തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് തടയാൻ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ക്രെെംബ്രാഞ്ച്. എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയാണ് ശുപാർശകൾ നൽകിയത്. മൊബൈൽ ജാമറുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിർബന്ധമാക്കാനും ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാൻ കഴിയാത്തവിധം സീറ്റിംഗ് മാറ്റണമെന്നും ക്രെെംബ്രാഞ്ച് നിർദ്ദേശിക്കുന്നു. ഇൻവിജിലേറ്റർമാർക്ക് യോഗ്യത നിശ്ചയിക്കണം, വാച്ച് ഉൾപ്പെടെ പാടില്ല തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.
മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ കടത്താതിരിക്കാൻ ശാരീരിക പരിശോധന നടത്തണം. പരീക്ഷാ ഹാളിൽ വാച്ച് നിരോധിക്കണം, സമയമറിയൻ പരീക്ഷാ ഹാളിൽ ക്ലോക്കുകൾ സ്ഥാപിക്കണം, ആൾമാറാട്ടവും കോപ്പിയടിയും തടയാൻ സി.സി.ടി.വി സ്ഥാപിക്കണം,പരീക്ഷ പേപ്പറുകൾ മടക്കി കൊടുമ്പോൾ ഉദ്യോഗസ്ഥർ സി.സി.ടി.വി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് മടക്കി നൽകണം, പരീക്ഷകൾ ഓൺലൈൻ ആക്കാൻ നടപടി വേണം, ഉയർന്ന തസ്തികളിൽ എഴുത്ത് പരീക്ഷ കൂടി ആവശ്യമാണ്. ആൾമാറാട്ടം കയ്യക്ഷരത്തിലൂടെ കണ്ടെത്താൻ ഇത് സഹായകരമാകും, ഓൺലൈൻ പരീക്ഷ നടത്തുമ്പോൾ പോർട്ടബിൽ വൈ- ഫൈ ആവശ്യമാണ് തുടങ്ങിയവയാണ് ക്രൈംബ്രാഞ്ചിന്റെ ശുപാർശകൾ.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്നുപേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരജ്ഞിത്തും നസീമും പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |