പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ പരിപാടിയുമായി ബന്ധപ്പെട്ട് സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ അപമാനിച്ചുവെന്ന ആരോപണവുമായി നടൻ ബിനീഷ് ബാസ്‌റ്റിൻ രംഗത്തെത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അനിൽ രാധാകൃഷ്‌ണ മേനോനോട് ചലച്ചിത്ര സംഘടനയായ ഫെഫ്‌കയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ സിനിമയിൽ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാൽ മതിയെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.
എന്നാൽ ഇപ്പോഴിതാ അനിൽ രാധാകൃഷ്‌ണ മേനോനെ പുകഴ്‌ത്തുന്ന ബിനീഷിന്റെ മറ്റൊരു വീഡിയോ വൈറലാവുകയാണ്. തനിക്കേറ്റവും ഇഷ്‌ടപ്പെട്ട സംവിധായകരിൽ ഒരാളാണ് അനിൽ സാറെന്നും, എവിടെ വച്ച് കണ്ടാലും അദ്ദേഹം സംസാരിക്കാറുണ്ടെന്നും ബിനീഷ് പറയുന്ന വീഡിയോ ആണിത്. കുറച്ചു നാളുകൾക്ക് മുമ്പുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
'അനിലേട്ടനെ കുറിച്ച് ഇരുത്തികൊണ്ട് പുകഴ്‌ത്തി പറയുകയാണെന്ന് വിചാരിക്കരുത്. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട സംവിധായകരിൽ ഒരാളാണ് അനിൽ സാർ. കാരണം ഞാൻ ഒരുപാട് ഡയറക്‌ടർമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. വലിയ വലിയ നടന്മാരുടെ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ എന്നെ കാണുമ്പോൾ ഡയറക്‌ടർമാരൊന്നും സംസാരിക്കാറില്ല. ഞാൻ സാറിന്റെ പടത്തിൽ ചെറിയൊരു വേഷമേ ചെയ്‌തിട്ടുള്ളൂ. പക്ഷേ എവിടെ വച്ച് കണ്ടാലും അനിൽ സാർ സംസാരിക്കും. അവിടെ മമ്മൂക്കയുണ്ടെങ്കിലും, ലാലേട്ടനുണ്ടെങ്കിലും, ലാലേട്ടനോടൊക്കെ സംസാരിക്കുന്ന പോലെതന്നെ എന്നോട് സാറ് സംസാരിക്കും'-ബിനീഷ് പറയുന്നു . വീഡിയോയുടെ അവസാനം അനിൽ രാധകൃഷ്‌ണമേനോനെയും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |