
പെരിന്തൽമണ്ണ: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാൻ ശ്രമിച്ച പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി കണ്ണൻതൊടി മുഹമ്മദ് റോഷൻ (31) പിടിയിൽ. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും പെരിന്തൽമണ്ണ പൊലീസാണ് പിടികൂടിയത്. പാണക്കാട് മുഈനലി തങ്ങളുടെ പരാതിയിലാണ് കേസെടുത്തത്. കാപ്പാ കേസ് പ്രതിയായ മുഹമ്മദ് റോഷൻ ബംഗളൂരുവിൽ ഒളിവിലായിരുന്നു. ജനുവരി 31ന് മുഈനലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ മാളിലേക്ക് വിളിച്ചുവരുത്തിയ റോഷൻ, സാദിഖലി തങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വ്യാജേന ചില വ്യാജ ഫോട്ടോകളും വീഡിയോകളും കാണിച്ചു. തുടർന്ന് ഇവ പ്രചരിപ്പിക്കാതിരിക്കാൻ 15 കോടി ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തതിനെ തുടർന്ന് ഷാനു ഷാനു എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ദൃശ്യങ്ങളിട്ടത്. കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മുസ്ലിം ലീഗിന്റെ പരാതിയിൽ മലപ്പുറം സൈബർ പൊലീസും അന്വേഷണമാരംഭിച്ചിരുന്നു. സംഭവം വിവാദമായതോടെ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |