
പാലക്കാട്: ആശകൾ ബാക്കിവച്ച്, പ്രിയപ്പെട്ടവരെ തോരാക്കണ്ണീരിലാഴ്ത്തി ശ്രീനന്ദ യാത്രയായി. പഠനത്തിൽ മിടുക്കി. പത്താംക്ളാസ് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിച്ചു. ഫലം വരും മുമ്പ്, പക്ഷേ...
കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായി, പിന്നീട് മരിച്ചനിലയിൽ പാറയിടുക്കിൽ കണ്ടെത്തിയ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
അമ്മേടെ മുത്തേ.... ഒന്നെണീക്ക് പൊന്നേ... കണ്ട് കൊതി തീർന്നില്ലല്ലോ മോളെ... ചേതനയറ്റ ശരീരം അവസാനമായി കണ്ട അമ്മ രോഹിണി നിലവിളിച്ചു. ആശ്വസിപ്പിക്കാൻ പോലുമാവാതെ കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. അച്ഛൻ രമേശും സഹോദരൻ സച്ചുവും വീടിന്റെ കോലായിൽ മരവിച്ചിരുന്നു.
ചിക്കമഗളൂരുവിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്ക് യാത്ര തിരിച്ചത്. ഇന്നലെ രാവിലെ 10.50ന് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചു. 11.15ന് വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വച്ചു.
നാടിന്റെയാകെ പൊന്നോമനയായ ശ്രീനന്ദയെ അവസാനമൊന്ന് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. വി.കെ.ശ്രീകണ്ഠൻ എം.പി, കെ.പ്രേംകുമാർ എം.എൽ.എ, പി.കെ.ശശി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കടമ്പഴിപ്പുറം ഹൈസ്കൂളിലെ സഹപാഠികൾ പൊട്ടിക്കരഞ്ഞു. അദ്ധ്യാപകർ തേങ്ങലടക്കാൻ പ്രയാസപ്പെട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം തിരുവില്വാമല ഐവർമഠം ശ്മശാനത്തിലെത്തിച്ച് സഹോദരനും അടുത്ത ബന്ധുക്കളും അന്ത്യകർമ്മങ്ങൾ ചെയ്തു.
ഈമാസം, നാലിനാണ് കടമ്പഴിപ്പുറത്തു നിന്ന് അച്ഛനും അമ്മയുമുൾപ്പെട്ട സംഘത്തിനൊപ്പം ശ്രീനന്ദ വിനോദയാത്രപോയത്. ഹംപി സന്ദർശിച്ചശേഷം ചൊവ്വാഴ്ച മാണിക്യധാരയിലെത്തി. അന്ന് വൈകിട്ട് 5. 20നാണ് ശ്രീനന്ദയെ മലമുകളിൽ വച്ച് കാണാതായത്. ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ശ്രീനന്ദയുടെ മരണകാരണം
തലയ്ക്കേറ്റ പരിക്ക്
അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പാലക്കാട്: ശ്രീനന്ദയുടെ മരണകാരണം വീഴ്ചയിൽ തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്കെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. അസ്ഥികൾ പൊട്ടിയ നിലയിലാണ്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അപകടമരണമെന്നാണ് ചിക്കമഗളൂരു പൊലീസിന്റെയും പ്രാഥമികനിഗമനം. കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂ. പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു അപകടം. 1500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണപ്പോൾ മരച്ചില്ലകളിലും പാറകളിലും തട്ടിയുണ്ടായതാകാം മുറിവുകളെന്നും പൊലീസ് പറയുന്നു.
ശ്രീനന്ദ ബാരിക്കേഡ്
മറികടന്നെന്ന് ബന്ധു
വ്യൂപോയിന്റിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ശ്രീനന്ദ ഇത് മറികടന്ന് പാറയ്ക്കടുത്ത് പോയി താഴേക്ക് നോക്കിയിരുന്നു. ഇതു കണ്ട് തിരികെ കയറ്റിയെന്ന് ബന്ധു പറയുന്നു. ഒരുതവണ കുട്ടി ബാരിക്കേഡിന് പുറത്ത് പോയതാണ്. വഴക്കുപറഞ്ഞ് അകത്ത് കയറ്റി. പിന്നെ അവിടെ ഇരിക്കുകയായിരുന്നു. രണ്ടാമതും പോയിക്കാണും. പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും ബന്ധു പറഞ്ഞു. ബാരിക്കേഡിന് സമീപത്തു നിന്ന് സുഹൃത്ത് പകർത്തിയ സെൽഫിയാണ് ശ്രീനന്ദയുടെ ഒടുവിലത്തെ ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |