണ്. കൃഷിയിറക്കുന്നത് 25,000 ഏക്കറിലും. കൊയ്ത്ത് നടക്കുന്നത് മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ്. സംസ്ഥാനത്തിന്റെ പ്രധാന നെല്ലറകളായ കോൾനിലങ്ങൾ നെല്ലുത്പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. കാലാവസ്ഥയിലെ തകിടം മറിച്ചിലുകളും മലിനീകരണം കൊണ്ടുള്ള പ്രതിസന്ധികളും സർക്കാരിന്റെ സഹായങ്ങൾ ലഭ്യമാകാത്ത അവസ്ഥയും കാരണം അടുത്തകാലത്ത് ഗുരുതരമായ പ്രതിസന്ധിയിലാണ് കോൾനിലങ്ങൾ. അതിനിടയിലാണ് സ്വകാര്യമില്ലുകാർ ചൂഷണം തുടരുന്നത്. സിവിൽ സപ്ളെെസ് കോർപറേഷൻ ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തില്ലെന്നാണ് പ്രധാന പരാതി. സിവിൽ സപ്ളെെസ് കോർപറേഷൻ മില്ലുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയതാണ് പ്രശ്നമായതെന്ന് തൃശൂർ ജില്ലാ കോൾ കർഷക സംഘം ജനറൽ സെക്രട്ടറി കെ.കെ. കൊച്ചു മുഹമ്മദ് പറയുന്നു. വേനൽച്ചൂടിനിടെ കൊയ്ത്ത് വൈകിയാൽ വിളഞ്ഞുപാകമായ നെല്ല് ചാഞ്ഞ് വീഴും. നെന്മണി കൊഴിഞ്ഞുപോകും. ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്യും. ന്യൂനമർദ്ദവും അതിതീവ്രമഴയും കോൾ കർഷകർക്ക് ഇരുട്ടടിയായതോടെ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. പലയിടങ്ങളിലും കൊയ്ത്ത് വൈകുകയും ചെയ്തു. വേനൽച്ചൂട് ശക്തമാകുന്നതോടെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകുമെന്നതാണ് പ്രധാന പ്രതിസന്ധി.


നഷ്ടപരിഹാരവുമില്ല, വിലയുമില്ല

മുൻ വർഷങ്ങളിൽ കൃഷിനാശം സംഭവിച്ചെങ്കിലും നഷ്ടപരിഹാരം യഥാസമയം കിട്ടിയില്ല. ഈയാണ്ടിലും നഷ്ടപരിഹാരം കിട്ടുമെന്ന് കർഷകർക്ക് പ്രതീക്ഷയില്ല. മുൻ കാലങ്ങളിൽ വർഷകാലത്ത് മുങ്ങിയത് 350 ഏക്കർ പാടമാണ്. മഴക്കാലത്ത് വെള്ളക്കെട്ടും മഴയൊഴിഞ്ഞാൽ ജലക്ഷാമവുമെല്ലാം പ്രശ്നങ്ങൾ തന്നെ. ഉയർന്ന സ്ഥലങ്ങളിൽ നിന്നെല്ലാം മഴവെള്ളം ഒഴുകിയെത്തുന്നത് കോൾപ്പാടങ്ങളിലേക്കാണ്. അമ്ലാംശം വർദ്ധിക്കാൻ ഇത് കാരണമാകുന്നുണ്ട്. അമിതമായ രാസവള പ്രയോഗവും ദോഷമാകുന്നുണ്ട്. നൂറുകണക്കിന് ഏക്കർ കോൾപ്പാടത്ത് കുളവാഴയും ചണ്ടിയും കരുവാലിയുമെല്ലാം സമീപകാലങ്ങളിൽ കടുത്ത പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്നുണ്ട്. നഗരത്തിൽ വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിനും ഈ ജലസസ്യങ്ങൾ കാരണമാകുന്നുണ്ട്. അടിത്തട്ടിൽ ഇവയുടെ വേരുകൾ മതിലുകൾ പോലെ മണ്ണിൽ ചേർന്ന് ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. കരുവാലി എന്ന സസ്യം അടുത്ത കാലത്ത് വിദേശരാജ്യങ്ങളിൽ നിന്നെത്തിയതാണെന്നാണ് കരുതുന്നത്. പെട്ടെന്ന് കോൾപ്പാടങ്ങളിലെ കനാലുകളിൽ ഇത് വ്യാപിക്കുകയായിരുന്നു. അധിനിവേശ സസ്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചെറുതല്ല.

ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളം കോൾപ്പാടങ്ങളുടെ വടക്കൻ മേഖലകളിലേക്ക് എത്താതിരുന്നതും കഴിഞ്ഞ മാസങ്ങളിൽ പ്രശ്നമായിരുന്നു. മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്നതിനാൽ തട്ടിത്തടഞ്ഞ് പതുക്കെയാണ് വെള്ളമെത്തിയിരുന്നത്. പുല്ലഴി ഭാഗങ്ങളിൽ കോൾപ്പാടത്ത് കൊയ്ത്ത് തുടങ്ങാനിരിക്കെയാണ് വരൾച്ച പ്രതിസന്ധിയായത്. കർഷകരുടെ കഷ്ടപ്പാടുകൾക്കിടെയാണ് സ്വകാര്യ മിൽ കമ്പനിക്കാർ പതിവില്ലാത്ത രീതിയിൽ നെല്ലിന്റെ വിലയിൽ കിഴിവ് ചോദിച്ചത് ചേനം, പള്ളിപ്പുറം പടവുകളിൽ പ്രതിസന്ധി ഉയർത്തി. താറാവുകൃഷിക്ക് വെള്ളം കൊണ്ടുപോകുന്നതും ദുരിതത്തിലാക്കുന്നതായി കർഷകർക്ക് പരാതിയുണ്ടായിരുന്നു. എന്തായാലും കർഷകരെ ഇനിയും സംരക്ഷിച്ചില്ലെങ്കിൽ പുതുതലമുറ കാർഷികമേഖലയോട് മുഖം തിരിക്കുമെന്ന് ഉറപ്പാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.