തിരുവനന്തപുരം: ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുകയും മികച്ച സേവനം ഉറപ്പാക്കുകയും ചെയ്തതിന് മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ക്ഷേമനിധി അംശാദായം കേരളത്തിലെ 2800 അക്ഷയ കേന്ദ്രങ്ങളിൽ നിശ്ചിത ഫീസ് നൽകിയും ജില്ലാ ആസ്ഥാനങ്ങളിലെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങളിൽ സൗജന്യമായും ഇഡിസ്ട്രിക്ട് പോർടൽ വഴിയും അടയ്ക്കാനുള്ള സൗകര്യമുണ്ട്. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിലവിൽ 9,31,913 അംഗങ്ങളാണ് ഉള്ളത്. 3,59,276 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷേമനിധി പെൻഷനുപുറമെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, പെൺകുട്ടികളുടെ വിവാഹധനസഹായം, പ്രസവ ധനസഹായം, ചികിത്സാസഹായം, അവശതാപെൻഷൻ, സ്വയംവിരമിക്കൽ പെൻഷൻ, മരണാനന്തര ധനസഹായം, അപകടമരണാനന്തര ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങളാണ് ബോർഡ് നൽകി വരുന്നത്. ഈ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ബോർഡ് തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. ക്ഷേമപെൻഷൻ സ്റ്റേജ് ക്യാരേജിന് 1200 രൂപയിൽ നിന്ന് 5000 ആയും ഗുഡ്‌സ് വെഹിക്കിൾ 3500, ടാക്‌സി ക്യാബ് 2500,ഓട്ടോറിക്ഷ 2000 എന്നിങ്ങനെയാണ് പെൻഷൻ വർദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |