തിരുവനന്തപുരം: സെപ്റ്റംബർ 30നകം 24-25ലെ വാർഷിക റിട്ടേൺ ഫയൽ ചെയ്യണമെന്ന കേന്ദ്ര മാനദണ്ഡം ലംഘിച്ച് സംസ്ഥാനത്തെ ഭൂരിപക്ഷം മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളും. സംസ്ഥാനത്തെ 100 സഹകരണ സംഘങ്ങളിൽ 54 എണ്ണവും കണക്ക് നൽകിയില്ല.
സാമ്പത്തിക വർഷം കഴിഞ്ഞ് ആറു മാസത്തിനകം വാർഷിക റിട്ടേൺ ഫയൽ ചെയ്യണമെന്നാണ് വ്യവസ്ഥ. സെപ്റ്റംബർ 30ന് സമയപരിധി കഴിഞ്ഞു. കണക്ക് നൽകാത്ത ഏറ്റവും കൂടുതൽ സംഘങ്ങൾ തൃശൂരിലാണ്-10. എറണാകുളം-7, കോഴിക്കോട്-6,തിരുവനന്തപുരം-5, കോട്ടയം-5, കണ്ണൂർ-3, കൊല്ലം-3, ആലപ്പുഴ-2,മലപ്പുറം-2, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. 7 സഹകരണ സംഘമുള്ള ഇടുക്കിയിൽ 4 എണ്ണവും കണക്ക് നൽകിയില്ല. സംഘങ്ങളെല്ലാം 2023, 2024 വർഷങ്ങളിൽ പ്രവർത്തനം തുടങ്ങിയതാണ്.
മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളിൽ പലതും കടലാസിൽ മാത്രമാണെന്ന സംശയം കേന്ദ്രത്തിനുണ്ട്. കഴിഞ്ഞ മൂന്നു വർഷതതിനിടെ കേരളത്തിൽ സംഘങ്ങളുടെ എണ്ണം മൂന്നരിട്ടയായി വർധിച്ചു. 2023 മുതൽ 2025 വരെ 66 സഹകരണ സംഘങ്ങളാണ് പുതിയതായി തുടങ്ങിയത്. ഈ സംഘങ്ങളാണ് വാർഷിക വരുമാന കണക്ക് നൽകാനുള്ളിതിൽ ഏറെയും.
ഇക്കാര്യത്തിൽ കേന്ദ്രം പരിശോധന തുടങ്ങി. ഏപ്രിൽ എട്ടിനകം വാർഷിക വരുമാനം ഫയൽ ചെയ്തില്ലെങ്കിൽ സംഘം പ്രവർത്തന രഹിതമായി കണക്കാക്കും. ഇതിനു മുന്നോടിയായി സംഘങ്ങൾക്ക് നോട്ടീസയച്ചു.നിയമം ലംഘിക്കുന്ന സംഘങ്ങളിലെ ഡയറക്ടർമാരെ ഭരണ സമിതിയിലേക്കു മത്സരിക്കുന്നതിൽ നിന്നു അഞ്ചു വർഷത്തേക്ക് അയോഗ്യരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |