കോട്ടയം: 'വിഗതകുമാരൻ' എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പ്രതിമ സ്ഥാപിക്കാൻ ഇടംതേടി മകൻ ഹാരീസ് ഡാനിയേലും കുടുംബവും വർഷങ്ങളായി അലയുകയാണ്. സർക്കാരുകൾക്ക് നിവേദനം നൽകി മടുത്തു. ഒടുവിൽ ഹാരീസ് തന്നെ ചെയർമാനായ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പീഠമടക്കം ഒമ്പതടി പൊക്കമുള്ള കോൺക്രീറ്റ് പ്രതിമ തീർത്തു.
ജെ.സി. ഡാനിയേൽ ജീവിതം സമർപ്പിച്ച് സാക്ഷാത്കരിച്ച 'വിഗതകുമാരൻ' സിനിമയുടെ ഫിലിം റോൾ സൂര്യപ്രകാശത്തിൽ നോക്കുന്നതാണ് പ്രതിമ. 40 വയസുള്ളപ്പോഴത്തെ രൂപമാണ്. ആർട്ടിസ്റ്റ് ഷാജി വാസനാണ് ശില്പി. സ്ഥാപിക്കാൻ സ്ഥലം കിട്ടാത്തതിനാൽ പൊതിഞ്ഞുവച്ചിരിക്കുകയാണ്.
വിഗതകുമാരന്റെ ഫിലിം റോൾ കത്തിച്ചത് ഇളയമകനായ ഹാരീസ് ആയിരുന്നു. കുഞ്ഞുന്നാളിലെ അറിവില്ലായ്‌മ. അതിന്റെ സങ്കടവും പശ്ചാത്താപവും ഇന്നും തീരാതെയാണ് പിതാവിന്റെ പ്രതിമ സ്ഥാപിക്കാനായി അദ്ദഹം അലയുന്നത്. എൽ.ഐ.സി ഓഫീസറായി വിരമിച്ച 84കാരനാണ് ഹാരീസ് ഡാനിയേൽ. 10 വർഷമായി ട്രസ്റ്റ് സെക്രട്ടറി അനസിനൊപ്പം ശ്രമം തുടങ്ങിയിട്ട്.
ഇന്നലെ ഒരു വാഹനത്തിൽ കോട്ടയം സുവർണ ഓഡിറ്റോറിയത്തിൽ കൊണ്ടുവന്ന പ്രതിമ സ്ഥാപിക്കാൻ ഒരാഴ്ചക്കുള്ളിൽ ആരും സ്ഥലം നൽകുന്നില്ലെങ്കിൽ ഈരാറ്റുപേട്ടയിൽ താൻ സ്ഥലം കണ്ടെത്തി നൽകുമെന്ന് പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. വാഹനത്തിൽതന്നെ അദ്ദേഹം പ്രതിമ അനാച്ഛാദനം ചെയ്തു. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പ്രതിമയുമായി കോട്ടയത്തെ പ്രധാന കേന്ദ്രങ്ങളിലൂടെ റോഡ് ഷോയും നടത്തി.
കനിയേണ്ടത് സർക്കാർ
ജെ.സി. ഡാനിയേലിന്റെ പിതാവ് ജ്ഞാനാഭരണത്തിന്റെ ജന്മദേശം ചങ്ങനാശേരിയാണ്. അമ്മവീടാണ് തമിഴ്നാട്ടിൽ. തമിഴ്നാട്ടിൽ അഗസ്തീശ്വരത്ത് ജോലി ചെയ്യുമ്പോഴാണ് ഡാനിയേൽ ജനിച്ചത്. പ്രതിമ കോട്ടയത്ത് സ്ഥാപിക്കണമെന്ന് താത്പര്യമുണ്ട്. പുതുപ്പള്ളിക്കു സമീപമുള്ള കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം പല സ്ഥലങ്ങളും പരിഗണനയിലുണ്ട്. സർക്കാരാണ് കനിയേണ്ടത്.
'വിഗതകുമാരൻ' സിനിയുടെ നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമായ ജെ.സി. ഡാനിയേൽ 1975ലാണ് മരിച്ചത്. 92ൽ സംസ്ഥാന സർക്കാർ മലയാളസിനിമയുടെ പിതാവായി അംഗീകരിച്ച് ജെ.സി. ഡാനിയേൽ പുരസ്കാരം ഏർപ്പെടുത്തിയത് പല എതിർപ്പുകൾ മറികടന്നായിരുന്നു.
ഫിലിം റോൾ കത്തിച്ചതിനെ പറ്റി
'ആറ് വയസിന്റെ അറിവില്ലായ്‌മയിൽ ചെയ്ത അബദ്ധമാണ്. അന്നതിന്റെ വില അറിയില്ലായിരുന്നു. കുറേ ഫിലിം കൂട്ടുകാർക്ക് കളിക്കാൻ മുറിച്ചു കൊടുത്തു. ബാക്കി കത്തിച്ചു. പിതാവ് അന്ന് എതിർത്തില്ലായിരുന്നു. ഇന്നാ നെഗറ്റീവ് ഉണ്ടായിരുന്നെങ്കിൽ ചരിത്ര സ്‌മാരകമായേനേ.
--ഹാരിസ് ഡാനിയേൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |