ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്ന വാക്ക് കേട്ടാൽ ആദ്യം ഓർമ്മവരുന്ന പേര് ടി.എൻ.ശേഷന്റേതാണ്. ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ശേഷന് ശേഷവും മുമ്പും എന്ന് ഒരു പ്രയോഗം പോലുമുണ്ട്.രാഷ്ട്രീയക്കാരെ നിയമത്തിന്റെ വിലയെന്തെന്ന് പഠിപ്പിച്ച ശേഷൻ തിരഞ്ഞെടുപ്പിനെ അടിമുടി ശുദ്ധീകരിച്ച അതികായനായിരുന്നു.ശേഷൻ രാജ്യത്തെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായത് 1990 -96 കാലഘട്ടത്തിലാണ്. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തിൽ പോലും തന്റെ സിംഹപ്രതാപത്തിന് കോട്ടം തട്ടാതെ നിലനിറുത്താൻ അദ്ദേഹത്തിനായി.അന്ന് ശേഷനെപ്പറ്റി ചിലർ തമാശയ്ക്ക് പറഞ്ഞത് ഇങ്ങനെയായിരുന്നു-' തിരഞ്ഞെടുപ്പ് അടുത്താൽ പാർട്ടിക്കാർക്ക് രണ്ടു പേരെ മാത്രമേ ഭയമുള്ളൂ. ഒന്ന്, ദൈവത്തെ. രണ്ട് ടി.എൻ ശേഷനെ. ചിലപ്പോൾ അവർ ദൈവത്തേക്കാളധികം ശേഷനെ ഭയപ്പെട്ടിരുന്നു'
അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതാപം അക്കാലത്ത്.വോട്ടർമാർക്ക് ചിത്രമടങ്ങിയ തിരിച്ചറിൽ കാർഡ് നൽകിയത് ശേഷന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ഇതോടെ രാജ്യത്ത് കള്ളവോട്ടുകൾ വ്യാപകമായി കുറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മിഷന് എന്തൊക്കെ അധികാരമുണ്ടെന്ന് എല്ലാവരേയും അദ്ദേഹം ബോദ്ധ്യപ്പെടുത്തി. ചെലവിന്റെ കണക്ക് കൃത്യമായി സമർപ്പിച്ചേ മതിയാവൂ എന്ന് നിർബന്ധം പിടിച്ചതും ശേഷൻ തന്നെയാണ്. നിയമം അനുസരിക്കാത്തവർക്കെതിരെ അദ്ദേഹം നടപടിയെടുത്തു. ഇന്ന് കാണുന്ന തുടർച്ചകളെല്ലാം അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ്.ആ സമയത്ത് പത്രികകളിൽ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ചതിന് 14,000 സ്ഥാനാർത്ഥികളെ ശേഷൻ അയോഗ്യരാക്കി. പഞ്ചാബ്, ബിഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ശേഷനെ ഇംപീച്ച് ചെയ്യാനും നീക്കമുണ്ടായിരുന്നു.സ്വതന്ത്രാധികാരം ഉറപ്പാക്കാൻ അദ്ദേഹം പലപ്പോഴും സുപ്രീംകോടതിയെയും സമീപിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിലേക്ക് നിയമിക്കപ്പെടുന്നതിനു മുമ്പ് ശേഷൻ ഉന്നത പദവിയായ 'കാബിനറ്റ് സെക്രട്ടറി' റാങ്കിലായിരുന്നു.അദ്ദേഹം ഏത് വകുപ്പിൽ ജോലിചെയ്താലും ആ വകുപ്പുമന്ത്രിയുടെ പ്രതിച്ഛായ താമസിയാതെ മെച്ചപ്പെട്ടിരുന്നു.
ചെന്നൈ ആൽവാർപേട്ടയിൽ അഭിരാമപുരം സെന്റ് മേരീസ് റോഡിലെ പെട്രോൾബങ്കിന് അഭിമുഖമായി കേരളീയ മാതൃകയിൽ പണിത 112/169ാം നമ്പർ ‘നാരായണീയം’ വസതിയിലായിരുന്നു ശേഷൻ താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |