വയനാട്: യുവതിയെ അപമാനിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം നടൻ വിനായകനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. യുവതിയെ അപമാനിച്ചതായി വിനായകൻ മൊഴി നൽകിയതായി കുറ്റപത്രത്തിലുണ്ട്.. അതേസമയം വിനായകൻ കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.. എന്നാൽ വിനായകനെതിരായ പരാതിയിൽ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് വ്യക്തമാക്കി യുവതി രംഗത്തെത്തി. ഒരു സ്വകാര്യചാനലിനോടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. പരാതിയില്‍ ഉറച്ചുനിന്നതുകൊണ്ടുമാത്രം നിരവധിത്തവണ സമൂഹമധ്യത്തിൽ അപമാനിക്കപ്പെട്ടുവെന്നും കേസിൽ നിയമപരമായിതന്നെ മുന്നോട്ട്പോകുമെന്നും യുവതി പറഞ്ഞു.
ദളിത് പെൺകുട്ടികള്‍ക്കായി സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാനായി വിളിച്ചപ്പോൾ നടൻ വിനായകൻ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കുംവിധം തന്നോട് സംസാരിച്ചെന്നായിരുന്നു യുവതി പൊലീസിൽ നൽകിയ പരാതി. സമൂഹമാധ്യമങ്ങളിലും പരാതിയെപ്പറ്റി കുറിപ്പെഴുതിയിരുന്നു. എന്നാല്‍ ഇതോടെ ഒരുവിഭാഗം പേർ തനിക്കെതിരെ തിരിഞ്ഞെന്നും സമൂഹത്തിൽ ഒറ്റപ്പെടുത്തി അപമാനിച്ചെന്നും യുവതി പറയുന്നു.
കൽപറ്റ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ കൽപ്പറ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽവൈകാതെ വിചാരണയാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |