
തിരഞ്ഞെടുപ്പ് സമയം വാഗ്‌ദാനങ്ങളുടെ പെരുമഴക്കാലം കൂടിയാണ്. വാഗ്‌ദാനങ്ങൾ നൽകുമ്പോൾ അത് മോഹിപ്പിക്കുന്നതും വോട്ടർമാരെ വശീകരിക്കാൻ ഉതകുന്നതും എന്നതിൽ മാത്രമാണ് മുന്നണികൾ ശ്രദ്ധിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഓരോ ഘട്ടത്തിലും വിവിധ പാർട്ടികൾ പുറത്തിറക്കിയ പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ എല്ലാം അവർ പറഞ്ഞ കാലയളവിൽത്തന്നെ നടപ്പാക്കപ്പെട്ടിരുന്നെങ്കിൽ നമ്മുടെ രാജ്യം ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് സാമൂഹ്യപരമായും സാമ്പത്തികപരമായും ഏറെ മുന്നിലാവുമായിരുന്നു. എന്നിരുന്നാലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എന്നും ജനശ്രദ്ധ ആകർഷിക്കുന്നവ തന്നെയാണ്. പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി പൊതുവായ വികസന ലക്ഷ്യങ്ങൾക്കുപരി ഓരോ വ്യക്തിക്കും തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻതന്നെ എന്ത് ഗുണം ലഭിക്കും എന്നതാണ് ഇപ്പോൾ പ്രകടന പത്രികകളിൽ വാഗ്ദാനങ്ങളായി പ്രത്യക്ഷപ്പെടുന്നത്. നിങ്ങൾ എന്തിന് ഞങ്ങൾക്ക് വോട്ട് ചെയ്യണം എന്ന ചോദ്യത്തിന് ഒരു ഉത്തരം പോലെയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. അതിനാൽ തന്നെ അധികാരത്തിൽ വന്നാൽ ഈ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാതിരിക്കാനും അവർക്ക് കഴിയില്ല. ഈ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതി നമ്മുടെ സംസ്ഥാനത്തിനുണ്ടോ എന്നൊരു സംശയം ജനങ്ങളിൽ ഉയർന്നിട്ടുമുണ്ട്.
ജനപ്രിയ വാഗ്ദാനങ്ങൾ മുന്നോട്ട് വയ്ക്കുന്നതിൽ കേരളത്തിൽ മത്സര രംഗത്തുള്ള മൂന്ന് മുന്നണികളും മത്സരിക്കുന്ന ചിത്രം കൂടിയാണ് അവരുടെ പ്രകടനപത്രികകൾ കാഴ്ചവച്ചിരിക്കുന്നത്.പത്തുവർഷത്തെ ഭരണ നേട്ടങ്ങളുടെ അവകാശ പത്രിക ചേർത്താണ് എൽ.ഡി.എഫിന്റെ പ്രകടന പത്രിക. നവകേരളത്തിനുള്ള അറുപതിന കർമ്മപദ്ധതിക്കാണ് പ്രധാന ഊന്നൽ. അതേസമയം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നാശത്തിലേക്ക് പോയ നാടിനെ എങ്ങനെ രക്ഷിക്കാമെന്നും നാളെയുടെ നല്ല നാളുകൾ എങ്ങനെ സൃഷ്ടിക്കാമെന്നും യു.ഡി.എഫ് പ്രകടന പത്രികയിൽ വിശദീകരിക്കുന്നു. ക്ഷേമം, വികസനം, അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പുനൽകുന്ന എൻ.ഡി.എ മുന്നണി ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന വാഗ്ദാനം കൂടി മുന്നോട്ട് വച്ചിരിക്കുന്നു.
ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കുമെന്ന് മൂന്നു മുന്നണികളും പ്രഖ്യാപിച്ചതിൽ നിന്നുതന്നെ വോട്ട് ലഭിക്കാൻ ക്ഷേമ പെൻഷന്റെ വർദ്ധനവും മുടക്കം കൂടാതെയുള്ള വിതരണവും എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്നതിന് അടിവരയിടുന്നു. നാട് നന്നാവുന്നതിനൊപ്പം നമുക്കെന്ത് കിട്ടും എന്ന് മാറിയ കാലത്തെ വോട്ടർമാർ ചിന്തിച്ചതിന് അവരെയും കുറ്റം പറയാനാകില്ല. ഭാവിയേക്കാൾ ജനങ്ങൾ ഇന്ന് വർത്തമാനകാലത്തിനാണ് പ്രാധാന്യം നൽകുന്നത്. ആര് അധികാരത്തിൽ വന്നാലും ഈ ക്ഷേമ പെൻഷൻ അർഹിക്കുന്ന കരങ്ങളിൽ തന്നെയാണ് എത്തിച്ചേരുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ വരെ ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട് എന്ന ആരോപണവും അതുസംബന്ധിച്ച അന്വേഷണവുമൊക്കെ നടന്ന നാടായതുകൊണ്ട് പ്രത്യേകിച്ചും. ഒരു കാര്യം എന്തായാലും ഉറപ്പാക്കാം. ഏത് മുന്നണി അധികാരത്തിൽ വന്നാലും ക്ഷേമപെൻഷൻ പ്രതിമാസം 3,000 രൂപയായി ഉയരുമെന്നത് ഉറപ്പാണ്.
കേരളത്തിൽ പഠനം പൂർത്തിയാക്കിയാൽ എല്ലാവർക്കും ജോലി ഉറപ്പാക്കുമെന്നാണ് എൽ.ഡി.എഫിന്റെ മറ്റൊരു പ്രധാന വാഗ്ദാനം. സ്‌ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും. സിൽവർ ലൈൻ പദ്ധതി പ്രതിപക്ഷത്തിന്റെ എതിർപ്പിനാൽ നടന്നില്ലെന്ന് സമ്മതിക്കുമ്പോൾ തന്നെ ഹൈസ്‌പീഡ് റെയിൽ എന്ന പുതിയ പദ്ധതി എൽ.ഡി.എഫ് അവതരിപ്പിക്കുന്നു. ഇന്ദിരാ ഗാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച യുവ സംരംഭകർക്ക് 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്‌പയാണ് യു.ഡി.എഫിന്റെ പ്രധാന വാഗ്ദാനം. സ്‌ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയവയും അവരുടെ വാഗ്ദാനങ്ങളാണ്. തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽപ്പാത, ബി.പി.എൽ കുടുംബങ്ങളിലെ വനിതകൾക്ക് മാസം 2500 രൂപയുടെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ കാർഡ്, 78 താലൂക്കുകളിൽ വനിതാ പൊലീസ് സ്റ്റേഷൻ തുടങ്ങിയ വാഗ്ദാനങ്ങൾ എൻ.ഡി.എ മുന്നണിയും നൽകുന്നു.ഇതിൽ ആരുടെ വാഗ്ദാനമാവും ഭൂരിപക്ഷം സ്വീകരിക്കുക എന്നത് മാത്രമേ ഇനി അറിയാനുള്ളൂ. അതിനായി ഒരു മാസത്തോളം കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |