
കോട്ടയം : പ്രോട്ടോക്കോളിൽ ഇല്ലായിരുന്നെങ്കിലും ചങ്ങനാശേരിയിൽ അപ്രതീക്ഷിത റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് പോകുംവഴി ചിരിച്ചും കൈ വീശിയും താമര ചിഹ്നം ഉയർത്തിക്കാട്ടിയും മോദി വോട്ടർമാരുടെ മനസിളക്കി. എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങി തിരുവല്ലയ്ക്ക് പോകാൻ പെരുന്നയിൽ എം.സി റോഡിലേയ്ക്ക് വാഹനവ്യൂഹം തിരിഞ്ഞതോടെ വഴിയരികിൽ ആവേശത്തോടെ കാത്തിരുന്നവർ ഉറക്കെ മുദ്രാവാക്യം വളിച്ചു. കൈ ഉയർത്തിയും ചിരിച്ചും മോദിയെ കാണാൻ ആൾക്കൂട്ടം തിടുക്കം കാട്ടി. ഉടനെ മോദിയുടെ വാഹനം നിറുത്തി ഗ്ളാസ് താഴ്ത്തി. അഭിവാദ്യം ചെയ്യാനാണെന്ന് കരുതിയെങ്കിലും വാതിൽ തുറന്ന് ഒരു വശത്തേക്ക് പിടിച്ചുനിന്ന് പ്രധാനമന്ത്രി എല്ലാവരെയും കൈവീശി. പ്രവർത്തകർ ആവേശത്താൽ മുദ്രാവാക്യം വിളിച്ചു. കോട്ടയത്ത് മോദിയുടെ പരിപാടി അവസാനം റദ്ദ് ചെയ്തെങ്കിലും പ്രിയ നേതാവിനെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു പ്രവർത്തകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |