ഇന്ന് ദേശീയ നിയമ സാക്ഷരത ദിനം. നിയമസേവന അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്നതിന്റെ അനുസ്മരണമായിട്ടാണ് ദേശീയതലത്തിൽ ഈ ദിനം ആചരിക്കുന്നത്. 1987-ൽ നിയമ സേവന അതോറിറ്റി നിയമം പാർലമെന്റ് പാസാക്കിയെങ്കിലും, 1994-ൽ ചില സുപ്രധാന ഭേദഗതികൾ വരുത്തിയ ശേഷമാണ് 1995-ൽ നവംബർ ഒൻപതിന് കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്. ഭരണഘടനയുടെ 39 എ അനുഛേദത്തിൽ ലക്ഷ്യമിട്ടിരിക്കുന്ന നിർദ്ദേശക തത്വങ്ങളെ സാക്ഷാത്കരിക്കുകയെന്ന മഹത്തായ ഉദ്ദേശത്തോടെയാണ് നിയമം രാജ്യത്ത് നടപ്പിലാക്കിയത്. എല്ലാവർക്കും തുല്യനീതിയും നിയമ പരിരക്ഷയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്.
പാവപ്പെട്ടവനും അവശത അനുഭവിക്കുന്നവനും സൗജന്യ നിയമസഹായം കിട്ടുകയെന്നത് നമ്മുടെ ഭരണഘടനയിലെ 21-ാം അനുഛേദം വിഭാവനം ചെയ്യുന്നു. ഈ അവകാശം ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശത്തിൽ ഉൾക്കൊള്ളുന്നതാണെന്ന് സുപ്രീംകോടതി 1980-ൽ പ്രഖ്യാപിക്കുകയുണ്ടായി. 1958-ൽ നിയമകമ്മിഷൻ അതിന്റെ 14-ാമത്തെ റിപ്പോർട്ടിൽ പാവപ്പെട്ടവർക്ക് കോടതി ചെലവുകളും വക്കീൽഫീസും മറ്റും കൊടുത്ത് സഹായിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയും, അങ്ങനെ ചെയ്തില്ലെങ്കിൽ അത് നീതി കിട്ടുന്നതിനുള്ള തുല്യാവകാശത്തിന്റെ നിഷേധം ആയിരിക്കുമെന്നും പ്രസ്താവിച്ചിരുന്നു.
ഒരു വ്യക്തി നിയമസാക്ഷരത നേടുന്നതോടെ അയാൾ ചൂഷണങ്ങൾക്കെതിരെ നിലയുറപ്പിക്കാൻ പ്രാപ്തനാകുന്നുവെന്നതാണ് മഹത്തായ നേട്ടം.
സൗജന്യ നിയമ സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളെപ്പറ്റി നിയമസേവന അതോറിട്ടി നിയമത്തിന്റെ 12-ാം വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ,
ഭരണഘടനയുടെ 23-ാം അനുഛേദത്തിൽ പ്രതിപാദിക്കുന്ന മനുഷ്യക്കച്ചവടത്തിനും, നിർബന്ധിച്ച് പണിചെയ്യിക്കലിനും ഇരകളായവർ, സ്ത്രീകൾ, കുട്ടികൾ, ശാരീരികമായോ, മാനസികമായോ അവശതകൾ അനുഭവിക്കുന്നവർ, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾ മൂലമോ ജാതിമത വർഗീയ ലഹളകൾ മൂലമോ ദുരിതങ്ങൾക്ക് ഇരയായവർ, വ്യാവസായിക തൊഴിലാളികൾ, വിചാരണതടവുകാർ, വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയാത്തവർ, എന്നിവർക്കൊക്കെ സൗജന്യ നിയമസഹായം ലഭിക്കുന്നതിന് അർഹതയുണ്ട് എന്ന് നിയമം വ്യക്തമാക്കുന്നു.
എന്നാൽ സുപ്രീം കോടതിയിലെ കേസുകളെ സംബന്ധിച്ചാണെങ്കിൽ, വാർഷിക വരുമാന പരിധി അഞ്ചുലക്ഷം രൂപയാണ്.
സൗജന്യനിയമ സഹായം, വാദിയായി കേസ് നടത്തുന്നയാളിനും, പ്രതിയായി വിചാരണ നേരിടുന്ന ആളിനും ലഭിക്കാൻ അർഹതയുണ്ട്. വരുമാനം സംബന്ധിച്ച സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും വാങ്ങി ഹാജരാക്കേണ്ട ആവശ്യമില്ലെങ്കിലും വരുമാനം സംബന്ധിച്ച് ഒരു സത്യവാങ്മൂലം ഹാജരാക്കേണ്ടതാണ്.
ദേശീയതലത്തിൽ നിയമ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് ദേശീയ നിയമസേവന അതോറിറ്റിയും സംസ്ഥാനതലത്തിൽ നിയമ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാന നിയമസേവന അതോറിട്ടികളും, ജില്ലാതലത്തിൽ ജില്ലാ നിയമസേവന അതോറിട്ടികളും താലൂക്ക് തലങ്ങളിൽ താലൂക്ക് നിയമ സേവന കമ്മിറ്റികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
ജനങ്ങളെ അവരുടെ നിയമപരമായ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാക്കുകയെന്ന മഹത്തായ പദ്ധതി ദേശീയ നിയമസേവന അതോറിറ്റിയാണ് ആദ്യമായി ആവിഷ്കരിച്ചത്. 'പാരാമെഡിക്കൽസ് "എന്ന വിഭാഗം നമ്മുടെ ആതുരശുശ്രൂഷാ രംഗത്ത് ചെയ്യുന്ന സേവനങ്ങളുടെ മാതൃകയിൽ നിയമ സാക്ഷരത പ്രവർത്തനങ്ങൾക്കായി 'പാരാ ലീഗൽസ് "എന്ന ഒരു സന്നദ്ധ വിഭാഗത്തെയും ജില്ലാ നിയമസേവന അതോറിട്ടികളുടെ മേൽനോട്ടത്തിൽ പരിശീലനം നൽകി സജ്ജമാക്കി വരികയാണ്. ഇത്തരം പരിശീലനം സിദ്ധിച്ച 'പാരാ ലീഗൽ"സിനെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ 'ജനമൈത്രി അഭിഭാഷകരായി "വിന്യസിക്കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കേരളത്തിലെ നിയമസേവനങ്ങൾ സർക്കാർ തലത്തിൽ കൈകാര്യം ചെയ്യുന്നത് ജില്ലാ നിയമസേവന അതോറിറ്റികളും, താലൂക്ക് കമ്മിറ്റികളുമാണ്. പ്രാദേശികമായി സന്നദ്ധ സംഘടനകളുടെ സേവനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്രിയാത്മകമായ സഹകരണവും ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നു. വിവിധ തലങ്ങളിലെ നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയെന്ന ഉദ്ദേശലക്ഷ്യത്തോടെ നിയമസേവന അതോറിട്ടികളും, കമ്മിറ്റികളും സംസ്ഥാനത്ത് 'ലോക് അദാലത്തു"കൾ നടത്തിവരുന്നു. വിവിധ കോടതികളിൽ വിചാരണയിലിരിക്കുന്ന കേസുകളോ ഒരു കോടതിയിലും കേസായി ഫയൽ ചെയ്തിട്ടില്ലാത്ത തർക്കങ്ങളോ 'ലോക് അദാല"ത്തിൽ പരിഗണിച്ച് രമ്യമായ പരിഹാരങ്ങൾ ചർച്ചകളിലൂടെയും അനുരഞ്ജനങ്ങളിലൂടെയും മറ്റും എത്തിച്ചേരാൻ ശ്രമിക്കുന്ന ഒരു നടപടിക്രമമാണ് 'ലോക് അദാല'ത്തുകളിൽ സ്വീകരിക്കുന്നത്.
'ലോക് അദാല"ത്തിലെ തീരുമാനം 'അവാർഡ് " എന്നാണ് അറിയപ്പെടുന്നത്. ഇത്തരം അവാർഡിന് നീതിന്യായ കോടതിയിൽ നിന്നും പുറപ്പെടുവിക്കുന്ന വിധിന്യായത്തിന് തുല്യമായ നിയമസാധുതയാണുള്ളത്. എന്നാൽ ലോക് അദാലത്തിലെ അവർഡിന് സാധാരണ വിധിന്യായത്തിൽ ഇല്ലാത്ത മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കീഴ്ക്കോടതിയിൽ നിന്നും പുറപ്പെടുവിക്കുന്ന വിധിന്യായങ്ങൾക്കെതിരെ അപ്പീലോ റിവിഷനോ ഫയൽ ചെയ്ത് വീണ്ടും വീണ്ടും നിയമയുദ്ധം നീട്ടിക്കൊണ്ടു പോകുന്ന ദുഃസ്ഥിതി നിലനില്ക്കുന്നു എങ്കിൽ, ലോക് അദാലത്തിലെ അവാർഡ് എന്നു പറയുന്നത് അതിലെ കക്ഷികൾ തമ്മിലുള്ള തർക്കങ്ങളുടെ അവസാനതീർപ്പാണ് എന്നും അതിനെതിരെ അപ്പീലോ
റിവിഷനോ നൽകി തർക്കങ്ങൾ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല എന്നതും ഒരു വലിയ സവിശേഷതയാണ്. ഒരു നാട്ടിൽ ധാരാളം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വളരെ ലാഭകരമായ നിലയിൽ നടക്കുന്നുവെങ്കിൽ അതിനർത്ഥം ആ നാട്ടിലെ ജനങ്ങളെല്ലാം ആരോഗ്യസമ്പന്നരായി എന്നല്ല. മറിച്ച് ജനങ്ങളുടെ ആരോഗ്യത്തിന് കാര്യമായ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്.
ഒരു നാട്ടിൽ സമാധാന അന്തരീക്ഷം നിലനിറുത്താൻ കഴിയുന്നില്ലെങ്കിൽ ആ നാടിന് പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിൽ അർത്ഥമില്ല. ആരു ആരാലും ചൂഷണം ചെയ്യപ്പെടാതെ വഞ്ചനകൾക്കും ചതിവുകൾക്കും ഇരകളാകാതെ സമാധാനത്തിലും സൗഹൃദത്തിലും കഴിയുന്ന ഒരു പൊതുസമൂഹമാണ് നിയമസാക്ഷരതയെന്ന കർമ്മപരിപാടിയിലൂടെ നമ്മൾ സ്വപ്നം കാണുന്നത്. അത്തരം ഒരു സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കേണ്ട സുദിനമാണിന്ന്.
(ലേഖകൻ കൊല്ലം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് ആണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |