കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകൾ വേഗത്തിൽ വിചാരണ നടത്തി കുറ്റവാളികൾക്കു ശിക്ഷ നൽകുന്നതിനായി സംസ്ഥാനത്ത് പുതുതായി 57അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം ഇന്നത്തെ സാഹചര്യത്തിൽ ഏറെ സ്വാഗതാർഹമാണ്. ബാലപീഡന കേസുകൾ മറ്റ് അനേകായിരം കേസുകളുടെ കൂട്ടത്തിൽ കുരുങ്ങി ഇരകൾക്ക് നീതി നിഷേധിക്കുന്ന അനുഭവത്തിന് മാറ്റം വരാൻ ഈ തീരുമാനം സഹായിക്കുമെന്നു പ്രതീക്ഷിക്കാം. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഒരു ശ്രദ്ധക്ഷണിക്കൽ നോട്ടീസിന്റെ പരിഗണനാവേളയിലാണ് പുതിയ പോക്സോ കോടതികൾ തുറക്കുന്നതിനെക്കുറിച്ച് പരാമർശിച്ചത്. 57 അതിവേഗ കോടതികൾ തുടങ്ങാനാവശ്യമായ ഫണ്ട് കാലതാമസം കൂടാതെ അനുവദിക്കാനും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. പിഞ്ചുകുട്ടികൾ പോലും പീഡനത്തിനിരയാകുന്ന കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അവയ്ക്കായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ നിലവിൽ വരേണ്ടത് അത്യാവശ്യമായിട്ടുണ്ട്. 2012-ൽ ഡൽഹിയിലെ നിർഭയ കേസിനെത്തുടർന്നാണ് പോക്സോ നിയമം നിലവിൽ വന്നത്. ഇത്തരം കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും കേരളം ഉൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്.
വാളയാറിൽ ദളിത് സഹോദരിമാരായ രണ്ട് പിഞ്ചുകുട്ടികൾ പീഡനത്തിനിരയായി പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിലെ എല്ലാ പ്രതികളും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരായ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. എല്ലാ ജില്ലകളിലും പോക്സോ കോടതികൾ നിലവിൽ വരേണ്ടതുണ്ടെന്ന് കേരള ഹൈക്കോടതിയും ഇക്കഴിഞ്ഞ ജനുവരിയിൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രത്യേക കോടതികളുടെ ഘടനയും സ്റ്റാഫ് പാറ്റേണും സംബന്ധിച്ച വിശദാംശങ്ങളും സർക്കാരിനു കൈമാറിയിരുന്നു. പതിവുപോലെ തുടർ നടപടികൾ എടുക്കുന്നതിൽ കാലതാമസം ഉണ്ടായി. അതിനിടയിലാണ് വാളയാർ കേസ് ഉഗ്ര ബോംബായി സർക്കാരിനു മേൽ പതിച്ചത്. ഇതിനു ശേഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്കിരയായ നീച സംഭവങ്ങളുണ്ടായി. പോക്സോ കേസുകളുടെ നിരീക്ഷണത്തിനും നടത്തിപ്പിനുമായി ചീഫ് സെക്രട്ടറി തലവനായി പ്രത്യേക സമിതി രൂപീകരിക്കാൻ ഇതിനിടെ സർക്കാർ നടപടി എടുത്തിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, സാമൂഹിക നീതി, നിയമം, പട്ടികജാതി - പട്ടികവർഗ വകുപ്പുകളുടെ സെക്രട്ടറിമാർ ഈ സമിതിയിൽ ഉണ്ടാകും. രണ്ടുമാസത്തിലൊരിക്കൽ സമിതി പോക്സോ കേസുകൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതോടൊപ്പം കുട്ടികളുടെ സുരക്ഷ പരമാവധി ഉറപ്പാക്കാനുള്ള നിരവധി നടപടികളും സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും കൗൺസലിംഗിനുള്ള ഏർപ്പാടുകളുണ്ടാകും. വീടുകളിലുൾപ്പെടെ നേരിടേണ്ടിവരുന്ന പീഡനങ്ങൾ തുറന്നു പറയാൻ കുട്ടികൾക്ക് കൗൺസലിംഗ് വേദിയിൽ അവസരം ലഭിക്കും. ഇപ്പോൾത്തന്നെ സ്കൂളുകളിലെ കൗൺസലിംഗിലാണ് കുട്ടികൾ മനസ് തുറക്കുന്നത്. അനവധി പീഡന കേസുകളുടെ തുടക്കവും ഇത്തരം കൗൺസലിംഗ് വഴിയാണ്.
പോക്സോ കേസുകൾക്ക് മാത്രമായി കോടതികളില്ലാത്തത് വലിയൊരു ന്യൂനതയായി ശേഷിക്കുകയാണ്. പീഡനത്തിനിരകളാകുന്ന കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും പറഞ്ഞറിയിക്കാനാകാത്ത ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്. കേസന്വേഷണവും തെളിവെടുപ്പും വിചാരണയുമൊക്കെയായി വർഷങ്ങൾ തന്നെ വേണം കേസിൽ തീർപ്പുണ്ടാകാൻ. ഇത്തരം കേസുകളിലെ പ്രതികൾ മിക്കപ്പോഴും ബന്ധുക്കളോ അടുത്ത പരിചയക്കാരോ സ്വന്തം വീട്ടിൽത്തന്നെ ഉള്ളവരോ ആകുമെന്നതിനാൽ കേസിലുണ്ടാകുന്ന കാലതാമസം കുടുംബ ബന്ധങ്ങളെപ്പോലും ശിഥിലമാക്കിയെന്നുവരും. കേസ് വൈകുന്തോറും തെളിവുകൾ തന്നെ ഇല്ലാതാകും. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ഇര തന്നെ മൊഴി മാറ്റുന്ന അനുഭവങ്ങളും സാധാരണമാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി എണ്ണായിരത്തോളം പോക്സോ കേസുകളാണ് വിചാരണ കാത്തുകിടക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിചാരണ പൂർത്തിയായ കേസുകൾ രണ്ടായിരം പോലുമില്ല. ഇവയിൽ ശിക്ഷിക്കപ്പെട്ട കേസുകളാകട്ടെ ഇരുനൂറ്റി അൻപതിൽ താഴെ മാത്രവും. പോക്സോ കേസിൽ ശിക്ഷാ നിരക്ക് ഇപ്പോൾ 24 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുകയുണ്ടായി. രണ്ടുവർഷം മുൻപ് ഇത് 19 ശതമാനമായിരുന്നുവത്രേ. ശിക്ഷാ നിരക്കിലെ അഞ്ചുശതമാനം വർദ്ധനയിൽ അഭിമാനം കൊള്ളാൻ ഒട്ടും വകതരുന്നതല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. ലൈംഗികാതിക്രമത്തിനിരയായ ബാല്യങ്ങളോട് നീതി കാണിക്കാൻ നമുക്കു അശേഷം കഴിഞ്ഞിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്നതാണ് വിചാരണ പൂർത്തിയായ കേസുകളിൽ 76 ശതമാനത്തിലും പ്രതികൾ കുറ്റവിമുക്തരായി തല ഉയർത്തിപ്പിടിച്ച് കോടതികളിൽ നിന്ന് ഇറങ്ങിപ്പോയെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം. തെളിവുകൾ അട്ടിമറിക്കപ്പെടുന്നതു കൊണ്ടാണ് ഭൂരിഭാഗം പോക്സോ കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത്. കേസ് നടത്തിപ്പിലെ കാലതാമസവും ഇതിന് കാരണമാകാറുണ്ട്. പ്രത്യേക കോടതികൾ വരുന്നതോടെ പോക്സോ കേസുകളിൽ വേഗം തീർപ്പുണ്ടാകാനുള്ള സാഹചര്യം തെളിയേണ്ടതാണ്. പീഡനവീരന്മാർ കൈയോടെ ശിക്ഷിക്കപ്പെടുമെന്നു വന്നാലേ നിയമം ഫലപ്രദമായി നടപ്പായി എന്നു പറയാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |