
തിരുവനന്തപുരം: 10 വർഷം മുൻപ് തുടങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കമ്പ്യൂട്ടർവത്കരണം കടലാസിൽ മാത്രം. ഇതിനിടെ വിവിധ ഏജൻസികളെ ചുമതല ഏൽച്ചിച്ചെങ്കിലും ഒന്നും നടന്നില്ല. ബോർഡിന്റെ 1240 ക്ഷേത്രങ്ങളെയും ഓഫീസുകളെയും ബന്ധിപ്പിക്കാനാണ് ഏകീകൃത കമ്പ്യൂട്ടർവത്കരണം തുടങ്ങിയത്.
2016ൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്നപ്പോഴാണ് ബോർഡിൽ കമ്പ്യൂട്ടർ വത്കരണം തുടങ്ങിയത്. കെൽട്രോണിനായിരുന്നു ചുമതല. കെൽട്രോൺ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഉപകരാർ നൽകി. ഇവരും ഉപകരാർ നൽകിയതോടെ ബോർഡും കെൽട്രോണും തമ്മിൽ തർക്കമായി. കരാറും ഉപേക്ഷിച്ചു.
തുടർന്ന് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലുള്ള ഏകീകൃത സോഫ്ട്‌വെയർ ഉപയോഗിക്കുന്നതിന് നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററുമായി ബോർഡ് ചർച്ച നടത്തി. ഇതിനായി കൺസൾട്ടന്റിനെയും നിയമിച്ചു. എന്നാൽ സോഫ്ട്‌വെയർ കാലഹരണപ്പെട്ടതാണെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി. പിന്നീട് സർക്കാർ സ്ഥാപനമായ കിറ്റ്ഫ്രയുമായി ബോർഡ് ധാരണയിലെത്തി. 2025ൽ കരാറിന് ഹൈക്കോടതി അനുമതി നൽകി. എന്നാൽ എം.ഒ.യു ഒപ്പിട്ടില്ല. 100 കോടിയുടെ എം.ഒ.യു വേണമെന്നതിലാണ് തർക്കം. രസീതുൾപ്പെടെയുള്ള പരമ്പരാഗത രീതികളാണ് ബോർഡിലുള്ളത്.
ശബരിമലയിൽ സ്വയം കമ്പ്യൂട്ടർവത്കരണം
ഇതിനിടെ ശബരിമലയുൾപ്പെടെയുള്ള ചില ക്ഷേത്രങ്ങൾ സ്വന്തം നിലയിൽ കമ്പ്യൂട്ടർവത്കരിച്ചു. ക്ഷേത്രത്തിലെ വരവ് മാത്രമാണ് ഇതിലുള്ളത്. വിവരങ്ങൾ രജിസ്റ്ററിലേക്ക് പകർത്തി സൂക്ഷിക്കും. ബോർഡിന് കണക്ക് ആവശ്യമെങ്കിൽ ക്ഷേത്ര രജിസ്റ്ററുകൾ പരിശോധിക്കണം. ആസ്‌തി, വരുമാനം, ബാധ്യതകൾ എന്നിവയുടേ രേഖകളും ക്ഷേത്രങ്ങളിലെ രജിസ്റ്ററിലേയുണ്ടാകൂ. പണമായി ലഭിക്കുന്ന സംഭാവനകളേ രേഖകളിലുണ്ടാകൂ. സംഭാവന കിട്ടുന്ന ഭൂമി, കെട്ടിടം, ഉപകരണങ്ങൾ എന്നിവയുടെ മൂല്യം നിർണയിച്ചിട്ടില്ല. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള രസീത് കിട്ടുമ്പോഴേ ക്ഷേത്രങ്ങളിലെ വരുമാനം തിരിച്ചറിയാനാകൂ. കരാറുകാർക്കുള്ള കുടിശികതുകയെക്കുറിച്ചും ബോർഡിന് ധാരണയുണ്ടാകില്ല. പൂർത്തിയായതും തുടരുന്നതുമായ നിർമ്മാണങ്ങളെ കുറിച്ചും അറിവില്ല. വാടക, ലേലത്തുക, പാട്ടത്തുക എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കാനാവില്ല. ഇതെല്ലാം വിവിധ രജിസ്റ്ററുകളിലും ഫയലുകളിലുമായി ചിതറിക്കിടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |