കൊച്ചി: പൊലീസിൽ നിന്ന് വിരമിച്ചതോടെ കമാൻഡന്റ് കെ.ഐ. ഭാസ്‌കരൻ (69) സ്വന്തം തൊപ്പി ഊരിയെങ്കിലും വീടിനെ തൊപ്പി അണിയിച്ചു. കൊച്ചി എ.ആർ ക്യാമ്പ് മേധാവിയായിരിക്കെ എറണാകുളം ചെറായിയിൽ പണിത വീടിന്റെ പോർച്ചിനാണ് പൊലീസ് തൊപ്പിയുടെ രൂപം നൽകിയത്.
ചെറായിക്കാരുടെ കൗതുകക്കാഴ്ചയാണ് ഗൗരീശ്വരം സ്‌കൂളിന് പിന്നിലുള്ള 'സൗപർണിക" വീട്. ''ഒറ്റനോട്ടത്തിൽ പൊലീസുകാരന്റെ വീടാണെന്ന് തോന്നണം, ഒപ്പം സേനയോടുള്ള സ്‌നേഹവും പ്രകടമാകണം"- ഭാസ്കരൻ പറഞ്ഞു. ഒന്നര മാസമെടുത്തു, തൊപ്പി പൂർത്തിയാക്കാൻ. പൊലീസ് മുദ്രയിൽ ഐ.പി.എസിന് പകരം കെ.ഐ. ഭാസ്‌കരൻ എന്നതിന്റെ ചുരുക്കമായ കെ.ഐ.ബി എന്നെഴുതി.
2009 മാർച്ചിൽ ഗൃഹപ്രവേശന ദിവസമാണ് തൊപ്പി അനാവരണം ചെയ്തത്. വിരുന്നുകാരായി എത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം തൊപ്പി കണ്ട് വിസ്മയത്തോടെ ചിരിച്ചു. മാല്യങ്കര എസ്.എൻ.എം കോളേജിൽ നിന്ന് ബിരുദം നേടി 1985ലാണ് ഭാസ്‌കരൻ പൊലീസിൽ ചേർന്നത്. എം.എസ്.പിയിൽ റിസർവ് ഇൻസ്‌പെക്ടറായാണ് തുടക്കം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, തൃശൂർ എ.ആർ. ക്യാമ്പുകളിൽ ജോലി ചെയ്തു. റിട്ട. എസ്.ബി.ടി. ഉദ്യോഗസ്ഥ നിഷയാണ് ഭാര്യ. മക്കൾ: നിതിൻ, നിതീഷ്.
പൊലീസ് ഫാമിലി
ഭാസ്‌കരന് അഞ്ച് സഹോദരങ്ങൾ. ഒരു സഹോദരിയടക്കം മൂന്ന് പേർ റിട്ട. എസ്.ഐമാരാണ്. സുഹൃത്തായ പൊലീസുകാരനിൽ നിന്ന് സ്ഥലം വാങ്ങിയാണ് വീട് വച്ചത്.
കേസിന് പോയി, കമാൻഡന്റായി
20 വർഷത്തോളം ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ഭാസ്‌കരൻ കോടതി കയറിയാണ് കമാൻഡന്റ് പദവി നേടിയത്. തനിക്കു ശേഷം സർവീസിൽ വന്നവരെല്ലാം എസ്.പിമാരായതോടെയായിരുന്നു നിയമയുദ്ധം. കൺഫേഡ് ഐ.പി.എസിന് അർഹതയുണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |