
കാക്കകളെ പൊതുവേ പിതൃക്കളുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. അതിനാൽ കാക്കയെ ഉപദ്രവിക്കരുത്, അവയ്‌ക്ക് ആഹാരം നൽകണം എന്നെല്ലാം മുതിർന്നവർ പറയാറുണ്ട്. പുരാണങ്ങളിലും ഇതുസംബന്ധിച്ച പരാമർശങ്ങളുണ്ട്. പിതൃപ്രീതി ഉണ്ടെങ്കില്‍ സന്തതിപരമ്പരകള്‍ നന്നായി വരും എന്നാണ് വിശ്വാസം. ശനിദശയുള്ളവർക്ക് അത് മാറാൻ കാക്കയ്‌ക്ക് ആഹാരം കൊടുക്കുന്നതിലൂടെ സാധിക്കും. ഇങ്ങനെ ചെയ്യുന്ന കുടുംബങ്ങളിൽ അകാലമൃത്യു ഉണ്ടാകില്ലെന്നും പുരാണങ്ങളിൽ പറയുന്നുണ്ട്.
നമ്മൾ വലിച്ചെറിയുന്ന ഭക്ഷണമല്ല കാക്കകൾക്ക് കൊടുക്കേണ്ടത്. പകരം, മറ്റുള്ളവർ കഴിക്കുന്നതിന് മുമ്പായി ഒരു മൺപാത്രത്തിലോ ഇലയിലോ വിളമ്പി കാക്കയ്‌ക്ക് കഴിക്കാൻ വീടിന്റെ തെക്ക് കിഴക്ക് ഭാഗത്തോ അടുക്കളപ്പുറത്തോ വയ്‌ക്കുക. ഇതോടൊപ്പം ചിരട്ടയിൽ വെള്ളവും വയ്‌ക്കണം. കാക്ക ഭക്ഷണം സ്വീകരിച്ചാൽ ഐശ്വര്യമുണ്ടാകും എന്നാണ് വിശ്വാസം. ഈ ഭക്ഷണത്തിനൊപ്പം അൽപ്പം എള്ള് ചേർത്ത് നൽകിയാൽ സാമ്പത്തിക ഉയർച്ച ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. മാത്രമല്ല, ശത്രുദോഷവും കഷ്‌ടതകളും മാറാനും ഇതേറെ നല്ലതാണ്.
ചില നക്ഷത്രക്കാർ കാക്കയ്‌ക്ക് ആഹാരം നൽകി പ്രാർത്ഥിച്ചാൽ ഇരട്ടി ഫലം കിട്ടുമെന്നാണ് പറയുന്നത്. പൂരം, ഉത്രം, ചോതി, ഭരണി, പൂരാടം, വിശാഖം, മകയിരം, ആയില്യം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രത്തിലുള്ള സ്‌ത്രീകൾക്കാണ് ഇതിലൂടെ സർവൈശ്വര്യം ലഭിക്കുന്നത്. കാക്ക ആഹാരം സ്വീകരിച്ചില്ലെങ്കിൽ അത് പിതൃദോഷത്തിന്റെ ലക്ഷണമാണ്. ഇതിന് ജ്യോതിഷപരമായ പരിഹാരം തേടുന്നതാണ് ഉത്തമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |