
തിരുവനന്തപുരം: ഒഡീഷയിലെ നക്‌സൽ മേഖല കേന്ദ്രീകരിച്ച് അത്യാധുനിക മയക്കുമരുന്ന് നിർമ്മാണ കേന്ദം നടത്തുകയും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലഹരിവസ്തുക്കൾ വിതരണം നടത്തുകയും ചെയ്തുവന്ന തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ.
ലഹരി വ്യാപാരത്തിലെ 'വൻസ്രാവായി' പൊലീസ് വിശേഷിപ്പിക്കുന്ന നന്തൻകോട് സ്വദേശി അലൻ ജയരാജ് (അലൻ രാജ് - 33) നെ സാഹസികമായ നീക്കത്തിലൂടെ ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ചാണ് ഒഡീഷ ഡി.ഐ.ജി കൻവർ വിശാൽ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുടുക്കിയത്.
വനത്തിലേക്ക് രക്ഷപ്പെട്ടാൻ ശ്രമിച്ച അലനേയും ഒപ്പമുണ്ടായിരുന്ന മലയാളികളായ ആനന്ദ് രാജ്, കിരൺ, ബിത്തു, ഒഡീഷ സ്വദേശികളായ സാധുഭംഗി, ലക്ഷ്മൺ എന്നിവരേയും മണിക്കൂറുകൾ നീണ്ട ദൗത്യത്തിലൂടെ കുടുക്കുകയായിരുന്നു.ആഴ്ചകൾക്ക് മുമ്പ് നടന്ന അറസ്റ്റ് കഴിഞ്ഞ ദിവസമാണ് കേരള പൊലീസിനെ ഒഡീഷ പൊലീസ് അറിയിച്ചത്.
ഒഡീഷയിലെ കോറാപുട്ടിലെ ജലാപുട്ട് റിസർവോയറിനുള്ളിലെ രഹസ്യ ദ്വീപിലായിരുന്നു അലൻ ഹാഷിഷ് ഓയിൽ നിർമ്മാണ യൂണിറ്റ് പ്രവർത്തിപ്പിച്ചിരുന്നത്. വനത്തിനുള്ളിൽ അത്യാധുനിക ലാബ് സൗകര്യങ്ങളോടെയായിരുന്നു മയക്കുമരുന്ന് നിർമ്മാണം. ഇവിടെ നടത്തിയ റെയ്ഡിൽ 1800 ലിറ്റർ ഹാഷിഷ് ഓയിലും ആയിരം കിലോ കഞ്ചാവും അടക്കം 300 കോടിയാളം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ജനറേറ്ററും മോഡിഫൈഡ് പ്രഷർ കുക്കറുകളും അടക്കം മയക്കുമരുന്ന് നിർമ്മാണത്തിന് വിപുലമായ സജ്ജീകരണം ഉണ്ടായിരുന്നു.തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അലൻ പിന്നീട് ലഹരി ഉൽപാദന-വിപണന മേഖലയിലേക്ക് തിരിയുകയായിരുന്നു. 'അലൻ പുന്നൂസ്' എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |