മുംബയ് : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി എൻ.സി.പി- ശിവസേന-കോൺഗ്രസ് ചർച്ച. സർക്കാർ രൂപവത്കരിക്കാൻ പൊതുമിനിമം പരിപാടിക്ക് മൂന്നുപാർട്ടികളിലെയും മുതിർന്ന നേതാക്കൾ ചേർന്ന് കരട് തയ്യാറാക്കി. 48 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കിയത്. ഇനി പൊതുമിനിമം പരിപാടിയുടെ കരട് രൂപം അംഗീകാരത്തിനായി ഇനി മൂന്ന് പാർട്ടികളുടെയും അദ്ധ്യക്ഷൻമാർക്ക് മുന്നിൽ സമർപ്പിക്കും. മൂന്ന് അദ്ധ്യക്ഷൻമാരും ഇത് അംഗീകരിച്ചാൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഗവർണറെ സമീപിക്കാനാണ് തീരുമാനം.
കർഷക ലോൺ എഴുതിത്തള്ളൽ, വിള ഇൻഷുറൻസ് പദ്ധതി, താങ്ങുവില ഉയർത്തൽ, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പൊതുമിനിമം പാരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന
ശിവസേനാ അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ കോൺഗ്രസ്, എൻ.സി.പി. നേതാക്കളുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
നിയമസഭ മരവിപ്പിച്ചു നിറുത്തിയിരിക്കുന്നതിനാൽ സർക്കാർ രൂപവത്കരിക്കാൻ അംഗബലം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നവരെ ഗവർണർക്ക് അതിനായി ക്ഷണിക്കാം. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച ബി.ജെ.പി.യും ശിവസേനയും മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി വഴിപിരിഞ്ഞതോടെ സർക്കാർ രൂപവത്കരണം പ്രതിസന്ധിയിലാവുകയും രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയുമായിരുന്നു.
പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിനോടൊപ്പം മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തിവരികയാണ്. മുഖ്യമന്ത്രിസ്ഥാനം എൻ.സി.പി.യും ശിവസേനയും രണ്ടരവർഷംവീതം പങ്കിടുന്ന കാര്യത്തിലും സ്പീക്കർ സ്ഥാനം കോൺഗ്രസിന് നല്‍കുന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |