തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും. വൈകിട്ട് 5ന് ഇന്ദിരാഭവനിലാണ് യോഗം.
ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടി കണക്കിലെടുത്ത് ആഴത്തിലുള്ള പരിശോധനയും തിരുത്തലുകളും വേണമെന്ന ആവശ്യം പാർട്ടിയിലും മുന്നണിയിലും ശക്തമാണ് വട്ടിയൂർക്കാവ്,.കോന്നി പരാജയങ്ങളും എറണാകുളത്തെ വോട്ട് ചോർച്ചയും പരിശോധിക്കാൻ സമിതിയെ നിയോഗിച്ചേക്കും.പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന കെ.പി.സി.സി പുന:സംഘടനയ്ക്ക് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ ആയുധമാക്കാനും നീക്കമുണ്ട്. പുന:സംഘടന എത്രയും വേഗം പൂർത്തിയാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടേക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകൾ ചോർന്നെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടതെങ്കിൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ അതെല്ലാം തിരിച്ചുവരുന്ന അവസ്ഥയുണ്ടായി. ഒന്നര വർഷത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യു.ഡി.എഫ് ക്യാമ്പിൽ പ്രതീക്ഷയുണർത്തുന്ന ഫലമായിരുന്നു അത്. . എന്നാൽ, ആറ് മാസം പിന്നിട്ടപ്പോഴുണ്ടായ ഉപതിരഞ്ഞെടുപ്പുകളിൽ വീണ്ടും തിരിച്ചടി നേരിട്ടു..
കോന്നിയിലെ പരാജയത്തിന് അടൂർ പ്രകാശും വട്ടിയൂർക്കാവിൽ കെ. മുരളീധരനും ആരോപണവിധേയരായി. വട്ടിയൂർക്കാവിൽ , തിരഞ്ഞെടുപ്പ് ചുമതലക്കാരായിരുന്ന മറ്റ് ചിലർക്കെതിരെ സ്ഥാനാർത്ഥി മോഹൻകുമാറിന്റെ ഒളിയമ്പുണ്ടായി. എറണാകുളത്ത് കോർപ്പറേഷൻ ഭരണം വിമർശനവിധേയമായി .. മേയർ സൗമിനി ജയിനെ മാറ്റണമെന്ന ആവശ്യവും എതിർ വാദങ്ങളും ചർച്ചയാവും.
പുന:സംഘടനയിൽ പതിവ് മുഖങ്ങളെ മാറ്റി പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകണമെന്ന അഭിപ്രായം കെ.പി.സി.സി പ്രസിഡന്റിനുണ്ട്. യുവത്വം പിന്നിട്ടവരുൾപ്പെടെ കാലങ്ങളായി പാർട്ടിയിൽ അവഗണിക്കപ്പെട്ട് കഴിയുന്നവരെല്ലാം നിരാശയിലാണ്. സജീവമായി സംഘടനാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ ശേഷിയുള്ളവരായവരെയെല്ലാം പരിഗണിച്ച് സംഘടനയെ ഊർജ്ജസ്വലമാക്കണമെന്ന വികാരവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |