
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് റെയിൽ പദ്ധതികൾക്കായി 2,640 കോടി രൂപ വകയിരുത്തി റെയിൽവേ. ശബരി പാത, ഗുരുവായൂർ-തിരുനാവായ പാത എന്നിവയ്ക്കും, ആലപ്പുഴ തീരദേശ പാത, തിരുവനന്തപുരം- കന്യാകുമാരി, ഷൊർണൂർ- വള്ളത്തോൾനഗർ പാത ഇരട്ടിപ്പിക്കൽ എന്നിവയ്ക്കുമാണിത്. കേന്ദ്ര ബഡ്ജറ്റ് നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും വിവിധ സോണുകളിലെ റെയിൽവേ പദ്ധതി വിഹിതം സംബന്ധിച്ച രേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
പദ്ധതികളും വിഹിതവും
1. അങ്കമാലി-എരുമേലി ശബരി റെയിൽപാതയ്ക്ക് ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റ് വിഹിതമായി റെയിൽവേ വകയിരുത്തിയത് 505 കോടി. പദ്ധതിയുടെ പകുതി ചെലവു വഹിക്കാൻ കേരളം തയ്യാറായതിനെ തുടർന്ന് പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ പിൻവലിച്ചിരുന്നു
2. ഗുരുവായൂർ- തിരുനാവായ പാത പദ്ധതിക്ക് 280 കോടി. അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാകുന്നതോടെ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാൻ ഈ തുക സഹായകമാകും
3. ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് 400 കോടി. ഇതിൽ എറണാകുളം-കുമ്പളം പാതയ്ക്ക് 120 കോടി, കുമ്പളം-തുറവൂർ ഭാഗത്തിന് 180 കോടി, തുറവൂർ-അമ്പലപ്പുഴ പാതയ്ക്ക് 100 കോടി
4. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 1400 കോടി. കഴിഞ്ഞ വർഷം 1,100 കോടി അനുവദിച്ചിരുന്നെങ്കിലും ഇതിൽ 300 കോടി റെയിൽവേ തിരികെ എടുത്തിരുന്നു
5. ഷൊർണൂർ-വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് 55 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |