കൊച്ചി: ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ കൊച്ചി മേയർ സൗമിനി ജെയിനിനെ തത്‌സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ ഒരാൾക്ക് മാത്രം ഉത്തരവാദിത്തം ഏറ്രെടുക്കാനാവില്ല. വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സൗമിനിയെ ബലിമൃഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒളിയമ്പുകൾ എയ്യുന്നവർ അവർക്ക് മേൽതന്നെ അത് പതിക്കുമെന്ന് ഓർക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
എറണാകുളത്തെ മോശം പ്രകടനത്തിന് പിന്നാലെ കോർപ്പറേഷന്റെ ഭരണപരാജയമാണ് ഇതിന് കാരണമെന്നും എ ഗ്രൂപ്പുകാരിയായ സൗമിനി ജെയിനിനെ നീക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യമുയർത്തിയിരുന്നു. ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടു. എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും ഇതിനെ പിന്തുണച്ചിരുന്നു.തുടർന്ന് തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് സൗമിനി ജെയിൻ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |