SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.59 AM IST

ഇറാൻ യുദ്ധത്തിൽ ഇന്ത്യയുടെ ഊർജ രാജ്യതന്ത്രം

Increase Font Size Decrease Font Size Print Page
a

ഇറാൻ യുദ്ധം ലോകത്തെ ഊർജസഞ്ചാരത്തെ പുനർ നിർമിക്കുകയും അതിന്റെ സുപ്രധാന സഞ്ചാരപഥമായ ഹോർമൂസ് കടലിടുക്ക് പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ഇന്ത്യയെപ്പോലെ സങ്കീർണത നേരിടുന്ന രാജ്യങ്ങൾ ചുരുക്കമാണ്. ഇന്ത്യക്ക് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 90 ശതമാനത്തിനും ആശ്രയിക്കുന്നത് ഗൾഫിലെ ഊർജമേഖലയെയാണ്. അതുകൊണ്ട് ഏറ്റവും കൂടുതൽ സാമ്പത്തികത്തകർച്ച നേരിടേണ്ടിവരുമായിരുന്നതും ഇന്ത്യയാണ്. എന്നാൽ നമുക്കു മുന്നിൽ തെളിയുന്നത് മറ്റൊരു ചിത്രമാണ്.

പ്രതിസന്ധിക്കു പകരം, ഇന്ത്യ കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്നതാണു സത്യം. പ്രതിസന്ധിക്കു വഴങ്ങുകയല്ല, പൂർവസ്ഥിതിയിലേക്ക് തിരിച്ചു പോകാൻ കഴിയുന്നുണ്ട് ഇന്ത്യക്ക്. ഇതു സാധിക്കുന്നതാകട്ടെ ദീർഘകാലാടിസ്ഥാനത്തിൽ ഊർജമേഖലയിൽ നടത്തുന്ന വൈവിധ്യവൽക്കരണവും സമർത്ഥമായ നയതന്ത്ര ഇടപെടലുകളും കൊണ്ടാണ്.

ഘടനാപരമായ മാറ്റം
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയും എൽ.എൻ.ജി , എൽ. പി. ജി എന്നിവയുടെ സിംഹഭാഗവും കൊണ്ടുവരുന്നത് ഹോർമുസ് കടലിടുക്കു വഴിയാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഈ കടലിടുക്കു വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയപ്പോൾ ഇന്ത്യ കൂടുതൽ ആശങ്കയിലായി. എണ്ണ വില വർധനവ്, എണ്ണ വിതരണത്തിലെ കുറവ്, വർധിച്ചുവന്ന മറ്റു സമ്മർദങ്ങൾ എന്നിവയാണ് ആശങ്കകൾ സൃഷ്ടിച്ചത്. എന്നാൽ ഇന്ത്യ ഇതിനോട് വികാരപരമായല്ല പ്രതികരിച്ചത്. പതിറ്റാണ്ടുകളിലൂടെ ആർജ്ജിച്ച കൃത്യമായ നയതന്ത്രങ്ങളിലൂടെയാണ് നേരിട്ടത്. വൈവിധ്യവൽക്കരണമാണ് ഇന്ത്യയുടെ സുപ്രധാന സുരക്ഷ . കഴിഞ്ഞ വർഷങ്ങളിൽ ന്യൂഡൽഹിക്ക്,​ രാജ്യത്തിന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനുള്ള സംവിധാനം ആറ് ഭൂഖണ്ഡങ്ങളിലായി 30 രാജ്യങ്ങളിൽ നിന്ന് 40 രാജ്യങ്ങളായി വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈയൊരു മാറ്റം ഇപ്പോൾ നമുക്ക് ലാഭവിഹിതം നൽകിക്കൊണ്ടിരിക്കുകയാണ്.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന വരവിൽ പ്രതിസന്ധി നേരിട്ടപ്പോൾ നമ്മൾ റഷ്യ, അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, മറ്റ് ഭൂഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇന്ധന ഇറക്കുമതി വർധിപ്പിച്ചു. ഈയിടെ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ഗൾഫിൽ നിന്ന് റഷ്യയിലേക്കു മാറ്റം വരുത്തിയത് എന്തെങ്കിലും പരിഭ്രാന്തിയുടെ ലക്ഷണമല്ല. മറിച്ച് ഇന്ത്യൻ സംവിധാനം രൂപപ്പെടുത്തിയ മെയ് വഴക്കത്തിന്റെ തെളിവാണ്. മാത്രമല്ല, ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിച്ചുള്ള ഇന്ധന വരവിൽ നിന്നുള്ള മാറ്റം കൂടിയാണ്. ഇതുകേവലം വൈവിധ്യവൽക്കരണം മാത്രമല്ല; മറിച്ച് തന്ത്രപരമായ കവചം ഒരുക്കൽ കൂടിയാണ്.

കരുതൽ ശേഖരവും ആഭ്യന്തര ശേഷിയും
ഏതു പ്രതിസന്ധിയും നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് നമ്മുടെ കരുതൽ ശേഖരത്തിലും പ്രകടമാണ്. ഈ കരുതൽ ശേഖരം പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് താങ്ങാവുന്നുണ്ട്. ഇതോടൊപ്പം കൽക്കരിയുടെ ആഭ്യന്തര ഉല്ലാദനവും പുതിയ ഇന്ധന സാധ്യതകളും രാജ്യത്തിന്റെ ഇന്ധന സംവിധാനം പുതിയൊരു തലത്തിൽ സുസ്ഥിരമാക്കാൻ സഹായിച്ചു. സംഘർഷം ഉളവാക്കിയ പ്രതിസന്ധി, കൽക്കരിയും മറ്റ് പുതുക്കിയ ഉല്പാദന സാധ്യതകളും പ്രയോജനപ്പെടുത്തി നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസം രാജ്യത്തിനുണ്ട്. ഇതു തെളിയിക്കുന്നത് ഇന്ത്യ ഇന്ധന ലഭ്യതയുടെ കാര്യത്തിൽ ഇനി ഒരു രാജ്യത്തിന്റെയും ബന്ദിയല്ല എന്നാണ്. അതുകൊണ്ട് ഏതെങ്കിലും ഒരിടത്തുണ്ടാകുന്ന പ്രതിസന്ധി ബഹുതല ഇന്ധന സംവിധാനത്തിലൂടെ നേരിടാൻ നമുക്കു കഴിയുന്നു. സോളാർ ,വിൻഡ്, ബാറ്ററി എന്നിവ വഴിയുള്ള ഊർജ ശേഖരം കേവലം കാലാവസ്ഥാ വ്യതിയാനം നേരിടുക എന്നതിലല്ല, മറിച്ച് നമ്മുടെ തന്ത്രപരമായ സ്വയംഭരണാവകാശത്തിന്റെ പ്രശ്നം കൂടിയാണ്.

നയതന്ത്ര പ്രയോഗം ശാന്തം, പക്ഷെ ഫലപ്രദം
സമാനമായ വിധത്തിൽ സവിശേഷമാണ് ഇന്ത്യയുടെ നയതന്ത്ര സമതുലനം. ഇറാനുൾപ്പെട്ട സംഘർഷ പശ്ചാത്തലത്തിൽ ഏതെങ്കിലും കർക്കശ നിലപാടെടുക്കുന്നതിനു പകരം, എല്ലാ വിഭാഗങ്ങളുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഇന്ത്യ നിലപാടെടുത്തത്. ഈ നിലപാട് ഇന്ധന സ്രോതസ്സുകളിൽ നല്ല മെയ്വഴക്കം കാണിക്കാൻ നമുക്കു കഴിഞ്ഞു. അടുത്തയിടെ ചെറിയ തോതിൽ ഉപരോധത്തിൽ കിഴിവുണ്ടായപ്പോൾ ഇന്ത്യൻ ഖനന മേഖല ഇറാൻ എണ്ണ വാങ്ങാനെടുത്ത തീരുമാനം എല്ലാ തൽപ്പരകക്ഷികളുമായി നല്ല ബന്ധം തുടരാൻ കഴിയുന്നതിന്റെ തെളിവാണ്. അതോടൊപ്പം, ഇന്ധന ഉൽപ്പാദനത്തിലെ വമ്പൻ ശക്തികളായ റഷ്യയും അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ആഴത്തിലാക്കാനും ഇന്ത്യക്കു കഴിയുന്നുണ്ട്. ഇങ്ങനെ വൈവിധ്യ തലങ്ങളിലുള്ള ഇടപെടൽ കൊണ്ട് ഏതെങ്കിലും ഒരു മേഖലയിലുണ്ടാകുന്ന പ്രതിസന്ധിക്ക് നമ്മുടെ ഇന്ധന സുരക്ഷിതത്വത്തെ തകിടം മറിക്കാനാവില്ല. ഇക്കാര്യത്തിലെ ഇന്ത്യയുടെ നയതന്ത്രം വെറും വാചാടോപമല്ല, മറിച്ച് ഫലസിദ്ധി ഉളവാക്കുന്നതാണ്.

പ്രതിസന്ധി കൈകാര്യം ചെയ്യൽ
ഓർക്കാപ്പുറത്ത് ഉണ്ടായ പ്രതിസന്ധി ഇന്ത്യ പ്രായോഗികമായി കൈകാര്യം ചെയ്തു. ഗാർഹിക പാചക വാതക ഉപയോഗം കുറ്റമറ്റതാക്കുന്നതിലാണ് ഇന്ത്യ മുൻഗണന നൽകിയത്. അതോടൊപ്പം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ധനക്കപ്പലുകൾ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിൽ ഫലപ്രദമായ ഇടപെടൽ നടത്തി. ഇതുവഴി ഇന്ധന വിതരണത്തെയും രാജ്യത്തെ പൗരജനങ്ങളെയും ഒരേപോലെ സംരക്ഷിക്കാനും കഴിഞ്ഞു. ഇന്ധന വിവരങ്ങൾ ദേശസുരക്ഷയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത് ന്യൂഡൽഹി എങ്ങനെയാണ് പ്രതിസന്ധിയെ സമീപിക്കുന്നത് എന്നതിനു അടിവരയിടുന്നു. ഇത് നടപടികളെടുക്കുന്ന ഭരണത്തിനു തെളിവാണ്. ഊർജ സുരക്ഷയുടെ നവമാതൃക വലിയൊരു പാഠം സമ്മാനിച്ചു. 21-ാം നൂറ്റാണ്ടിലെ ഊർജസുരക്ഷ കേവലം സ്വയം പര്യാപ്തതയിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് നയതന്ത്രജ്ഞതയുടെ കുടെ പ്രശ്നമാണ്.

ഇന്ത്യയുടെ സമീപനം
മൂന്ന് തൂണുകളെ ആശ്രയിച്ച്

ഒന്നാമത്തേത് ഇന്ധന വിതരണക്കാരുടെയും വിതരണ മാർഗങ്ങളുടെയും വൈവിധ്യവൽക്കരണമാണ്. രണ്ടാമത്തേത് ആഭ്യന്തര ഉൽപ്പാദനവും നവീന ഇന്ധന ലഭ്യതയും വികസിപ്പിക്കലാണ്. മൂന്നാമത്തേതാകട്ടെ, വിവിധ ഭൂപ്രദേശങ്ങളുമായുള്ള നയതന്ത്ര മെയ്വഴക്കമാണ്. ഇതെല്ലാം ചേർന്ന് വളരെ പുരോഗമനപരവും ഭാവി മുന്നിൽക്കണ്ടു കൊണ്ടുള്ളതുമായ സംവിധാനമാണ് നാം രൂപപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും വലിയ സന്ദേശം
ഇറാൻ യുദ്ധം വെറുമൊരു പ്രാദേശിക സംഘർഷമല്ല. ആഗോള തലത്തിൽത്തന്നെയുള്ള ഊർജ സംവിധാന പ്രതിസന്ധി നേരിടുകയെന്ന പ്രശ്നമാണ്. പല രാജ്യങ്ങളും ഏതെങ്കിലും ഒരു മേഖലയെ മാത്രം ആശ്രയിക്കുക വഴി സ്വയം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. എന്നാൽ നയതന്ത്രപരമായ സ്വയംഭരണാവകാശവും സാമ്പത്തിക പ്രായോഗികതയും ചേർന്ന് എത്ര കലങ്ങിമറിയുന്ന സന്ദർഭങ്ങളേയും മറികടക്കാനാവും എന്നാണ് ഇന്ത്യ തെളിയിക്കുന്നത്. ഇതാണ് ശരിയായ ഊർജനയതന്ത്രജ്ഞത. ഇപ്പോഴത്തെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് വെറും ആകസ്മികമല്ല. മറിച്ച് വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന നയതന്ത്ര ചാരുതയാണ്.

വെല്ലുവിളികൾ അവശേഷിക്കുന്നുണ്ട് എന്നത് ശരിയാണ്. വിലയിലെ അസ്ഥിരത, വിതരണ ശൃംഖലയിലെ തകരാറുകൾ, ഭൂപ്രദേശപരമായ പ്രശ്നങ്ങൾ എന്നിവയൊക്കെ ഈ സംവിധാനത്തിന്റെ ഗരിമ പരിശോധിക്കപ്പെടുന്ന ഘടകങ്ങളാണ്. എന്നാലും വിശാലമായ പ്രവണത വ്യക്തമാണ്.
ഇന്ത്യ കേവലം ഇന്ധനം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമല്ല. മറിച്ച്, ഊർജരംഗത്ത് ഫലസിദ്ധിയുളവാക്കുന്ന നയതന്ത്രപരത സ്വന്തമാക്കിയ രാജ്യമാണ്. രാജ്യങ്ങൾ ഒരു പരിധിവരെ ഊർജ ഇടനാഴികളെ ആശ്രയിക്കുമ്പോൾ, ഇന്ത്യയുടെ ഈ സമീപനം വ്യത്യസ്തത പുലർത്തുകയാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.