SignIn
Kerala Kaumudi Online
Thursday, 10 July 2025 1.10 AM IST

രാജന്റെ മരണത്തിന് കണക്കു ചോദിക്കാൻ തെരുവിൽ ഇറങ്ങിയ പാർട്ടി ഭരിക്കുമ്പോഴാണ് മാവോയിസ്‌റ്റുകൾ കൊന്നൊടുക്കപ്പെടുന്നത്, കാരണം...

Increase Font Size Decrease Font Size Print Page
pinarayi-vijayan

അട്ടപ്പാടിയിലെ മേലേ മഞ്ചക്കട്ടിക്കടുത്ത് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീയടക്കമുള്ള നാല് മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് കമാൻഡോകൾ വെടിവച്ചു കൊന്നുവെന്ന വാർത്ത മാദ്ധ്യമങ്ങളിലൂടെ പുറത്തു വരികയുണ്ടായി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈസർക്കാർ അധികാരത്തിലേറിയതിനു ശേഷമുള്ള തുടർച്ചയായ മൂന്നാമത്തെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണിത്. സ്ഥിരം പൊലീസ് ഭാഷ്യമായ മാവോയിസ്റ്റുകൾ പൊലീസിനു നേരേ വെടിവച്ചപ്പോൾ പൊലീസ് തിരിച്ചു വെടിവച്ചതിൽ മൂന്നുപേർ കൊല്ലപ്പെട്ടു എന്നു തന്നെയാണ് ഇത്തവണയും റിപ്പോർട്ട്. പരിക്കേറ്റ ഒരാൾ പിന്നീട് മരിച്ചുവെന്നും. ഈ പ്രാവശ്യവും പൊലീസുകാർ ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

ഛത്തീസ്ഗഡിലോ ജാർഖണ്ഡിലോ ഒക്കെ മാത്രം സംഭവിക്കുന്നതെന്ന് നമ്മൾ കരുതിയിരുന്ന ഇത്തരം ഒരു ഏറ്റുമുട്ടൽ കഥ ഉയർന്ന ജനാധിപത്യ ബോധമുണ്ടെന്ന് അഹങ്കരിക്കുന്ന കേരളം ഉപ്പുതൊടാതെ വിഴുങ്ങിത്തുടങ്ങുന്നു. ഇതിനെതിരെ ശക്തമായ ഒരു പ്രതിഷേധം ഇനിയും ഉയർന്നു വന്നിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ മരണത്തിന്റെ കണക്കു ചോദിക്കാൻ തെരുവുകളിൽ ആവശ്യപ്പെട്ടിരുന്ന ഒരു പാർട്ടി അധികാരത്തിലിരിക്കുമ്പോഴാണ് ഇതു നടക്കുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം. ചെഗുവേരയുടെ പടമണിഞ്ഞ ടീഷർട്ടിട്ടു നടക്കുന്ന വിപ്ലവഗൃഹാതുരത്വം പേറുന്ന സഖാക്കളാണ് നിലമ്പൂരും വൈത്തിരിയിലും അട്ടപ്പാടിയിലും വ്യാജ ഏറ്റുമുട്ടലുകളിൽ വിപ്ലവകാരികളെ കൊന്നൊടുക്കുന്നതിനെ സമൂഹ മാദ്ധ്യമങ്ങളിൽ ന്യായീകരിക്കുന്നതും ജനകീയ തെളിവെടുപ്പു നടത്താൻ ചെല്ലുന്ന പൗരാവകാശജനാധിപത്യവാദികളെ തടയുന്നതും.


മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ലെന്ന് ബിനോയ് വിശ്വത്തിനെപ്പോലുള്ളവർ പറയുമ്പോൾ മുഖ്യമന്ത്രി അപ്പോൾ ആരുടെ അജൻഡയാണ് നടപ്പിലാക്കുന്നതെന്ന ഒരു മറുചോദ്യം ഉയർന്നു വരുന്നുണ്ട്. ഇടതു വലതു ഭേദമില്ലാതെ ഭരണവർഗങ്ങൾ ഒരേതാത്പര്യങ്ങളെയാണ് സേവിക്കുന്നതെന്നതു തന്നെയാണ് ഇതിനുള്ള ഉത്തരം. വർഗീസിന്റെ ഒറ്റപ്പെട്ട ഉദാഹരണമൊഴിച്ചു നിറുത്തിയാൽ കേരളത്തിൽ ആദ്യമായി ഒരു എൻകൗണ്ടർ നടക്കുന്നത് ഈ സർക്കാരിന്റെ കാലത്താണെന്നു മാത്രമല്ല, ഇന്നത് സർവസാധാരണമായ ഒരു സംഭവമെന്ന നിലയിലേക്ക് വളർന്നിരിക്കുന്നു.


കേരളം കണ്ടതിൽ വെച്ചേറ്റവും അധികം കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും ഈ സർക്കാരിന്റെ കാലത്താണ് നടക്കുന്നത്. വാളയാറിലെ കൊച്ചുകുട്ടികളുടെ ബലാത്സംഗവും കൊലപാതകവുമടക്കം നിരവധി സ്ത്രീപീഡന കേസുകളിൽ സി.പി.എം നേതൃത്വം മുതൽ അണികൾ വരെ ആരോപണവിധേയരായി നിൽക്കുകയാണ്. ഇത്തരമൊരവസരത്തിൽ ഇതിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ഈ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. അതിൽ ചില യാഥാർത്ഥ്യങ്ങൾ ഉണ്ടായിരിക്കാമെങ്കിലും യഥാർത്ഥ കാരണം ഇതല്ല. സി.പി.എമ്മിന്റെ ഇന്നത്തെ അവസ്ഥയിൽ അവർക്ക് ആശയശാസ്ത്രപരമായും രാഷ്ട്രീയമായും വെല്ലുവിളി ഉയർത്തുന്നത് മാവോയിസ്റ്റ് രാഷ്ട്രീയമാണെന്നതാണ് ഇതിനുള്ള യഥാർത്ഥ കാരണം.


കേരളത്തിൽ ഇതുവരെ നടപ്പിലാക്കപ്പെട്ട സാമ്രാജ്യത്വ ലോകബാങ്ക് പദ്ധതികളെല്ലാം വളരെ ചിട്ടയോടെ ഫലപ്രദമായി നടപ്പിലാക്കിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടമല്ല, മറിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിലുളള സർക്കാരുകളാണ്. ലോകബാങ്ക് നിർദ്ദേശങ്ങൾ തുടങ്ങി എല്ലാത്തിന്റെയും ഏറ്റവും നല്ല നടത്തിപ്പുകാരായി സി.പി.എം മാറിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി തുറന്നു കാണിക്കുന്നതും ആശയശാസ്ത്രപരമായി ഏറ്റുമുട്ടുന്നതും മാവോയിസ്റ്റുകളാണ്. ഇതിനോട് രാഷ്ട്രീയമായി മറുപടി പറയാൻ കഴിയാതെ വരുമ്പോഴാണ് സി.പി.എം ഈ വിമർശനങ്ങളെ ഭൗതികമായി ഇല്ലായ്മ ചെയ്യാൻ കോപ്പു കൂട്ടുന്നത്.


മാവോയിസ്റ്റുകളെ സ്വന്തം അണികളെ ഉപയോഗിച്ച് കൊല്ലുന്നത് സി.പി.എമ്മിന് എളുപ്പമല്ല. സി.പി.എമ്മിന്റെ ഏറ്റവും അടിത്തട്ടിലുള്ള അണികൾക്കും മാവോയിസ്റ്റുകൾക്കും ഇടയിൽ യഥാർത്ഥത്തിൽ ഒരു വൈരുദ്ധ്യമില്ലെന്നു മാത്രമല്ല അവരിലെ ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന ആദിവാസികളും കൂലിത്തൊഴിലാളികളുമടങ്ങുന്ന ജനതയോടൊപ്പമാണ് മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നത്. അവരുടെ വൈരുദ്ധ്യം വിദേശചികിത്സയ്ക്ക് പോകുന്ന, കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഇന്നത്തെ സി.പി.എം നേതൃത്വത്തിനോടാണ്. മാത്രവുമല്ല ആർ.എസ്.എസുകാരെയോ കോൺഗ്രസുകാരെയോ ലീഗുകാരെയോ കൊല്ലുന്നതു പോലെ സായുധരായ മാവോയിസ്റ്റുകളെ പാർട്ടി ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് കൊല ചെയ്യാൻ സാദ്ധ്യമല്ല. എന്നാൽ പൊലീസിനെ ഉപയോഗിച്ച് മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മാവോയിസ്റ്റുകളെ കൊന്നൊടുക്കുമ്പോൾ അതിന് ഭരണപരമായ ന്യായീകരണവും നിയമവിധേയത്വത്തിന്റെ അന്തരീക്ഷവുമൊക്കെ ഒരുക്കി വിശദീകരിക്കേണ്ട ആശയശാസ്ത്രപരമായ ബാദ്ധ്യതയിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കും. സി.പി.എം ഈ വഴി തിരഞ്ഞെടുക്കുന്നതിന്റെ സാംഗത്യമതാണ്.


ഒരു വ്യാജ ഏറ്റുമുട്ടലിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരാളെന്ന നിലയിൽ ഈ ഏറ്റുമുട്ടൽ കഥകളുടെ വ്യാജം ഏറ്റവുമടുത്തറിയാനുള്ള ഒരവസരം എനിക്കു കൈവന്നിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും അറസ്റ്റു ചെയ്യപ്പെട്ട ഞങ്ങളെ അറസ്റ്റു ചെയ്തത് ആന്ധ്രയിലെ എ.പി.എസ്.ഐ.ബിയാണ്. കേരളത്തിലെ പശ്ചിമഘട്ട വനമേഖലയിലെത്തിച്ച് ഞങ്ങളെ കൊല്ലാനായിരുന്നു പദ്ധതി. രൂപേഷിന്റെയും മറ്റു സഖാക്കളുടെയും അവസരോചിതമായ ഇടപെടലുകൾ മൂലം ആ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ മാത്രമാണ് ഞങ്ങൾ അന്ന് രക്ഷപ്പെട്ടത്. ബി.ജെ.പിയുടെ നേതൃത്വത്തിൽ വന്ന എൻ.ഡി.എ സർക്കാരാകട്ടെ ഇതിൽ നിന്നും മുന്നോട്ടു പോയിക്കൊണ്ട് കത്തെഴുതുന്നവരെയും കാർട്ടൂൺ വരക്കുന്നവരെയും രാജ്യത്തെ ലിബറൽ ബുദ്ധിജീവികളെയും , ചുരുക്കത്തിൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടുന്ന ആരെയും ഭീകരവാദികളായി പ്രഖ്യാപിക്കുകയും അറസ്റ്റ് ചെയ്ത ജയിലിലടയ്ക്കുകയുമാണ്. ഇന്ത്യയിലെ ഇടതു വലതു പക്ഷങ്ങളും അടിസ്ഥാനപരമായി ഇതിനെ പിന്തുണയ്ക്കുന്നവരാണ്.


പശ്ചിമഘട്ട മേഖലയിൽ ക്വാറികളിലൂടെയും വനം കൈയേറ്റത്തിലൂടെയും കേരളത്തിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ക്വാറിവനം മാഫിയകളെ പിന്തുണയ്ക്കുന്നവരായി സി.പി.എം നേതൃത്വം മാറിയിട്ടുണ്ട്. പശ്ചിമഘട്ട മേഖലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഇവരെ സംബന്ധിച്ച് ഒരു ശല്യമാണ്. എടുത്തു പറയത്തക്ക ഒരു അക്രമ സംഭവങ്ങളുടെയോ ഭീകരപ്രവർത്തനങ്ങളുടെയോ ചരിത്രമില്ലാത്ത കേരളം ദേശീയതലത്തിൽ തന്നെ യു.എ.പി.എ കേസുകളും എൻ.ഐ.എ കേസുകളും രജിസ്റ്റർ ചെയ്യുന്നതിൽ മുൻനിരയിലുള്ള സംസ്ഥാനമായിത്തീരുന്നത് ആശ്ചര്യകരമാണ്. തണ്ടർബോൾട്ടിനേയും സ്‌കോർപിയോണിനെയും പോലുള്ള എലൈറ്റ് പൊലീസ് സേനകളുടെ നിയമാതീതമായ പ്രകടനങ്ങളും അപകടകരമായ ഒരു ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ഈ ഏറ്റുമുട്ടലിനെ ചോദ്യം ചെയ്തുകൊണ്ട് മുൻ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

(മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രതിചേർക്കപ്പെട്ട് മൂന്നരവർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണ് ലേഖിക:അഭിപ്രായം വ്യക്തിപരം)

TAGS: MAOIST, PA SHINA, MAOIST OPERATION, FAKE ENCOUNTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.