വാൾട്ട് ഡിസ്‌നിയിലൂടെ ലോകമെമ്പാടുമുള്ള കുട്ടികളുടെ മനംകവർന്ന കഥയാണ് 'ബ്യൂട്ടി ആൻഡ് ദ ബീസ്‌റ്റ് '. ഫ്രഞ്ച് നാടോടി കഥയായ ഇത് സിനിമയും ആനിമേഷനുമൊക്കെയായി നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. ഈ കഥയിലെ കഥാപാത്രങ്ങൾ എന്നപോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇതിലെ മാന്ത്രിക ശക്തിയുള്ള മനോഹരമായ ഒരു റോസാപ്പൂവ്. വാടാതെ വർഷങ്ങളോളം നിലനിന്ന ആ പൂവ് കഥകളിൽ മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി. അങ്ങനെയുള്ള അതിമനോഹരമായ റോസാപ്പൂക്കൾ ലോകത്തുണ്ട്.
'ഫോറെവർ റോസ് ലണ്ടൻ' എന്ന ബ്രിട്ടീഷ് ലക്ഷ്വറി ഫ്ലവർ കമ്പനി ബ്യൂട്ടി ആൻഡ് ദ ബീസ്‌റ്റിലേതു പോലുള്ള മാന്ത്രിക റോസാപ്പൂക്കൾ വിപണിയിലെത്തിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽകാലം വാടാതെ നിലനിൽക്കുന്ന പൂക്കളാണിവയെന്നാണ് നിർമാതാക്കൾ പറയുന്നത്.
സാധാരണ ആഡംബര അലങ്കാര പുഷ്‌പങ്ങളുടെ ആയുസ് ഒന്നോ രണ്ടോ ആഴ്‌ചകളാണ്. എന്നാൽ, ഫോറെവർ റോസ് അങ്ങനെയല്ല. ഒരു ബെൽ ഗ്ലാസിനുള്ളിലാണ് ഈ റോസാപ്പൂക്കൾ ഉള്ളത്. ബെൽഗ്ലാസ് തുറക്കാതെ തന്നെ പൂവ് സൂക്ഷിക്കുകയാണെങ്കിൽ 20 വർഷത്തോളം അതുപോലെ നിലനിൽക്കും. സൂര്യപ്രകാശത്തിന്റെയോ വെള്ളത്തിന്റെയോ ആവശ്യമേയില്ല. ഇനി ബെൽഗ്ലാസ് നീക്കം ചെയ്‌താലോ? ഇപ്പോൾ വിടർന്ന പോലെ മൂന്ന് വർഷം വരെ വാടാതെ നിൽക്കും.
എന്നാൽ, ഫോറെവർ റോസുകളുടെ ദീർഘായുസിന്റെ രഹസ്യം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ഗ്ലിസറിനും എസൻഷ്യൽ ഓയിലുകളും അടങ്ങിയ ഒരു മിശ്രിതമാകാം ഈ മാന്ത്രിക പൂക്കളുടെ പിന്നിലെന്ന് ചിലർ പറയുന്നു. സാധാരണ വിപണിയിൽ ലഭ്യമായ റോസാപ്പൂക്കളിൽ നിന്നും പത്തിരട്ടി കട്ടി കൂടിയതും അഞ്ചിരട്ടി വലിപ്പമുള്ളതുമായ ഇതളുകളാണ് ഫോറെവർ റോസുകൾക്ക്.
പല ഇനത്തിലും 30ലേറെ നിറത്തിലും ഇവ ലഭ്യമാണ്. 200 മുതൽ 4,000 ഡോളർ വരെയാണ് (ഏകദേശം 14,000 മുതൽ 2,90,000 രൂപാ വരെ ) ഇവയുടെ വില. ബ്രിട്ടനിലെ രാജകുടുംബാംഗങ്ങൾക്ക് വേണ്ടി ആഡംബര പൂക്കൾ വിൽക്കാനാണ് ഫോറെവർ റോസ് കമ്പനി ആരംഭിച്ചത്. ഇപ്പോൾ മിഡിൽ ഈസ്‌റ്റിലും ഈ കമ്പനിക്ക് പ്രചാരമേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |