
കൊച്ചി:ഷൂട്ടിംഗ് ലൊക്കേഷനിൽ യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ രഞ്ജിത്തുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.ശനിയാഴ്ച മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ രഞ്ജിത്തിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ വൈകിട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി എറണാകുളം സബ് ജയിലിൽ റിമാൻഡ് ചെയ്തു.രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും.
നടിക്ക് നേരെ കാരവനിൽ ലൈംഗികാതിക്രമം നടന്നതായി പറയുന്ന ഫോർട്ട് കൊച്ചി ആസ്പിൻവാളിലെ ഷൂട്ടിംഗ് ലൊക്കേഷൻ,കസ്റ്റഡിയിലെടുത്ത കാരവൻ സൂക്ഷിച്ചിരിക്കുന്ന കൊച്ചി സിറ്റി എ.ആർ ക്യാമ്പ് വളപ്പ് എന്നിവിടങ്ങളിൽ അന്വേഷണച്ചുമതലയുള്ള ഉദയംപേരൂർ വനിതാ എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.കാരവൻ ഡ്രൈവറുടെയും ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെയും മൊഴികൾ ശേഖരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് വരെ കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് രഞ്ജിത്തിനെ ഇന്നലെത്തന്നെ എറണാകുളം സബ് ജയിലിൽ വീണ്ടും റിമാൻഡ് ചെയ്തത്. 24 മണിക്കൂർ കൂടുമ്പോൾ വൈദ്യപരിശോധന നടത്തണമെന്ന് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |