
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയെന്ന ആരോപണത്തിൽ പരിശോധന നടത്തിയതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് റവന്യു മന്ത്രി കെ രാജൻ. തന്നെ കൂലിപ്പണിക്കാരൻ രാജനെന്ന് വിളിക്കുന്നതിൽ അഭിമാനം മാത്രമാണ്. എന്നാൽ, വീട്ടുടമയും ദുരന്തബാധിതനുമായ നൗഫലിനെ സൈബറിടങ്ങളിൽ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
'വയനാട് ടൗൺഷിപ്പിലെ വീടുകൾ നിർമിക്കുമ്പോൾ സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തണമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യത്യാസങ്ങളിൽ എങ്ങനെയായിരിക്കും ഈ വീടുകളുടെ ഉറപ്പ് എന്നറിയാനാണ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. നിർമാണം പൂർത്തിയായ വീടിന്റെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തിയാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ചോർച്ചയുണ്ടെങ്കിൽ ആ ഭാഗത്ത് ടെറസിൽ അപോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. ശേഷം വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടിനിർത്തും. ശേഷം വാട്ടർ പ്രൂഫിംഗും അതിന് മുകളിൽ സ്‌ക്രീഡ് കോൺക്രീറ്റും ചെയ്യും.
വയനാട്ടിൽ ഈ ടെസ്റ്റ് ചെയ്‌തപ്പോൾ രണ്ട് വീടുകളിൽ ചോർച്ചയുള്ളതായി കണ്ടെത്തി. ആ ഭാഗത്തിന് ചുറ്റും എഞ്ചിനീയർമാർ പേനകൊണ്ട് മാർക്ക് ചെയ്‌തു. ഇത് ദൂരെനിന്ന് ചിത്രീകരിച്ച ശേഷം വിള്ളലുണ്ടെന്ന തരത്തിൽ വാർത്തകൾ വളരെ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് പേന കൊണ്ട് വരച്ചതുതന്നെയാണോ എന്ന് ഞാൻ ഉറപ്പുവരുത്തിയത്.
വീട് കൈമാറുന്നതിന് മുമ്പ് കരാർ കമ്പനിയുടെ എഞ്ചിനീയർമാരും സർക്കാർ എഞ്ചിനീയർമാരും സംയുക്തമായി പരിശോധന നടത്തും. ശേഷം വീട്ടുടമകളുടെ സാന്നിദ്ധ്യത്തിലും പരിശോധനയുണ്ടാകും. എന്നിട്ടും പ്രശ്‌നമുണ്ടെങ്കിൽ, അഞ്ച് വർഷത്തെ വാറന്റിയുള്ളതിനാൽ കരാർ കമ്പനി അത് ശരിയാക്കി നൽകും. മന്ത്രി എങ്ങനെ എഞ്ചിനീയറാകും എന്നാണ് ചിലർ പറയുന്നത്.
ചൂരൽമലക്കാർക്ക് ഞാൻ വെറും മന്ത്രിയല്ല. അവരുടെ കുടുംബത്തിലൊരാളാണ്. അതിനാൽ എന്റെ കുടുംബത്തിലുള്ല ഒരാൾക്ക് വീട് വച്ചുനൽകുമ്പോൾ അതിൽ വിള്ളലുണ്ടെന്ന ചെറിയ ആശങ്ക പോലും നിലനിൽക്കാൻ പാടില്ല. ഞാൻ മേശപ്പുറത്ത് കയറിയത് ഒരു തെറ്റാണെന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാൻ ഇതിലും ഉയരത്തിൽ കയറാനും എനിക്ക് മടിയില്ല. ദന്തഗോപുരത്തിലിരുന്ന് നിയന്ത്രിച്ച അനുഭവം ഞങ്ങൾക്കില്ല. വയനാട് ദുരന്തം ഉണ്ടായപ്പോൾ ഒരു മാസത്തോളം ഞങ്ങളവിടെ നിന്നില്ലേ.
വിള്ളലല്ല പേനകൊണ്ട് വരച്ചതാണെന്ന് പറഞ്ഞാൽ അതിലെ സത്യം കണ്ടെത്താൻ പൊതുപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിന് എന്തെല്ലാം സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടിവന്നത്. കൂലിപ്പണിക്കാരൻ രാജനെന്ന് നിങ്ങൾ പരിഹസിക്കുമ്പോൾ എനിക്ക് അഭിമാനം മാത്രമേയുള്ളു. ആ വീടിന്റെ ഉടമയായ നൗഫലിനെതിരെ ഒരു തരത്തിലും ആരും സൈബർ ആക്രമണം നടത്തരുത്. ദുരന്തബാധിതനാണ് അദ്ദേഹം. നൗഫലിന്റെ വാക്കുകൾ അങ്ങനെ തന്നെ കാണണം ' - കെ രാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |