
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിന് പിന്നാലെ പട്ടികവർഗ പീഡന കുറ്റവും ചുമത്തും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരെയും കേസിൽ പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു.
സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ഉയ്‌ക്കെ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് നേതൃത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. എന്നാൽ, കല്യാണം നടത്തിയ സിപിഎം നേതാക്കൾ, കേസിലും വിവാദത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് മദ്ധ്യപ്രദേശ് പൊലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തി.
വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്ന് മദ്ധ്യപ്രദേശിലെ ആശുപത്രി രേഖകളിൽ വ്യക്തമാണ്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മദ്ധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
സിപിഎം നേതാക്കളായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ കല്യാണവാർത്ത അറിഞ്ഞ് ആദ്യം ഓടിയെത്തിയത്. സർക്കാറിന്റെയും സിപിഎമ്മിന്റെയും പേരിൽ ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എം പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് നേതാക്കൾ പുകഴ്ത്തുകയും ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |