SignIn
Kerala Kaumudi Online
Thursday, 09 April 2026 2.42 AM IST

ഇന്നും നാളെയും ഈ ജില്ലയിലുള്ളവർ പകൽ ഏറെ ശ്രദ്ധിക്കണം, 38 ഡിഗ്രി വരെ താപനില ഉയരും, കാലാവസ്ഥ അസ്വസ്ഥതയുണ്ടാക്കും

Increase Font Size Decrease Font Size Print Page
climate-warning

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്നദിവസവും താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും (08/04/2026 & 09/04/2026) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ (സാധാരണയെക്കാൾ രണ്ട്‌ മുതൽ മൂന്ന് ഡിഗ്രി വരെ കൂടുതൽ) സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും (08/04/2026 & 09/04/2026) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കായുള്ള പ്രത്യേക ജാഗ്രത നിർദേശം


സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.


*പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എപ്പോഴും കൈയ്യിൽ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.


*പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പാദരക്ഷകൾ ധരിക്കുക.


*വലിയ ജനക്കൂട്ടം ഉണ്ടാകുകയും കൂടുതൽ സമയം നീണ്ടുപോകുകയും ചെയ്യുന്ന പൊതുയോഗങ്ങളിൽ ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ആംബുലൻസും ഒരുക്കേണ്ടതാണ്.


*പൊതുപരിപാടികളിൽ തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.


*പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, ചർമരോഗമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചൂട് മൂലമുള്ള പ്രശ്നങ്ങൾക്ക് സാദ്ധ്യത കൂടുതലായതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.


*സ്ഥാനാർത്ഥികൾ, മാദ്ധ്യമ പ്രവർത്തകർ, സുരക്ഷാ ചുമതലകളിലുള്ള പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ കൂടുതൽ സമയം ചൂടിൽ നിൽക്കേണ്ടി വരുന്നവർ നിർബന്ധമായും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.


*നിർജലീകരണത്തിനു കാരണമാകുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം പരമാവധി ഒഴിവാക്കുക.


*ഒ.ആർ.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, മോര് എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.


*കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.


*സാധ്യമായവർ സൺ ഗ്ലാസുകളും സൺസ്‌ക്രീനുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.


*പ്രവർത്തനങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക.


*അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.


*വേനൽമഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലുകളും അപകടകാരികളാണ്. തുറസായ സ്ഥലത്ത് നിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് എത്രയും പെട്ടെന്ന് മാറുക.


*തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണം.


*ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ മേൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.


*അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് ആംബുലൻസ് 108, ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 1077 നമ്പറുകളിൽ ബന്ധപ്പെടാം.

TAGS: HEAT WARNING, TODAY, TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.