
കണ്ണൂർ : ഓരോ തിരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് പിന്തുണ നൽകി കൊണ്ട് നിരവധി വാഗ്ദാനങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രകടന പത്രികയിൽ മുന്നോട്ടു വയ്ക്കാറുണ്ട്. എന്നാൽ സ്ത്രീകൾക്ക് മതിയായ സീറ്റ് നൽകുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്നിലാണ്. തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ കണ്ണൂരിൽ സ്ത്രീകൾക്ക് അനുവദിച്ച സീറ്റുകളുടെ കുറവ് വീണ്ടും ചർച്ചയാവുകയാണ്. പല മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാരുടെ വലിയ പങ്കാളിത്തമുണ്ടായിട്ടും, രാഷ്ട്രീയ പ്രാതിനിധ്യത്തിൽ സ്ത്രീകൾ പിന്നിലാക്കപ്പെടുന്നതിൽ സ്ത്രീ വോട്ടർമാരിൽ നിന്നും വലിയ വിമർശനം ഉയരുന്നുണ്ട്. ജില്ലയിൽ 78 സ്ഥാനാർത്ഥികളാണ് ആകെയുള്ളത്. അതിൽ പ്രമുഖ മുന്നണികൾക്ക് പേരാവൂരിൽ കെ.കെ. ശൈലജ (എൽ.ഡി.എഫ്) തളിപ്പറമ്പിൽ പി.കെ. ശ്യാമള (എൽ.ഡി.എഫ്.) കൂത്തുപറമ്പിൽ ജയന്തിരാജൻ (യു.ഡി.എഫ്.) എന്നിവർ മാത്രമാണ് വനിതാ സ്ഥാനാർത്ഥികൾ. ഈ സാഹചര്യത്തിൽ, സുരക്ഷ മുതൽ തൊഴിൽ വരെ വിവിധ ജീവിതപ്രശ്‌നങ്ങൾ മുൻനിർത്തി സ്ത്രീ വോട്ടർമാർ ഈ തിരഞ്ഞെടുപ്പിനെ സൂക്ഷ്മമായി വിലയിരുത്തുകയാണ്. സ്ത്രീകൾക്ക് കൂടുതൽ സീറ്റ് ലഭിക്കാത്തതിൽ വിവിവിധ മുന്നണികളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ തന്നെ ഇതിനോടകം പരസ്യമായി വിമർശ്ശനമുന്നയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി പി.കെ.ശ്യാമളയെ തീരുമാനിച്ചതോടെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വലിയ വിമർശ്ശനമാണുയർന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ വലിയ തോതിൽ പ്രതിഷേധവുമായെത്തി. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കളിൽ ഒരാളായ ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ട് പോവുകയും കോൺഗ്രസ് പിന്തുണയോടെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതുമെല്ലാം ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച സംഭവങ്ങളാണ്.
അടുത്തിടെയാണ് അതൃപ്തി പരസ്യമാക്കി എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദ് രംഗത്തെത്തിയത്. കോൺഗ്രസിന്റെ 92 സീറ്റുകളിൽ സ്ത്രീകളെ പരിഗണിച്ചത് ഒൻപതിടത്ത് മാത്രമെന്നും കേരളത്തിലെ കഴിവുള്ള സ്ത്രീകളെ സഹായിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുമെന്നും ഷമ ഫേസ്ബുക്കിൽ കുറിച്ചു. നിരസിക്കപ്പെട്ടു ,പക്ഷേ പരാജയപ്പെട്ടില്ല എന്ന് തുടങ്ങുന്ന കുറിപ്പിൽ താൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ നേതാവ് രാഹുൽ ഗാന്ധിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് ഷമ കുറിച്ചിട്ടുണ്ട്. 24 ലോക്സഭകളിൽ വിതരണം ചെയ്ത 16 ടിക്കറ്റുകളിൽ ഒരേ ഒരു സ്ത്രീക്ക് മാത്രമേ നൽകിയിട്ടുള്ളുവെന്നത് വളരെ വളരെ സങ്കടകരമാണെന്നും ഷമാ മുഹമ്മദിന്റെ കുറിപ്പിലുണ്ട്.
സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ നിലപാടാണ്. പയ്യന്നൂർ: പുരുഷൻ 91006, സ്ത്രീ 97926 ,കല്യാശ്ശേരി: പുരുഷൻ 97648, സ്ത്രീ 106147 ,തളിപ്പറമ്പ്: പുരുഷൻ 111926, സ്ത്രീ 120353 ,ഇരിക്കൂർ: പുരുഷൻ 98862, സ്ത്രീ 100464 ,അഴീക്കോട്: പുരുഷൻ 89967, സ്ത്രീ 98280 ,കണ്ണൂർ: പുരുഷൻ 87817, സ്ത്രീ 94865 ,ധർമ്മടം: പുരുഷൻ 98049, സ്ത്രീ 107950 ,തലശ്ശേരി: പുരുഷൻ 89133, സ്ത്രീ 96707,കൂത്തുപറമ്പ്: പുരുഷൻ 100327, സ്ത്രീ 105444 ,മട്ടന്നൂർ: പുരുഷൻ 97553, സ്ത്രീ 104166 ,പേരാവൂർ: പുരുഷൻ 89726, സ്ത്രീ 92657 എന്നിങ്ങനെയാണ് ജില്ലയിലെ മണ്ഡലങ്ങളിലെ സ്ത്രീ ,പുരുഷ വോട്ടർമാരുടെ എണ്ണം. എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതലുള്ളത് സ്ത്രീ വോട്ടർമാരാണ്. എന്നിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകളെ മുന്നണികളെല്ലാം പാടെ ഒഴിവാക്കുന്ന സ്ഥിതി വിശേഷമുണ്ട്.എന്നാൽ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾ രാഷ്ട്രീയത്തിൽ സജീവമാകാതെ പോയാൽ, ഭരണത്തിൽ സമഗ്രത ഉണ്ടാകില്ലെന്നും അതുകൊണ്ട് തന്നെ സ്ത്രീകളെ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ പങ്കാളികളാക്കാൻ സർക്കാരും സാമൂഹിക സംഘടനകളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സുപ്രധാന നിയമനിർമ്മാണമാണ് വനിതാ സംവരണ ബിൽ. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനാണ് ഈ ബിൽ ശ്രമിക്കുന്നത്. സ്ത്രീ സംവരണ ബിൽ പാസ്സായെങ്കിലും പ്രാബല്യത്തിൽ വരാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.തിരഞ്ഞെടുപ്പിൽ 50 ശതമാനവും അതിനുമുകളിലും സ്ത്രീപ്രാതിനിധ്യമുള്ള ആറു രാജ്യങ്ങൾ ഉണ്ട്. ലോകത്തെ 190 രാജ്യങ്ങളിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്.
രാഷ്ട്രീയപ്പാർട്ടികൾക്ക് പുറത്ത് സ്ത്രീകളുടെ തുല്യ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾ പതിറ്റാണ്ടുകളായി കേരളത്തിൽ ഉയരുന്നുണ്ട്. പാർലമെൻറ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും 33 ശതമാനം സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ തയ്യാറാവണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ മുന്നണികൾക്ക് സ്ത്രീകളുടെ മുൻകൈയിൽ 'പെൺമെമ്മോറിയൽ' സമർപ്പിച്ചത് 2024 ഫെബ്രുവരി 17-നായിരുന്നു.കാസർകോടുമുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് വിവിധ മേഖലകളിൽപ്പെട്ട ഒരു ലക്ഷത്തോളം പേരാണ് പെൺമെമ്മോറിയലിൽ ഒപ്പുവെച്ചത്.
അനിശ്ചിതത്വത്തിൽ സ്ത്രീ സംവരണ ബിൽ
2014 മുതൽ അധികാരത്തിലിരുന്ന മോദി സർക്കാർ 2023 സെപ്റ്റംബർവരെ സ്ത്രീ സംവരണ ബിൽ നിയമമാക്കാൻ ഒരു നടപടിയും എടുത്തില്ല. ബിൽ നിയമമായെങ്കിലും അതു നടപ്പാക്കുന്നതിന് ജനസംഖ്യാ കണക്കെടുപ്പ് നടക്കണം, തുടർന്ന് മണ്ഡല പുനർനിർണയം നടക്കണം എന്നീ രണ്ട് ഉപാധികളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്. പഞ്ചായത്തീരാജ് നിയമം കൊണ്ടുവന്ന് സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കിയത് ഈ ഉപാധികൾ ഒന്നും ഇല്ലാതെയാണ്. മണ്ഡല പുനർനിർണയം വേണ്ടിവരുന്നത് ജനസംഖ്യാനുപാതികമായ മണ്ഡല നിർണയത്തിനു വേണ്ടിയാണ്. മാത്രമല്ല റൊട്ടേഷൻ അടിസ്ഥാനത്തിലാണ് സംവരണ മണ്ഡലം നിശ്ചയിക്കുന്നതെന്ന് നിയമത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യയിലെ വോട്ടർമാരിൽ 50 ശതമാനത്തിലധികം സ്ത്രീകളായിരിക്കെ അനാവശ്യമായ ഈ ഉപാധികൾ വെച്ചത് നിയമനിർമാണ സഭകളിൽ മൂന്നിലൊന്ന് സ്ത്രീകൾ എത്തുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനുള്ള തന്ത്രം മാത്രമാണെന്ന് ആക്ഷേപമാണ് ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |